പ്രളയ ദുരന്തത്തിനിടെ സംസ്ഥാനത്തിന്റെ നടുവൊടിക്കാന്‍ ഇടതു-വലത് ഹര്‍ത്താല്‍

Sunday 9 September 2018 2:52 am IST

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനം വട്ടം കറങ്ങുമ്പോള്‍ ഇടി വെട്ടേറ്റവനെ പാമ്പുകടിച്ചെന്ന കണക്കെ  ഇടതു വലതു പക്ഷങ്ങള്‍ കൈകോര്‍ത്ത് നാളെ  ഹര്‍ത്താല്‍ നടത്തുന്നു. പ്രളയ ദുരന്തത്തില്‍ നിന്ന് സംസ്ഥാനം കരകയറാന്‍ ശ്രമിക്കുന്നതിനിടെ   നടത്തുന്ന ഹാര്‍ത്താലിനെതിരെ പരക്കെ പ്രതിഷേധം ഉയരുന്നു. ഇന്നത്തെ  അവസ്ഥയില്‍ ഹര്‍ത്താല്‍ നടത്തരുതെന്ന് ഇടതുപക്ഷ സഹ യാത്രികനും നവകേരളം കോ-ഓര്‍ഡിനേറ്ററുമായ ചെറിയാന്‍ ഫലിപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഹര്‍ത്താല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല എന്നാണ് ഇരുകൂട്ടരും വ്യക്തമാക്കിയിരിക്കുന്നത്.  ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള അടിയന്തര ധനസഹായം ഇനിയും നല്‍കാനുണ്ട്. ദുരിതാശ്വാസത്തിന്റെ കണക്കെടുപ്പും നടന്നു വരുന്നു. ലോക ബാങ്ക് ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ നാളെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നു. ഈ സമയത്ത് സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ അതാത് പ്രദേശങ്ങളില്‍ ഉണ്ടാകണം.  ഹര്‍ത്താലെന്ന് കേട്ടാല്‍ ജീവനക്കാരില്‍ അധികവും ഓഫീസുകളില്‍ എത്താറില്ല. ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ എല്ലം മുടങ്ങും. സര്‍ക്കാര്‍ ജീവനക്കാരുടെ ഈ ഒരുദിവസത്തെ മുടക്കം ദുരിതാശ്വാസ ഫയലുകള്‍ ഇഴഞ്ഞ് നീങ്ങുന്നിതിന് ഇടയാക്കും. 

 ഇന്ധന വിലവര്‍ധനവിനാണ് ഹര്‍ത്താലെങ്കില്‍ ആദ്യം ഹര്‍ത്താല്‍ നടത്തേണ്ടത് സംസ്ഥാനത്തെ റോഡുകളിലെ കുണ്ടും കുഴിയും അടയ്ക്കുന്നതിനു വേണ്ടിയാകണം.  സംസ്ഥാനത്ത്  നിരത്തുകളിലോടുന്ന വാഹനങ്ങള്‍ക്ക് ഇന്ധനക്ഷമത കുറയാന്‍ കാരണം റോഡുകളുടെ ശോച്യാവസ്ഥയാണെന്ന് വാഹന നിര്‍മ്മാണ കമ്പനികളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. കുഴികളില്‍ ഇറങ്ങിക്കയറി ഞെങ്ങി ഞെരങ്ങി വാഹനങ്ങള്‍ ഓടിക്കേണ്ടി വരുന്നതിനാല്‍ ഇന്ധനം കൂടുതല്‍ വേണ്ടിവരും. നല്ല നിരത്തുകളില്‍ നിന്ന് ലഭിക്കുന്ന ഇന്ധനക്ഷമത ഇതിനാല്‍ ലഭിക്കില്ല. പ്രളയത്തിനു മുമ്പേ ദേശീയ പാതകള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ഒട്ടുമിക്ക റോഡുകളും തകര്‍ന്നിട്ടുണ്ട്. എല്‍ഡിഎഫ് അധികാരത്തില്‍ കയറി രണ്ടര വര്‍ഷമായിട്ടും റോഡ് നവീകരണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല.  ഇത്തരത്തിലുളള്ള സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും ഇനി പ്രളയക്കെടുതിയുടെ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്യും. 

പ്രളയത്തില്‍ നിന്ന്  കരകയറാന്‍ ശ്രമിക്കുകയാണ് വ്യാപാര സമൂഹം. വെള്ളം കയറി കടകള്‍ നശിച്ചു. പ്രളയമില്ലാത്ത പ്രദേശങ്ങളില്‍ മഴയെ തുടര്‍ന്ന് ദിവസങ്ങളോളം  സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നു. ഓണവ്യാപാരം കൂപ്പ് കുത്തി മേഖലയാകെ തകര്‍ന്നു. ഇതില്‍ നിന്നും പച്ചപിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഹര്‍ത്താല്‍. കടകമ്പോളങ്ങള്‍ എല്ലാം അടച്ചിടേണ്ടി വരുന്നതിനാല്‍ വ്യാപാര മേഖലയെ ഹര്‍ത്താല്‍ കാര്യമായി ബാധിക്കും

 പ്രളയത്തെതുടര്‍ന്ന് വിദ്യാഭ്യാസമേഖല താറുമാറായി. ദിവസങ്ങളോളം അധ്യയനം മുടങ്ങി. ഓണപ്പരീക്ഷ പോലും നടത്തനായില്ല. ഒന്നാം പാദവര്‍ഷത്തെ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതേയുള്ളൂ. ഇനിയുള്ള എല്ലാ ശനിയാഴ്ചകളിലും ക്ലാസുകള്‍ വച്ചാല്‍ പോലും പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കാനായെന്നു വരില്ല.  ഹര്‍ത്താലിനെ തുടര്‍ന്ന് അധ്യയനം മുടങ്ങുന്നതോടെ വിദ്യാര്‍ത്ഥികളുടെ ഭാവിയും ഇടതുവലതുകാര്‍ ഇല്ലാതാക്കും. 

ഹര്‍ത്താല്‍ ഏറ്റവും അധികം ബാധിക്കുന്നത് നടുവൊടിഞ്ഞ് നില്‍ക്കുന്ന  കെഎസ്ആര്‍ടിസിയെ സര്‍വ്വീസുകള്‍ തടസ്സപ്പെട്ട് വരുമാനത്തില്‍ കോടിക്കണക്കിന് രൂപയുടെ കുറവ് ഉണ്ടാകും. ഇത്തരത്തില്‍ പുര കത്തുമ്പോള്‍ വാഴവെട്ടെന്ന കണക്കെ  ഇരു കൂട്ടരും കൈകോര്‍ത്ത് നടത്തുന്ന ഹര്‍ത്താലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.