സഭയ്ക്കും സർക്കാരിനും എതിരെ കന്യാസ്ത്രീകളുടെ പരസ്യപോരാട്ടം

Sunday 9 September 2018 3:00 am IST
"നീതി തേടി... ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ എറണാകുളം ഹൈക്കോര്‍ട്ട് ജങ്ഷനില്‍ സമരത്തിനെത്തിയപ്പോള്‍"

കൊച്ചി: പതിമൂന്നു തവണ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റേയും കത്തോലിക്കാ സഭയുടേയും നടപടിക്കെതിരെ കന്യാസ്ത്രീകള്‍ പരസ്യമായി സമരത്തിനിറങ്ങി. ഫ്രാങ്കോയെ സംരക്ഷിക്കുന്നത് എന്തിനു വേണ്ടി? പോലീസ് നീതി പാലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എറണാകുളം ഹൈക്കോടതി  ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരം സര്‍ക്കാരിനേയും സഭയേയും ഞെട്ടിച്ചു. 

ക്രൈസ്തവ സഭാചരിത്രത്തില്‍ ആദ്യമായാണ്  കന്യാസ്ത്രീകള്‍ പരസ്യമായി പോരാട്ടത്തിന് ഇറങ്ങുന്നത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗിക പീഡനത്തിനിരയാക്കിയ കന്യാസ്ത്രീക്ക് നീതി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കോട്ടയം കുറവിലങ്ങാട് മഠത്തിലെ  അഞ്ച് കന്യാസ്ത്രീകള്‍ പൊതുനിരത്തില്‍ പ്രതിഷേധിച്ചത്.  ആരും പ്രതീക്ഷിക്കാത്ത നീക്കമാണ് പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.  ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന കൂട്ട ഉപവാസ സമരത്തിന് പിന്തുണയുമായാണ് കന്യാസ്ത്രീകളും അവരുടെ കുടുംബാംഗങ്ങളുമെത്തിയത്. 

ജലന്ധര്‍ ബിഷപ്പിന് എതിരെയുള്ള പരാതിയില്‍ സഭയുടെ ഭാഗത്തുനിന്ന് തങ്ങള്‍ക്ക് യാതൊരു നീതിയും ലഭിച്ചില്ലെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞു.  'ഞങ്ങളുടെ സിസ്റ്ററിന് നീതി വേണം. സിസ്റ്റര്‍ ഒരുപാട് സഹിച്ചു മുന്നോട്ടുവന്നിരിക്കുകയാണ്. ഞങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരോ സഭയോ പോലീസോ ഇല്ല. എവിടെയൊക്കെ സമരം ചെയ്യാമോ അവിടെയൊക്കെ നീതിക്കു വേണ്ടി സമരം ചെയ്യും. അതാണ് ആഗ്രഹം. ഞങ്ങള്‍ക്ക് നിലവില്‍ സഭയ്ക്കുള്ളില്‍ നിന്ന് ഭീഷണിയുണ്ട്. മുന്നോട്ടുള്ള ജീവിതം എങ്ങനെയാണെന്നും അറിയില്ല. സഭ ഞങ്ങളെ ഇപ്പോള്‍ തന്നെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. തിരുവസ്ത്രം ഉപേക്ഷിക്കാതെ സഭയ്ക്കുള്ളില്‍ നിന്നുതന്നെ പൊരുതാനാണ് തീരുമാനം. മരിക്കേണ്ടി വന്നാലും നീതി ലഭിക്കുന്നതുവരെ മുന്നോട്ടുപോകും'. കന്യാസ്ത്രീകള്‍ വ്യക്തമാക്കുന്നു. 

സഭ സാമ്പത്തികമായി വളരെ ശക്തമാണ്. ഒത്തുതീര്‍പ്പിന് വേണ്ടി പലരും പാതിരാത്രിയില്‍ പോലും സമീപിച്ചിരുന്നു. പീഡനത്തിന് ഇരയായ സിസ്റ്ററുടെ സഹോദരനേയും ഇതിനായി സമീപിച്ചു. നീതിയില്‍ കുറഞ്ഞ് ഒരു ഒത്തുതീര്‍പ്പിനും തയാറല്ല.  ഫ്രാങ്കോയുടെ അറസ്റ്റ് അനിവാര്യമാണ്. തെളിവുകള്‍ ഉണ്ടായിട്ടും 74 ദിവസം പിന്നിട്ടിട്ടും എന്തുകൊണ്ട് ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നില്ല എന്നും അവര്‍ ചോദിച്ചു. 

കര്‍ത്താവിന്റെ മണവാട്ടികളുടെ മാനത്തിനിട്ട വില പത്തേക്കര്‍, ഫ്രാങ്കോയെ സംരക്ഷിക്കുന്നത് എന്തിനുവേണ്ടി, പോലീസ് നീതി പാലിക്കുക, ഞങ്ങളുടെ ജീവന്‍ അപകടത്തില്‍, വീ നീഡ് ജസ്റ്റിസ് എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ ബോര്‍ഡുകളുമേന്തിയാണ് കന്യാസ്ത്രീകള്‍ ഉപവാസ സമരത്തിനെത്തിയത്. 

ഫെലിക്‌സ് ജെ. പുല്ലാടന്‍, പി.എ. പൗരന്‍, സി.ടി. തങ്കച്ചന്‍, എം.എന്‍.ഗിരി, ഷൈജു ആന്റണി, ഡോ.കൊച്ചുറാണി എബ്രഹാം, അഡ്വ. ഇന്ദുലേഖ തുടങ്ങിയവര്‍ പങ്കെടുത്തു. 

വിനീത വേണാട്ട്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.