സാമൂഹ്യ മാധ്യമങ്ങളിൽ തകർത്തോടുന്നു; ശശിയുടെ ചാരിത്ര പ്രസംഗം

Sunday 9 September 2018 2:53 am IST

കൊച്ചി: ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ  പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഫോണില്‍ നിരന്തരം അശ്ലീലം പറയുകയും ചെയ്ത സിപിഎം നേതാവും എംഎല്‍എയുമായ പി.കെ. ശശിക്ക് സ്വന്തം വാക്ക് പൊള്ളുന്നു. പണ്ട് യുഡിഎഫ് ഭരണകാലത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് നിയമസഭയില്‍ ശശി  നടത്തിയ പ്രസംഗമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കുന്നത്. 

പ്രസംഗം ഇങ്ങനെ: 

'അഭിസാരികയുടെ ചാരിത്ര പ്രസംഗം  എന്നൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. കല്യാണം കഴിച്ചിട്ടില്ലാത്ത പെണ്‍കുട്ടി പത്തു പെറ്റ തള്ളയോട് പ്രസവവേദനയെക്കുറിച്ചു സംസാരിക്കുന്നതിനെപ്പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്. എന്തായാലും സ്ത്രീകളുടെ സുരക്ഷിതത്വത്തെക്കുറിച്ചും അവരെ ബഹുമാനിക്കേണ്ടതിനെപ്പറ്റിയും അഭിപ്രായം പറയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോഴെങ്കിലും തോന്നിയതില്‍ സന്തോഷം. 

ആരുടെയും പേരു പറയുന്നില്ല. കൊല്ലത്തു നിന്നു സേവാദള്‍ വൊളന്റിയറെ മഞ്ചേരിയില്‍ കൊണ്ടുവന്നു ദിവസങ്ങളോളം പാതിരാത്രി യോഗാസനം പഠിപ്പിച്ച മഹാനായ നേതാവിന്റെ പാര്‍ട്ടിയല്ലേ! അവര്‍ സ്ത്രീത്വത്തെപ്പറ്റി പറയുമ്പോള്‍ കേള്‍ക്കാന്‍ നല്ല സുഖമാണ്. സ്വന്തം പാര്‍ട്ടി ഓഫീസിലെ തൂപ്പുകാരിയായ സ്ത്രീയെ ഉപയോഗം കഴിഞ്ഞതിനു ശേഷം വെട്ടിനുറുക്കി കുളത്തിലിട്ടു കൊന്ന നേതാക്കന്മാരുടെ പാര്‍ട്ടിയല്ലേ. 

വള്ളംകളി ഉദ്ഘാടനത്തിനെത്തിയ സിനിമാനടിയുടെ ശരീരഭാഗങ്ങളിലാകെ കൈയടയാളം പതിപ്പിച്ച, മഹാന്‍മാരില്‍ മഹാന്‍മാരുടേതല്ലേ നിങ്ങളുടെ പാര്‍ട്ടി. അവരാണു സ്ത്രീത്വത്തെപ്പറ്റി പഠിപ്പിക്കാന്‍ നടക്കുന്നത്. 

ഒരു സാരോപദേശവും ഇങ്ങോട്ടു വേണ്ട. ശരിയും തെറ്റും ഞങ്ങള്‍ക്ക് അറിയാം'. 

ഇങ്ങനെ മുമ്പു പ്രസംഗിച്ച ശശിക്കെതിരെയാണ് സ്വന്തം പാര്‍ട്ടിയിലെ വനിതാ നേതാവ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിക്കു വരെ പീഡന പരാതിയയച്ച് നടപടിക്ക് കാത്തിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.