പ്രളയത്തില്‍ പെട്ട് പമ്പ; ദേവസ്വം ബോര്‍ഡിലെ ആര്‍ഭാടത്തിന് കുറവില്ല

Sunday 9 September 2018 2:35 am IST

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍പ്പെട്ട് കരകയറാനായി പമ്പ പാടു പെടുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ആര്‍ഭാടത്തിന് കുറവില്ല. പുതിയ വാഹനങ്ങള്‍ വാങ്ങി മോടിപിടിപ്പിക്കാന്‍ ചിലവഴിച്ചത് ലക്ഷങ്ങള്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനും അടുത്തമാസം കാലാവധി തീരുന്ന മെമ്പര്‍ രാഘവനും വേണ്ടി രണ്ട് ഇന്നോവ കാറുകള്‍ വാങ്ങി.

പ്രളയത്തിന് മുമ്പാണ് അരലക്ഷം രൂപ ചിലവഴിച്ച് കാറുകള്‍ വാങ്ങിയത്. പഴകിയെന്നു പറഞ്ഞ് രണ്ട് കാറുകള്‍ വിറ്റശേഷം  വാഹനങ്ങളുടെ കുറവ് ഉണ്ടെന്ന് കാണിച്ച് ഹൈക്കോടതിയില്‍ നിന്നും അനുമതി തേടിയാണ് വാഹനങ്ങള്‍ വാങ്ങിയത്.  പ്രളയദുരന്തത്തിന് ശേഷമാണ് വാഹനങ്ങള്‍ മോടി പിടിപ്പിക്കാന്‍ ബോര്‍ഡ് അനുമതി നല്‍കിയത്. 

കാറുകളില്‍ അത്യാധുനിക രീതിയില്‍  ഇന്റീരിയര്‍ ഡെക്കേറേഷന്‍ ചെയ്യാനും സ്റ്റീരിയോ ഉല്‍പ്പെടെയുള്ളവ ഫിറ്റ് ചെയ്യാനുമായി ചെലവഴിച്ചത് ഒന്നര ലക്ഷത്തോളം രൂപ. തകര്‍ന്നടിഞ്ഞ പമ്പയെ കരകയറ്റാന്‍ കോടികള്‍ വേണ്ടിവരും. ഇതിലേയ്ക്കായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഒരുമാസത്തെ ശമ്പളം പിടിക്കാനും ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇതിനിടയിലാണ് ഭക്തര്‍ കാണിക്കവഞ്ചിയില്‍ അര്‍പ്പിക്കുന്ന പണം വിനിയോഗിച്ച് കാറുകള്‍ മോടി പിടിപ്പിച്ചത്. 

 ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാര്‍ ആറന്മുളയില്‍ വച്ച് പ്രളയത്തില്‍ പെട്ട് വെള്ളം കയറി വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു.  വാഹനം അറ്റകുറ്റ പണികള്‍ക്കായി വര്‍ക്ക് ഷോപ്പിലാണ്. തകരാറുകള്‍ പരിഹരിച്ച് ദേവസ്വം കമ്മീഷണര്‍ക്ക് നല്‍കാനാണ് നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.