ദാരിദ്ര്യം, ഭീകരവാദം, അഴിമതി, ഇവയൊന്നുമില്ലാത്തെ ഒരു പുതിയ ഇന്ത്യ യാഥാർത്ഥ്യമാകും

Sunday 9 September 2018 3:19 pm IST

ന്യൂദൽഹി: പുതിയ ഇന്ത്യയെന്ന സ്വപ്നം യഥാർത്ഥ്യമാകുമെന്ന് ബിജെപി. ദേശീയ നിര്‍വാഹക സമിതിയോഗത്തിലാണ് ഇക്കാര്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രമേയത്തിന് തീരുമാനമായത്.  2022ൽ പുതിയ ഇന്ത്യയെന്ന ആശയം സാക്ഷാതകാരമാകുമെന്ന് മുന്നോട്ട് വച്ച പ്രമേയത്തിൽ വ്യക്തമാക്കുന്നു. ഭീകരവാദം, അഴിമതി, ദാരിദ്ര്യം തുടങ്ങിയവ ഇല്ലാത്ത ഇന്ത്യയായിരിക്കും 2022ലേതെന്ന് പ്രമേയത്തിൽ പറയുന്നു.

നിരാശാജനകമായ അവസ്ഥയാണ് പ്രതിപക്ഷത്തിനിപ്പോഴെന്നും അവർക്ക് മികച്ച നയങ്ങളോ മുന്നോട്ട് നയിക്കാൻ നല്ല നേതാക്കളോ ഇല്ലാത്ത സ്ഥിതിയാണുള്ളതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ യോഗത്തിൽ പറഞ്ഞു. പ്രധാനമന്ത്രിയെ എതിർക്കുക എന്നത് മാത്രമാണ് പ്രതിപക്ഷം ഇപ്പോൾ സ്വീകരിക്കുന്ന അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി. 

രാജ്യത്തെ ഏറ്റവും ജനസമ്മതിയാർജിച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തിലേറി നാല് വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിൻ്റെ പ്രശസ്തിക്ക് ഒട്ടും കുറവ് വന്നിട്ടില്ലെന്നും ഇപ്പോഴും 70 ശതമാനം പേരും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും ജാവേദ്കർ വ്യക്തമാക്കി.

പ്രതിപക്ഷ പാർട്ടികളുടെ ലയനം കണ്ണിൽ പൊടിയിടുന്നതു പോലെയാണെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് ഇന്ത്യയെ തകർക്കാൻ ശ്രമിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നതെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തിരുന്നു.

2014നെക്കാള്‍ കൂടുതല്‍ സീറ്റുനേടി ബിജെപി 2019ൽ വീണ്ടും അധികാരത്തിലെത്തും. വസ്തുതകള്‍ കയ്യില്‍ പിടിച്ച്‌ ചിദംബരത്തെ പോലുള്ള നേതാക്കളെ ചര്‍ച്ചക്ക് ബിജെപി പ്രവര്‍ത്തകര്‍ വെല്ലുവിളിക്കണമെന്നും അമിത് ഷാ അറിയിച്ചിരുന്നു. പ്രതിപക്ഷത്തിന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ നയിക്കുന്നത് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തന്നെയായിരിക്കുമെന്നും ആദ്യ ദിവസത്തെ യോഗത്തിൽ തീരുമാനിച്ചിരുന്നു.  'അജേയ് ബിജെപി' എന്ന മുദ്രാവാക്യമായിരിക്കും പാര്‍ട്ടി ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപയോഗിക്കുകയെന്നും അമിത് ഷാ വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.