ഉദ്യോഗസ്ഥ-മന്ത്രി തലത്തിലും പോര്

Sunday 9 September 2018 3:06 am IST

തിരുവനന്തപുരം: കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ തോമസ്‌ഐസക്കും, ജി. സുധാകരനും തമ്മില്‍ പൊതുവേദിയില്‍ ഇടഞ്ഞതിനു പിന്നാലെ സംസ്ഥാനത്ത് ഉദ്യോഗസ്ഥ- മന്ത്രിതല പോര്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍  മന്ത്രിയെ പരസ്യമായി കളിയാക്കുന്ന അവസ്ഥയില്‍ എത്തി സംസ്ഥാന ഭരണം. പ്രളയദുരന്തത്തിന് ശേഷം അടിതെറ്റിയ സംസ്ഥാനഭരണത്തെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നതാണ്  ഇത്.  കൃഷി മന്ത്രി വി.എസ് സുനില്‍കുമാറും അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനും തമ്മിലാണ് അടി.

കുട്ടനാട്ടില്‍ നെല്‍കൃഷി വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കുര്യന്റെ പരിഹാസം. നെല്‍കൃഷി വ്യാപിപ്പിക്കുന്നത്  എന്തോ മോക്ഷം പോലെയാണ് കൃഷിമന്ത്രിക്ക്. ഒരു നെല്ലും ഒരു മീനും പദ്ധതി കൊണ്ട് ഗുണമുണ്ടാകുന്നില്ല.

കുട്ടനാട്ടില്‍, നെല്‍കൃഷി അവസാനിപ്പിച്ച് കുടിവെള്ള യൂണിറ്റുകളോ മത്സ്യകൃഷിയോ ടൂറിസമോ നടത്തണം. കുട്ടനാട്ടിലെ നെല്‍കൃഷി രീതി പരിസ്ഥിതി വിരുദ്ധമെന്നും കുര്യന്‍ പരിഹസിച്ചു. കുട്ടനാട്ടിലെ   തരിശുപാടങ്ങളില്‍ക്കൂടി കൃഷിയിറക്കാനുള്ള പദ്ധതികള്‍ ആലോചിക്കുന്നതിനിടയിലാണ് കുര്യന്‍  മന്ത്രിയെ പരിഹസിച്ചത്.

ഇതോടെ കുര്യനെതിരെ മന്ത്രി തുറന്നടിച്ച് രംഗത്തെത്തി. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ മൂന്ന് ലക്ഷം ഹെക്ടര്‍ കൃഷിയിറക്കുമെന്നാണ് വാഗ്ദാനം.  ഒരു ഉദ്യോഗസ്ഥനു വേണ്ട അച്ചടക്കം കുര്യന്‍ പാലിച്ചില്ല.   ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ കുറിപ്പ് എഴുതിയാണ് സര്‍ക്കാരിനു നല്‍കേണ്ടത്. മുഖ്യമന്ത്രിയോട് പരാതിപ്പെടുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നയം കുര്യന്‍ നടപ്പിലാക്കിയാല്‍ മതിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു.

റവന്യൂവിന്റെ ചുമതലയാണ് അഡി.ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്. കുട്ടനാട്ടിലെ ദുരിതാശാസവുമായി ബന്ധപ്പെട്ട് കുര്യന്‍ ഏറെ പഴികേള്‍ക്കേണ്ടതായി വന്നു. ഇതാണ്  കുര്യനെ ചൊടിപ്പിച്ചത്. ആഘോഷങ്ങള്‍ വേണ്ട എന്ന തീരുമാനത്തിനെതിരെ മന്ത്രിമാരായ എകെ ബാലനും, കടകംപള്ളി സുരേന്ദ്രനും വിരുദ്ധ അഭിപ്രായവുമായി രംഗത്ത് വന്നിരുന്നു.

ഇരുവര്‍ക്കുമെതിരെ മന്ത്രിമാരായ ഇ.പി. ജയരാജനും, കെ.ടി. ജലീലും, പ്രൊഫ സി. രവീന്ദ്രനാഥും രംഗത്തെത്തി. ഡാമുകളില്‍ വെള്ളം തുറന്ന് വിട്ടതുമായി ബന്ധപ്പെട്ട് എം.എം. മണിയും മാത്യു ടി. തോമസും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥ പോര്.

അജി ബുധനൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.