ദുരിതാശ്വാസം: ഗുരുവായൂര്‍ ദേവസ്വം വെട്ടില്‍

Monday 10 September 2018 1:12 am IST

ഗുരുവായൂര്‍:  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി നല്‍കിയ അഞ്ചുകോടി രൂപ മാറിയെടുക്കാന്‍ കഴിയാതെ സര്‍ക്കാര്‍. ഗുരുവായൂര്‍ ദേവസ്വം നിയമമനുസരിച്ച് ദേവസ്വം ഫണ്ട് വകമാറ്റാന്‍ സാധ്യമല്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ചെക്ക് മാറാന്‍ ദേവസ്വം കമ്മീഷണര്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.

ഗുരുവായൂര്‍ ക്ഷേത്രസ്വത്ത് ഹൈന്ദവ സ്ഥാപനങ്ങള്‍ക്കോ, വ്യക്തികള്‍ക്കോ നല്‍കാന്‍ മാത്രമാണ് ഗുരുവായൂര്‍ ദേവസ്വം നിയമം അനുശാസിക്കുന്നത്. പണം ആര്‍ക്കെങ്കിലും കൊടുക്കുന്നുണ്ടെങ്കില്‍ 30 ദിവസം മുന്‍പ് പത്രത്തിലും നോട്ടീസ് ബോര്‍ഡിലും പരസ്യം ചെയ്ത് ആര്‍ക്കും ആക്ഷേപമില്ലെന്ന് ഉറപ്പു വരുത്തി മാത്രമെ നല്‍കാന്‍ സാധിക്കുകയുള്ളു. ഏതെങ്കിലുമൊരു വിശ്വാസി കോടതിയെ സമീപിക്കുകയാണെങ്കില്‍ തിരിച്ചടക്കേണ്ടി വരുമെന്ന ഭയമാണ് കമ്മീഷണര്‍ അനുമതി നല്‍കാത്തതിന് കാരണം. അഭിഭാഷകനായ ഒരാള്‍ ദേവസ്വം ചെയര്‍മാനായിരിക്കെ ഗുരുവായൂര്‍ ദേവസ്വം ആക്ട് പഠിക്കാതെയാണോ ചെക്ക് നല്‍കിയതെന്ന് ഭക്തര്‍ ചോദിക്കുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് മലബാര്‍ ദേവസ്വം കമ്മീഷണര്‍ ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ പരാതി വന്നതിനെത്തുടര്‍ന്ന് ആ ഉത്തരവ് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തു. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അഞ്ച് കോടി രൂപ ദേവസ്വത്തില്‍ നിന്നും വകമാറ്റിയിരുന്നു. പരാതി ഉയര്‍ന്നതോടെ പണം സര്‍ക്കാര്‍ തന്നെ ദേവസ്വത്തിലേക്ക് തിരിച്ചടച്ച് തലയൂരി. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണമായി നല്‍കാതെ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരെ ദത്തെടുത്ത് ഈ തുക ഉപയോഗിച്ച് വീടുകള്‍ നിര്‍മിച്ചു നല്‍കുകയാണെങ്കില്‍ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.