ബിംസ്‌ടെക് സൈനിക അഭ്യാസത്തില്‍നിന്ന് നേപ്പാള്‍ പിന്‍മാറി

Sunday 9 September 2018 12:08 pm IST

കാഠ്മണ്ഡു: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ആദ്യ ബിംസ്‌ടെക് സൈനിക അഭ്യാസത്തില്‍നിന്ന് നേപ്പാള്‍ പിന്‍മാറി. സൈനിക അഭ്യാസത്തില്‍നിന്ന് പിന്‍മാറുന്നതായുള്ള വിവരം നേപ്പാള്‍ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കുന്ദന്‍ അര്യലാണ് അറിയിച്ചത്. മഹാരാഷ്ട്രയിലെ പൂനയില്‍ തിങ്കളാഴ്ച മുതലാണ് ബിംസ്‌ടെക് സൈനിക അഭ്യാസം അരങ്ങേറുന്നത്. 

പിന്‍മാറ്റത്തിനുള്ള കാരണം നേപ്പാള്‍ വ്യക്തമാക്കിയിട്ടില്ല. വിവിധ മേഖലകളിലെ സാങ്കേതിക-സാമ്പത്തിക സഹകരണത്തിനായി ബേ ഓഫ് ബംഗാള്‍ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ളതാണ് ബിംസ്‌ടെക്. ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്മര്‍, ശ്രീലങ്ക, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ഇതിലെ അംഗങ്ങള്‍. അംഗരാജ്യങ്ങളില്‍ നിന്ന് അഞ്ച് ഉദ്യോഗസ്ഥരുള്‍പ്പെടെ 30 പേരാണ് സൈനിക പരിശീലനത്തില്‍ പങ്കെടുക്കുക.

അതേസമയം,  നേപ്പാളിലെ ഇന്ത്യ വിരുദ്ധ രാഷ്ട്രീയ വികാരമാണ് തീരുമാനത്തിന് പിന്നിലെന്ന് പ്രതിരോധ വിശകലന വിദഗ്ദ്ധന്‍ റിട്ട. മേജര്‍ ജനറല്‍ എസ്.ബി അസ്താന പറഞ്ഞു. നേപ്പാളില്‍ നിന്നുള്ള മൂന്ന് നിരീക്ഷകര്‍ ഇപ്പോള്‍ പുണെയിലുണ്ട്. അതിനര്‍ഥം അവര്‍ പങ്കെടുക്കണമെന്ന് തിരുമാനിച്ചിരുന്നു. എന്നാല്‍ പ്രാദേശിക രാഷ്ട്രീയ വികാരമായിരിക്കാം തീരുമാനത്തെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.