450 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്ന് വാങ്ങി

Sunday 9 September 2018 2:53 am IST

ഇടുക്കി: പുറമെനിന്ന് 450 മെഗാവാട്ട് വൈദ്യുതി വാങ്ങി തല്‍ക്കാലം പ്രതിസന്ധി പരിഹരിച്ചതായി കെഎസ്ഇബി. സാധാരണ സമയങ്ങൡ 2,900 മെഗാവാട്ടും പീക്ക് സമയങ്ങളില്‍ 3,500 മെഗാവാട്ടിന് താഴെയുമാണ് സംസ്ഥാനത്തെ ഉപഭോഗം. ഇതില്‍ 1,580 മെഗാവാട്ടാണ് കേന്ദ്രവിഹിതം.  

പവര്‍ എക്‌സചേഞ്ച് വഴിയാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. 5.91 രൂപയാണ് ഇതിന്റെ പരമാവധി വില. ലേലത്തിലൂടെയാണ് ഇത്തരത്തില്‍ വൈദ്യുതി ഇതര സംസ്ഥാനങ്ങള്‍ വില്‍ക്കുന്നത്. നിലവില്‍ ലഭിച്ച വൈദ്യുതിയിലും കൂടുതല്‍ ഉപഭോഗം അടുത്ത ദിവസങ്ങളില്‍ വന്നിട്ടില്ല. ഇന്ന് ഞായാറാഴ്ചയും നാളെ ഹര്‍ത്താലും ആയധിനാല്‍ വൈദ്യുതി ഉപഭോഗം കുറയുമെന്നും വകുപ്പ് കണക്ക് കൂട്ടുന്നു. വെള്ളിയാഴ്ച 67.8509 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതില്‍ 32.0554 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള്‍ കേന്ദ്രപൂളില്‍ നിന്നടക്കം ലഭിച്ചത് 35.7956 ആയിരുന്നു. 

താല്‍ച്ചര്‍ താപവൈദ്യുത നിലയത്തില്‍ കല്‍ക്കരിക്ഷാമവും ജനറേറ്ററിന്റെ തകരാറും പരിഹരിക്കാനായിട്ടില്ല. ഒരു മാസത്തിലധികമായി വാര്‍ഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കൂടംകുളത്ത് നിന്നും വൈദ്യുതിയും ലഭിക്കുന്നില്ല. ഇതാണ് കേന്ദ്രവിഹിതം കുറയാന്‍ കാരണം. എല്ലാ വര്‍ഷവും നടക്കുന്ന ഈ പണി കേരളത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് മഴക്കാലത്താണ് നടത്തുക. ഈ വര്‍ഷം ഇത് ആഗസ്റ്റ് എട്ടിന് തുടങ്ങി. 15നകം പണി പൂര്‍ത്തിയാകും എന്നാണ് കരുതുന്നത്. ഇതുമൂലം 1180 മെഗാവാട്ട് വൈദ്യുതിയാണ് കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. ചെറുകിട പദ്ധതികളും അഞ്ച് വലിയ പദ്ധതികളും വെള്ളവും മണ്ണും കയറി തകരാറിലായതോടെ 270 മെഗാവാട്ടിന്റെ കുറവ് വന്നതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. 

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.