ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ബലാത്സംഗത്തിന് ശക്തമായ തെളിവുകൾ

Sunday 9 September 2018 3:02 am IST

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന് അന്വേഷണ സംഘത്തിന് എല്ലാ തെളിവുകളും ലഭിച്ചെന്നു വ്യക്തമായി. ഹൈക്കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ കൃത്യമായ വിവരങ്ങളുണ്ട്. 'ജന്മഭൂമി'ക്ക് ലഭിച്ച സത്യവാങ്മൂലത്തിന്റെ പകര്‍പ്പില്‍ സംശയലേശമില്ലാത്ത തെളിവുകള്‍ വ്യക്തമാണ്. പക്ഷേ, അറസ്റ്റ് മാത്രം നടക്കുന്നില്ല.  

''അന്വേഷണത്തിന്റെ  വിവരംവെച്ച്, ബിഷപ്പ് ഫ്രാങ്കോ കുറ്റകൃത്യം ചെയ്തിട്ടുണ്ട്.  2016 സെപ്തംബര്‍ 23 നും 2018 മെയ് അഞ്ചിനും ഇടയില്‍, പലദിവസങ്ങളില്‍ ജലന്ധര്‍ ബിഷപ്പെന്ന അധികാരം വിനിയോഗിച്ച്, വിസമ്മതം വകവെയ്ക്കാതെ,  ആവര്‍ത്തിച്ച് സിസ്റ്ററിനെ, കുറവിലങ്ങാട് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ 20-ാം മുറിയില്‍വെച്ച് ബലാത്സംഗം ചെയ്തിട്ടുണ്ട്. '' ആഗസ്റ്റ്് 10 ന്, വൈക്കം ഡിവൈഎസ്പി: കെ. സുഭാഷ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ ഈ വാചകങ്ങള്‍ മാത്രം മതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍. 

പക്ഷേ, കൂടുതല്‍ തെളിവുവേണമെന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ അറസ്റ്റ് വൈകിക്കുന്നത്. ആഗസ്ത് 13 ന് പ്രോസിക്യൂഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സുരേഷ്ബാബു തോമസ് അറ്റസ്റ്റു ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ച ഏഴുപേജ് സത്യവാങ്മൂലത്തില്‍ ജൂണ്‍ 28 ന്, കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ സിസ്റ്ററുടെ മൊഴിയെടുത്തതു മുതലുള്ള സൂക്ഷ്മ വിവരങ്ങളുണ്ട്. കോട്ടയം മെഡി.  കോളേജിലെ ഗൈനക്കോളജിസ്റ്റ് ഡോ. രോഷ്‌നി നടത്തിയ പരിശോധനയുടെ ഫലം, ജൂലൈ അഞ്ചിന് ചങ്ങനാശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ സിആര്‍പിസി 164 പ്രകാരം മൊഴികൊടുത്തത് തുടങ്ങിയവയുണ്ട്.

കാവാലം ശശികുമാർ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.