ജലന്ധര്‍ ബിഷപ്പിനെതിരെ സത്യവാങ്മൂലത്തില്‍ പോലീസ് നിരത്തുന്ന തെളിവുകള്‍ ഇങ്ങനെ

Sunday 9 September 2018 2:34 am IST

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കങ്ങള്‍ തുടരുമ്പോള്‍, ഒരു മാസം മുമ്പ് ഹൈക്കോടതിയില്‍  പോലീസ് നല്‍കിയ സത്യവാങ്മൂലം ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ നിരത്തുന്നു. 

സത്യവാങ്മൂലത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി: കെ. സുഭാഷ് നിരത്തുന്ന തെളിവുകള്‍ ഇങ്ങനെ-

- 2018 ജൂണ്‍ 29: സന്ദര്‍ശക ഡയറി പ്രകാരം ബിഷപ് ഫ്രാങ്കോ കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് ഹോം സന്ദര്‍ശിച്ചിട്ടുണ്ട്. പരാതിയില്‍ പറയുന്ന 2014 മെയ് അഞ്ചിനും 2016 സെപ്തംബര്‍ 23 നും ഇടയില്‍ ഗസ്റ്റ് ഹൗസില്‍ താമസിച്ചു. മുറി നമ്പര്‍ 20 ഉപയോഗിച്ചു. കോട്ടയത്തുനിന്നുള്ള സയന്റിഫിക് അസിസ്റ്റന്റ് പരിശോധിച്ചുറപ്പാക്കി. 

- 164 മൊഴി: സിആര്‍പിസി 164 പ്രകാരമുള്ള മൊഴിയില്‍ നിന്ന് പരാതിക്കാരി ബിഷപ്പിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് മനസിലാകുന്നു.

- ലുക്കൗട്ട്: ജൂലൈ 10ന്, ബിഷപ് ഇന്ത്യ വിട്ടു പോകാതിരിക്കാന്‍ കോട്ടയം പോലീസ് സൂപ്രണ്ട് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. 

പാലാ ബിഷപ്പിനെ ജൂലൈ 14ന് ചോദ്യം ചെയ്ത്, പരാതിക്കാരി ബിഷപ്പിനോട് പരാതിപ്പെട്ടിരുന്നുവെന്ന് ഉറപ്പാക്കി. പരാതിയില്‍ പരാമര്‍ശിക്കുന്നവരില്‍ തലയാഴത്തുള്ള സിസ്റ്ററേയും കടുത്തുരുത്തിയിലുള്ള, മറ്റൊരു സിസ്റ്ററുടെ അമ്മയേയും കണ്ട് വിശദീകരണമെടുത്തു. ഈ സിസ്റ്റര്‍മാര്‍ ജലന്ധര്‍ അതിരൂപതയുടെ കീഴിലുള്ള മിഷണറി ഓഫ് ജീസസിലുള്ളവരാണ്. 

- ഇടുക്കിയിലെ പൊന്‍മുടി, അടിമാലിയിലെ കൂമ്പന്‍പാറയില്‍ പോയി, കോണ്‍വന്റ് ഉപേക്ഷിച്ചുപോയ സിസ്റ്ററെ കാണാന്‍ ശ്രമിച്ചു. അതിനു കഴിഞ്ഞില്ല. ജൂലൈ 16ന് ഈ സിസ്റ്ററിന്റെ അമ്മയുടെ മൊഴിയെടുത്തു.

- ചേര്‍ത്തല പള്ളിപ്പുറത്ത് മിഷണറീസ് ഒാഫ് ജീസസിലെ ഒരു സിസ്റ്ററുടെ അച്ഛന്റെ മൊഴി ജൂലൈ 17ന് എടുത്തു. സിസ്റ്റര്‍ അച്ഛന് എഴുതിയ കത്തില്‍ 'ഞാന്‍ അപകടത്തിലാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ബിഷപ് ഫ്രാങ്കോ ആണെന്നും' പറയുന്നുവെന്ന് ഉറപ്പാക്കി

- ജൂലൈ 18 ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ ചോദ്യം ചെയ്തു.

- 19ന് പരാതിക്കാരിയില്‍നിന്ന്, മാര്‍ ആലഞ്ചേരിക്ക് ബിഷപ്പിനെക്കുറിച്ച് ഫോണില്‍ പരാതിപ്പെട്ടത് സംബന്ധിച്ച് മൊഴിയെടുത്തു.

- ജൂലൈ 30 ന് എറണാകുളം അതിരൂപതയിലെ ഫാ. ആന്റണി വട്ടപ്പറമ്പിലിനെ ചോദ്യം ചെയ്തു.

- ജൂലൈ 31 ന്, ബിഷപ് ഫ്രാങ്കോ കുറവിലങ്ങാട് മിഷന്‍ ഹോമിലേക്ക് പോയ വാഹനത്തിന്റെ രേഖകള്‍ കണ്ടുകെട്ടി. 

- ആഗസ്റ്റ് മൂന്നിന് അന്വേഷണത്തിനായി ദല്‍ഹിയില്‍ പോയി, കേസിലെ മുഖ്യ സാക്ഷിയുടെയും ഭര്‍ത്താവിന്റെയും മൊഴി എടുത്തു. അവിടുന്ന് മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ പോയി, അവിടെ ഉജ്ജയിന്‍ അതിരൂപതാ ബിഷപ് സെബാസ്റ്റിയന്‍ വടക്കേലിനെ ചോദ്യം ചെയ്ത് മൊഴിയെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.