ബലാത്സംഗകേസ് അട്ടിമറിക്കാന്‍ ശ്രമം: കന്യാസ്ത്രീകള്‍

Sunday 9 September 2018 3:08 pm IST

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ  പീഡനക്കേസ് അട്ടിമറിക്കാന്‍ ഡിജിപിയും ഐജിയും ശ്രമിക്കുകയാണെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നത് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇപ്പോഴത്തെ അന്വേഷണ സംഘത്തില്‍ വിശ്വാസമുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന് അനുമതി കൊടുക്കാത്തത് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരാണ്. ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.

രണ്ടാംഘട്ട അന്വേഷണത്തിന് ശേഷവും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന നിലപാടിലാണ് അന്വേഷണ സംഘം. ഈ സാഹചര്യത്തിലാണ് പോലീസ് തലപ്പത്തുള്ളവരുടെ നീക്കം. ക്രൈംബ്രാഞ്ചിന് വിടുന്നത് സംബന്ധിച്ച് ഡിജിപി ജില്ലാ പോലീസ് ചീഫിന്റെ അഭിപ്രായം തേടി. ജില്ലാ പോലീസ് ചീഫും ഇതിന് അനുകൂലമായാണ് പ്രതികരിച്ചത്.

കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി പാലാ ഡിവൈഎസ്പിയുടെ അധിക ചുമതല കൂടി വഹിക്കുന്നതിനാല്‍ അമിത ജോലിഭാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത്. കന്യാസ്ത്രീയുടെ കുടുംബം കോടതിയെ സമീപിച്ചാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് അതിനെ മറികടക്കാനാകുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

ഡിജിപിയുടെയും ഐജിയുടെയും നിലപാടുകളാണ് അറസ്റ്റ് നീട്ടിയത്.  ബിഷപ്പിന്റെയും പരാതിക്കാരിയായ കന്യാസ്ത്രീയുടെയും മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് അറസ്റ്റിന് അനുമതി കൊടുക്കാതെയിരുന്നത്. നൂറിലേറെ സാക്ഷികളും 2,000 പേജുകള്‍ ഉള്ളതുമായ അന്വേഷണ റിപ്പോര്‍ട്ടാണ് ഡിവൈഎസ്പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയത്. കഴിഞ്ഞ ആഴ്ച ഈ റിപ്പോര്‍ട്ട് ഐജിയുടെ നേതൃത്വത്തില്‍ പരിശോധിക്കാന്‍ യോഗം ചേര്‍ന്നെങ്കിലും യോഗം പ്രഹസനമായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.