ശശിയുടെ പരിപാടികൾ റദ്ദാക്കി; ഏരിയാ കമ്മിറ്റി വീണ്ടും മാറ്റി

Sunday 9 September 2018 3:05 am IST

പാലക്കാട്: സിപിഎം നേതാവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ  പി.കെ. ശശി പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു. ചെര്‍പ്പുളശ്ശേരിയില്‍ നടക്കാനിരുന്ന ഏരിയാ കമ്മിറ്റി യോഗം ഒരു വിഭാഗം ബഹിഷ്‌കരിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വീണ്ടും മാറ്റിവെച്ചു. കൂടാതെ എംഎല്‍എയുടെ  ഔദ്യോഗിക പരിപാടികളും റദ്ദാക്കി. 

ഇതിനിടെ ശശിക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് മന്ത്രി എ.കെ. ബാലന്‍ പാലക്കാട്ട് പ്രതികരിച്ചു. നേരത്തെ പരാതിയെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ മന്ത്രി അന്വേഷണ കമ്മിഷനില്‍ അംഗമായതോടെയാണ് നിലപാട് തിരുത്തിയത്. ശശിക്കെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച രണ്ടംഗ സംഘത്തിലെ ഒരാളാണ് എ.കെ. ബാലന്‍.  സംസ്ഥാന സെക്രട്ടറിയേറ്റും പ്രകോപനപരമായ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ ശശിക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

കഴിഞ്ഞദിവസങ്ങളില്‍ നടക്കേണ്ടിയിരുന്ന ഏരിയാ കമ്മിറ്റി യോഗം രണ്ടാം തവണയാണ് മാറ്റിവച്ചത്. 19 അംഗ കമ്മിറ്റിയില്‍ ആദ്യദിവസം  മൂന്നുപേര്‍ മാത്രമാണ് പങ്കെടുത്തത്.  പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം കണക്കിലെടുത്ത്  ഇന്നലെ എംഎല്‍എ പങ്കെടുക്കാനിരുന്ന ഒൗദ്യോഗിക പരിപാടികളെല്ലാം മാറ്റിവെച്ചു. അനാരോഗ്യം കാരണമാണെന്നാണ് വിശദീകരണം. ആരോപണങ്ങള്‍ നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആരോഗ്യം തനിക്കുണ്ടെന്ന് ശശി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇന്നലെ ചെര്‍പ്പുളശ്ശേരി സ്‌കൂള്‍ ബസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും രാവിലെയോടെ വരില്ലെന്ന് എംഎല്‍എ ഓഫീസില്‍ നിന്നും അറിയിച്ചു.

സ്വന്തം ലേഖിക

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.