അന്ന് സിസ്റ്റര്‍ അഭയ ഇന്ന് സിസ്റ്റര്‍ സൂസന്‍ ; മരണത്തില്‍ സമാനതകളേറെ

Sunday 9 September 2018 2:21 pm IST

കൊച്ചി; പത്താനാപുരം മൗണ്ട് താബോര്‍ ദയറയിലെ കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതും സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയതും തമ്മില്‍ നിരവധി സാമ്യങ്ങള്‍. ഓര്‍ത്തഡോക്‌സ് സഭയുടെ സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപിക സിസ്റ്റര്‍ സൂസന്‍ മാത്യുവിന്റെ(55)  മൃതദേഹമാണ് ഇന്ന് രാവിലെ  കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടത്. സിസ്റ്ററിന്റെ തലമുടി മുറിച്ചു കളഞ്ഞ നിലയിലാണ്. ചോരപ്പാടുകളും കാലടിപ്പാടുകളും കിണറിനു സമീപത്തുണ്ട്.

കോട്ടയം നഗരമധ്യത്തിലെ പയസ് ടെന്‍ത്ത് കോണ്‍വെന്റിലെ കിണറ്റിലാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹവും കണ്ടെത്തിയിരുന്നത്. 92 മാര്‍ച്ച് 27നാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് ഭാരമുള്ള  കോടാലി കൊണ്ടുള്ള അടിയേറ്റ് ബോധരഹിതയായ അഭയയെ കിണറ്റിലിട്ട് കൊല്ലുകയായിരുന്നു. കൊല്ലപ്പെടുമ്പോള്‍ വയസ് 19. അഭയയുടെ ശിരോവസ്ത്രം അടുക്കള വാതിലില്‍ കുടുങ്ങിക്കിടന്നിരുന്നു. കിണറ്റിനു സമീപം വിസര്‍ജ്ജ്യവും കിടപ്പുണ്ടായിരുന്നു. ഒരു ചെരുപ്പും കിണറ്റിനു സമീപത്ത് കിടന്നിരുന്നു. 

പോലീസും ക്രൈം ബ്രാഞ്ചും ഒടുവില്‍ സിബിഐയുടെ പല സംഘങ്ങളും അന്വേഷിച്ച കേസില്‍ 2008ലാണ് അറസ്റ്റുണ്ടായത്. നീണ്ട പതിനാറുവര്‍ഷങ്ങള്‍ക്കു ശേഷം. കോണ്‍വെന്റിലെ സ്ഥിരം സന്ദര്‍ശകര്‍ ആയിരുന്ന ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍  എന്നിവരും  കോണ്‍വെന്റിലെ സിസ്റ്റര്‍ സെഫിയുമാണ് അറസ്റ്റിലായത്.  ഇവരെ മയക്കുമരുന്ന് കുത്തിവെച്ച് മയക്കി തെളിവ് ശേഖിക്കുന്ന നാര്‍ക്കോ അനാലിസിസ് വരെ നടത്തി. 

പുലര്‍ച്ചെ അടുക്കളയില്‍ ഇവര്‍ മൂന്നു പേര്‍ തമ്മിലുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം അഭയ കണ്ടതാണ് കൊലപാതക  കാരണമെന്നാണ് സിബിഐ കണ്ടെത്തിയത്.  കേസില്‍ തിരുവനന്തപുരം സിബിഐ കോടതി ഫാ. ജോസ് പുതൃക്കയിനെ കുറ്റവിമുക്തനാക്കിയെങ്കിലും സിബിഐ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.