തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ കേരള റെഡ്ക്രോസ് സൊസൈറ്റി 25 കോടിയുടെ സഹായം നല്കി. ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് റെഡ്ക്രോസിന്റെയും ഇന്ത്യാ റെഡ്ക്രോസിന്റെയും സഹായത്തോടെയാണിതെന്ന് കേരള റെഡ്ക്രോസ് സൊസൈറ്റി പ്രസിഡന്റ് സുനില്‍ സി. കുര്യന് പറഞ്ഞു.
റെയില്‍, റോഡ് ഹെലിക്കോപ്റ്റര്‍ വഴിയും കോട്ടയം, ഇടുക്കി, ആലുവ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചിരുന്നു. വീടുകളിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് ശുചീകരണപ്രവര്‍ത്തനത്തിന് സഹായത്തിന് പുറമേ ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ പാത്രങ്ങള്‍, പായ, കൊതുകുവല എന്നിവയും നല്‍കുന്നുണ്ട്. കിണറുകള്‍ ശുദ്ധീകരിക്കുന്നതിനായി ഈ രംഗത്ത് പരിചയസമ്പത്തുള്ള ഒരുസംഘം വിദഗ്ധര്‍ അടുത്തയാഴ്ച്ച ശ്രീലങ്കയില്‍ നിന്ന് എത്തുന്നുണ്ട്. അവരുടെ സഹായത്തോടുകൂടി കുട്ടനാട്ടിലും മറ്റ് പ്രദേശങ്ങളിലുമുള്ള കിണറുകള്‍ ശുദ്ധീകരിക്കുന്നതിനായി റെഡ്ക്രോസ് മുന്നിട്ടിറങ്ങുമെന്ന് സെക്രട്ടറി ചെമ്പഴന്തി അനില്‍ പറഞ്ഞു. ഇതിനുപുറമേ ഇടുക്കി ജില്ലയിലെ ഏതെങ്കിലും ഒരുഗ്രാമം റെഡ്ക്രോസ് ദത്തെടുത്ത് പുനരധിവാസം ഊര്‍ജിതമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: