കന്യാസ്ത്രീയുടെ കുടുംബം ഹൈക്കോടതിയിലേക്ക്

Sunday 9 September 2018 2:53 am IST

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാരും പോലീസും സ്വീകരിച്ചിട്ടുള്ളതെന്ന് പീഡനത്തിന് വിധേയയായ കന്യാസ്ത്രീയുടെ സഹോദരന്‍. ബിഷപ്പിന്റെ ഉന്നതാധികാരവും പണത്തിന്റെ സ്വാധീനവുമാണ് ഫ്രാങ്കോ മുളയ്ക്കലിന് ഒത്താശ ചെയ്യുന്നതിന് പിന്നില്‍. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണിത്. ഇടയനോടൊപ്പം ഒരു രാത്രി എന്ന പരിപാടിയെക്കുറിച്ച് പോലീസിനും വ്യക്തമായ തെളിവ് ലഭിച്ചതാണ്.

തെളിവുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നുവെന്നും അദ്ദേഹം ചോദിച്ചു. ബിഷപ്പിന്റെ പിആര്‍ഒ പീറ്റര്‍ കാവുമ്പറം പല രാഷ്ട്രീയക്കാരെ കാണുകയും അവരെക്കൊണ്ട് പോലീസില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തതായും വിവരമുണ്ട്. തൃശൂര്‍ ജില്ല കേന്ദ്രീകരിച്ച് ഒരു സംഘം തന്നെ ബിഷപ്പിനുവേണ്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സഹോദരന്‍ ആരോപിച്ചു. 

 അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഇരയായ കന്യാസ്ത്രീയുടെ കുടുംബം നാളെ ഹൈക്കോടതിയെ സമീപിക്കും. ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുണ്ടായിട്ടും ബിഷപ്പിനെ സംരക്ഷിക്കുന്ന  സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയാണെന്നും സഹോദരന്‍ പറഞ്ഞു. എല്ലാ തെളിവുകളും ബിഷപ്പിന് എതിരാണ്. പത്തോളം കന്യാസ്ത്രീകള്‍ വരെ ഇയാള്‍ക്കെതിരെ മൊഴി കൊടുത്തിട്ടുണ്ട്. സഭയില്‍ നിന്ന് അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.