മദ്യനയം പുതുക്കി

Thursday 21 July 2011 10:42 pm IST

തിരുവനന്തപുരം: പുതിയ മദ്യനയത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കി. കൈവശം വെയ്ക്കാവുന്ന മദ്യത്തിന്റെ അളവിന്റെ പരിധി കുറയ്ക്കാനും 2014 ന്‌ ശേഷം ബാര്‍ ലൈസന്‍സ്‌ അനുവദിക്കുന്നത്‌ നിയന്ത്രിക്കാനും മദ്യനയത്തില്‍ നിര്‍ദേശമുണ്ട്‌. ഇതുപ്രകാരം കൈവശം വെക്കാവുന്ന മദ്യത്തിന്റെ അളവ്‌ ഇനിമുതല്‍ ഒന്നര ലിറ്റര്‍ ആയിരിക്കും.
നിലവില്‍ ഇത്‌ മൂന്ന്‌ ലിറ്റര്‍ ആണ്‌. മദ്യം വാങ്ങുകയോ കൈവശം വെക്കുകയോ ചെയ്യുന്നവരുടെ പ്രായപരിധി 18 ല്‍ നിന്ന്‌ 21 ആക്കി ഉയര്‍ത്തിയിട്ടുണ്ട്‌. ബാര്‍ തുറക്കുന്ന സമയം രാവിലെ ഒമ്പത്‌ മണിയാക്കി പരിഷ്കരിക്കാനും കള്ള്‌ ഷാപ്പുകളുടെ നടത്തിപ്പില്‍ നിന്ന്‌ സഹകരണസംഘങ്ങളേയും സൊസൈറ്റികളേയും ഒഴിവാക്കാനും നയത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
കൈവശം വയ്ക്കാവുന്ന വിദേശമദ്യം ഒന്നര ലിറ്ററാക്കി മാറ്റി. മദ്യം വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള പ്രായപരിധി 18ല്‍ നിന്നും 21 ആക്കി. ദുഃഖവെള്ളിയാഴ്ച ഡ്രൈ ഡേ ആയിരിക്കും. ബാറുകള്‍ തമ്മിലുള്ള അകലം പഞ്ചായത്തുകളില്‍ മൂന്ന്‌ കിലോ മീറ്റര്‍ ആക്കും. മുനിസിപ്പാലിറ്റി-നഗരസഭകളില്‍ ബാറുകള്‍ തമ്മിലുള്ള അകലം ഒരു കിലോമീറ്ററാക്കും.ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം കുറയ്ക്കും. ഷാപ്പ്‌ നടത്തിപ്പ്‌ ഗ്രൂപ്പ്‌ അടിസ്ഥാനത്തില്‍ ആയിരിക്കും.
പകരം ഷാപ്പുകളുടെ നടത്തിപ്പ്‌ ഗ്രൂപ്പ്‌ അടിസ്ഥാനത്തില്‍ നല്‍കും. ഇതിന്‌ ചുരുങ്ങിയത്‌ 50 തെങ്ങും അഞ്ച്‌ തൊഴിലാളികളും വേണം. 2014 ന്‌ ശേഷം പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ക്ക്‌ മാത്രമേ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുകയുള്ളൂ. ബാറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച സമയക്രമം കര്‍ശനമായി പാലിക്കണമെന്നും മദ്യ ഉപഭോഗം കുറച്ചുകൊണ്ട്‌ വരികയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മദ്യനയത്തില്‍ പറയുന്നു.
ബാറുകള്‍ തമ്മിലുള്ള അകലം സംബന്ധിച്ചും പുതിയ നിര്‍ദേശമുണ്ട്‌. പഞ്ചായത്തുകളില്‍ മൂന്ന്‌ കിലോമീറ്ററും നഗരങ്ങളില്‍ ഒരു കിലോമീറ്ററും ആക്കി പുനഃക്രമീകരിച്ചിട്ടുണ്ട്‌. നിലവില്‍ 200 മീറ്ററാണ്‌ നഗരത്തിലെ ദൂരപരിധി. ബാറുകളും മദ്യഷാപ്പുകളും അടയ്ക്കേണ്ട സമയം സംബന്ധിച്ചും നിര്‍ദേശത്തിലുണ്ട്‌.
സ്വന്തം ലേഖകന്‍


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.