സൂര്യതേജസ്സുകൾ

Saturday 8 September 2018 7:00 pm IST
കേരളത്തിലെ മൂന്ന് നവോത്ഥാന നായകരുടെ ജന്മദിനങ്ങള്‍ ആഗസ്റ്റിലായിരുന്നു. മലയാളിയെ മനുഷ്യനാക്കാന്‍ യത്‌നിച്ച ആ മഹത്തുക്കളെപ്പറ്റി അറിയാം. കേരള നവോത്ഥാന പാഠഭാഗങ്ങള്‍ക്കുള്ള സഹായികൂടിയാണ് ഈ ലേഖനം.

ശ്രീനാരായണഗുരു

കേരള നവോത്ഥാനത്തിന്റെ നായകന്‍, യോഗിവര്യന്‍. 1856 ആഗസ്റ്റ് 20നു തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി വയല്‍വാരം വീട്ടില്‍ ജനിച്ചു. വിദ്യാഭാസത്തിനു ശേഷം കുടിപ്പള്ളിക്കൂടം ആരംഭിച്ചു. വൈകാതെ സന്യാസിയായി. മരുത്വാമലയില്‍ ഏകാന്ത തപസില്‍ മുഴുകി. ജനങ്ങള്‍ നാരായണഗുരു എന്നു വിളിച്ചു തുടങ്ങി. 

1888ല്‍ അരുവിപ്പുറത്തു ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് സാമുഹ്യവിപ്ലവത്തിനു തുടക്കം കുറിച്ചു. 1903 മേയ് 15നു ഡോ. പല്‍പ്പുവിന്റെ സഹായത്തോടെ ശ്രീനാരായണധര്‍മ്മ പരിപാലനയോഗം (എസ്.എന്‍.ഡി.പി.) രൂപീകരിച്ചു. ഗുരു അദ്ധ്യക്ഷനും സെക്രട്ടറി മഹാകവി കുമാരനാശാനുമായിരുന്നു. 1908ല്‍ തലശേരി ജഗന്നാഥ ക്ഷേത്ര പ്രതിഷഠാകര്‍മ്മം നടത്തി. 43 ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠാ കര്‍മ്മം നടത്തിയിട്ടുണ്ട്. എല്ലാ ക്ഷേത്രങ്ങള്‍ക്കുമൊപ്പം വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്നും ഗുരു ആഹ്വാനം ചെയ്തു. 1909ല്‍ ശിവഗിരിയില്‍ ശാരദാമഠത്തിനു തറക്കല്ലിടുകയും പിന്നീട് ശിവഗിരിക്കുന്ന് പ്രവര്‍ത്തന കേന്ദ്രമായി തെരഞ്ഞെടുക്കുകയും ചെയ്തു. 1913ല്‍ ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചു. 1915ല്‍ അദ്വൈതാശ്രമത്തില്‍ ചേര്‍ന്ന യോഗത്തിലാണ് 'ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശം നല്‍കിയത്. 

ശിവഗിരി ആശ്രമത്തില്‍ വച്ച് 1922ല്‍ മഹാകവി രവീന്ദ്രനാഥടാഗോറും 1925ല്‍ ഗാന്ധിജിയും ഗുരുദേവനെ സന്ദര്‍ശിച്ചു. 40 വര്‍ഷക്കാലം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മൂഴുകിയ ഗുരു സ്വകാര്യ ജീവിതമില്ലാതെ ഹൈന്ദവപുനഃരുദ്ധാരണത്തിനായി സ്വയം സമര്‍പ്പിച്ചു. അങ്ങനെ ആധുനിക കേരളത്തിനു അടിത്തറപാകി. 1928 സപ്തംബര്‍ 20ന് ശിവഗിരിയില്‍ വച്ച് സമാധിയടഞ്ഞു. ആത്‌മോപദേശ ശതകം, ദൈവദശകം, അദ്വൈത ദീപിക, ശിവശതകം തുടങ്ങിയവ കൃതികള്‍.

ശ്രീ വിദ്യാധിരാജ പരമ ഭട്ടാരക ചട്ടമ്പിസ്വാമികള്‍ 

കേരളീയ നവോത്ഥാനത്തിനു തിരികൊളുത്തിയ ആത്മീയാചാര്യന്‍. 1853 ആഗസ്റ്റ് 25നു തിരുവനന്തപുരം കൊല്ലൂര്‍ ഗ്രാമത്തില്‍ ജനനം. ശരിപ്പേര് അയ്യപ്പന്‍. കൂഞ്ഞന്‍പിള്ള എന്നു ഓമനപ്പേര്. ആശാന്റെ ഗുരുകുലത്തില്‍ സഹപാഠികളെ നിയന്ത്രിച്ചിരുന്ന മോണിട്ടര്‍ (ചട്ടമ്പി) ആയിരുന്നതിനാല്‍ പിന്നീടും ചട്ടമ്പി എന്നറിയപ്പെട്ടു. സന്യാസം സ്വീകരിച്ചപ്പോഴും ആ പേരു പിന്തുടര്‍ന്നു. 

അമ്മയുടെ മരണശേഷം നാടുവിട്ടകുഞ്ഞന്‍ പിള്ള ദക്ഷിണേന്ത്യ മുഴുവന്‍ സഞ്ചരിച്ചു. പല ഋഷിമാരെയും കണ്ടുമുട്ടി. പിന്നീട് 'ഷണ്മുഖ ദാസന്‍' എന്ന പേരില്‍ സന്യാസം സ്വീകരിച്ചു. നായര്‍ സമുദായത്തില്‍ നവോത്ഥാനത്തിന്റെ അലകള്‍ ഉയര്‍ത്തി. വിജ്ഞാനത്തിന്റെ ഒരു ഖനി തന്നെയാകയാല്‍ 'വിദ്യാധിരാജന്‍' എന്നു വിളിക്കപ്പെട്ടു. 

തൂലികയെ സാമൂഹിക പരിവര്‍ത്തനത്തിനുള്ള ഉപാധിയായി ഉപയോഗിച്ചു. ഹൈന്ദവ ദര്‍ശനത്തില്‍ അടിയുറച്ചു നിന്നു കൊണ്ട് ആത്മീയ ജീവിതം നയിച്ച സ്വാമികള്‍ സന്യാസവൃത്തിയിലൂടെ ജനങ്ങളുമായി അടുത്തു പ്രവര്‍ത്തിച്ചു. പ്രാചീന കേരളത്തില്‍ നിലനിന്നിരുന്ന ജാതിരഹിതമായ ആദിസമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന പുസ്തകമാണു 'പ്രാചീനമലയാളം'. മനുഷ്യസമുദായത്തിന്റെ ആദിഭാഷ തമിഴാണെന്ന വാദമാണ് 'ആദിഭാഷ'യുടെ ഉള്ളടക്കം. വേദാധികാര നിരൂപണം, അദ്വൈതചിന്താപദ്ധതി, വേദാന്തസാരം തുടങ്ങിയവ കൃതികള്‍. 1924 മെയ് അഞ്ചിന് കൊല്ലം ജില്ലയിലെ പന്മനയില്‍ സ്വാമികള്‍ സമാധിയടഞ്ഞു. സമാധി സ്ഥാനത്തു ശിഷ്യന്മാര്‍ പണികഴിപ്പിച്ച ബാല ഭട്ടാരക ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

അയ്യങ്കാളി

അധഃസ്ഥിത ജനതയുടെ വിമോചകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്. 1863 ആഗസ്റ്റ് 28ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാന്നൂരിലെ പെരുങ്കാറ്റുവിളയില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനാവാത്ത അവസ്ഥയായിരുന്നു. പൊതുവഴികള്‍ അധഃസ്ഥിതര്‍ക്കു നിഷേധിക്കപ്പെട്ട കാലത്ത് നെഞ്ചൂക്കോടെ വഴി നടക്കല്‍ സമരങ്ങള്‍ നടത്തി. 1907ല്‍ കര്‍ഷക തൊഴിലാളികളുടെ സംഘടനയായ 'സാധുജന പരിപാലനസംഘം' സ്ഥാപിച്ചു. കേരളത്തിലെ ആദ്യത്തെ കര്‍ഷകതൊഴിലാളി സമരത്തിന്റെ അമരക്കാരനായിരുന്നു. പിന്നോക്കവിഭാഗത്തിലെ കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിനും, സ്ത്രീകളുടെ മാറുമറയ്ക്കല്‍ അവകാശങ്ങള്‍ക്കുമുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് വിജയം നേടി. 1912ല്‍ ശ്രീമൂലം പ്രജാസഭയില്‍ അംഗമായി. 1915ല്‍ കല്ലുമാല ബഹിഷ്‌കരണസമരം നടത്തിക്കൊണ്ട് അതും വിജയത്തിലെത്തിച്ചു. 1936ലെ തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരത്തിനു പിന്നിലും അയ്യങ്കാളിയുടെ പ്രക്ഷോഭ ജീവിതം കാണാന്‍ കഴിയും. 1937ല്‍ കേരളത്തിലെത്തിയ ഗാന്ധിജി വെങ്ങാന്നൂരിലെത്തി അയ്യന്‍ കാളിയെ സന്ദര്‍ശിച്ചു. 'പുലയ രാജാവ്' എന്നാണ് മഹാത്മജി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. നിരവധി അവകാശ സമരങ്ങള്‍ക്കായി നിരന്തര പ്രക്ഷോഭം നയിച്ച ആ പോരാളി 1941 ജൂണ്‍ 18ന് അന്തരിച്ചു.

ഗുരുവും ടാഗോറും

1922ല്‍ ശിവഗിരിയില്‍ വച്ച് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ചു. ദീനബന്ധു സി.എഫ്. ആന്‍ഡ്രൂസും അപ്പോള്‍ ടാഗോറിനോടൊപ്പമുണ്ടായിരുന്നു. മഹാകവി കുമാരനാശാനാണ് ദ്വിഭാഷിയായി പ്രവര്‍ത്തിച്ചത്.

കൂടിക്കാഴ്ചയെപ്പറ്റി ടാഗോര്‍ പറഞ്ഞതിങ്ങനെ: ''ഞാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സഞ്ചരിച്ചുവരികയാണ്. ഇതിനിടയ്ക്ക് പല സിദ്ധന്മാരെയും മഹര്‍ഷിമാരെയും കണ്ടിട്ടുണ്ട്. എന്നാല്‍ നാരായണ ഗുരുവിനേക്കാള്‍ മികച്ചവനോ അദ്ദേഹത്തിന് തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല.''

ഗുരുവുമായുള്ള കണ്ടുമുട്ടലിനെപ്പറ്റി സി.എഫ്. ആന്‍ഡ്രൂസ് പ്രതികരിച്ചതിങ്ങനെ: ''ഞാന്‍ ദൈവത്തെ മനുഷ്യരൂപത്തില്‍ കണ്ടു.''

ഗരുഡനും കൊതുകും

1892ല്‍ എറണാകുളത്തുവച്ചാണ് സ്വാമി വിവേകാനന്ദനും ചട്ടമ്പിസ്വാമികളും കൂടിക്കണ്ടത്. സംഭാഷണത്തിനിടെ വിവേകാനന്ദന്റെ ആവശ്യപ്രകാരം ചിന്മുദ്രയുടെ പൊരുള്‍ ചട്ടമ്പിസ്വാമികള്‍ അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു. കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ ചട്ടമ്പിസ്വാമികളുടെ ഡയറിയില്‍ തന്റെ വിലാസം എഴുതവെ സ്വാമി വിവേകാനന്ദന്‍ ഇത്രകൂടി കൂട്ടിച്ചേര്‍ത്തു: ''മലബാറില്‍ ഞാന്‍ ഒരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടുമുട്ടിയിരിക്കുന്നു.'' ചട്ടമ്പിസ്വാമികള്‍ സ്വാമി വിവേകാനന്ദനും താനും തമ്മിലുള്ള താരതമ്യം നടത്തിയതിങ്ങനെ: ''അദ്ദേഹം പക്ഷിരാജനായ ഗരുഡന്‍. ഞാനോ വെറുമൊരു കൊതുക്.''

വില്ലുവണ്ടി സമരത്തിന് 125

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പകരം കുഞ്ഞുന്നാളില്‍ തന്നെ അയ്യങ്കാളി പഠിച്ചത് ചെറുത്തുനില്‍പിന്റെ പാഠങ്ങളാണ്. പൊതുസ്ഥലങ്ങളില്‍ അവര്‍ണക്ക് പ്രവേശനമില്ലായിരുന്നു. കൂലി ചോദിക്കരുത്; തരുന്നത് വാങ്ങണം. വഴിനടക്കാനുള്ള സ്വാതന്ത്ര്യവുമില്ല. സഞ്ചാര സ്വാതന്ത്ര്യത്തിനായി അയ്യങ്കാളി 1893ല്‍ പൊതുവഴിയിലൂടെ വില്ലുവണ്ടിയില്‍ സഞ്ചരിച്ചുകൊണ്ട് പ്രതിഷേധസമരം നടത്തി. ലോകത്ത് ആദ്യമായാണ് ഒരു പ്രക്ഷോഭനായകന്‍ തന്റെ സമരായുധമായി ഒരു വാഹനത്തെ തെരഞ്ഞെടുത്തത്. വില്ലുവണ്ടി സമരം നടന്നിട്ട് ഈ വര്‍ഷം 125 വര്‍ഷം തികയുന്നു.

 

ഇന്ത്യയുടെ 

മഹാനായ 

പുത്രന്‍

തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് 1980ല്‍ അയ്യങ്കാളിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. 'ഇന്ത്യയുടെ മഹാനായ പുത്രന്‍' എന്നാണ് ആ വേളയില്‍ പ്രധാനമന്ത്രി അയ്യങ്കാളിയെ വിശേഷിപ്പിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.