ബദല്‍ നടപടികള്‍ക്ക് സമയമായി

Monday 10 September 2018 1:13 am IST
സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍ ബദലുണ്ടാകണം. കേരളത്തിന്റെ ചരിത്രത്തില്‍ മുമ്പുണ്ടായിട്ടുണ്ട്. എന്തുകൊണ്ട് സന്നദ്ധ സംഘടനകള്‍ക്ക് ഇതിന് മുന്നിട്ടിറങ്ങിക്കൂടാ. ഇതിനകം സര്‍ക്കാരിനേക്കാള്‍ വിശ്വാസ്യതയും ജനപ്രിയതയും ആര്‍ജ്ജിച്ച സന്നദ്ധ സംഘടനകളുണ്ട്. പേരെടുത്ത് പറയുന്നില്ല. ഒറ്റ ദിവസം രണ്ടുലക്ഷത്തോളം പേരെ സംസ്ഥാനത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കണിനിരത്താനായവര്‍ക്ക് ഇങ്ങനെയൊരു കണക്കെടുപ്പ് എളുപ്പമായിരിക്കും.

മ്പത്തിയഞ്ച് ദിവസം കഴിയുന്നു, മഴക്കെടുതി കേരളത്തെ ദുരിതക്കയത്തിലാക്കിയിട്ട്. മഴ, പെരുമഴ, പ്രളയം എന്നിങ്ങനെ മൂന്നുഘട്ടങ്ങളായിരുന്നു ഇത്തവണത്തെ കാലവര്‍ഷത്തിന്റെ പ്രകൃതി. മഴയും പെരുമഴയും പ്രകൃതി വരുത്തിയതും പ്രളയം മനുഷ്യസൃഷ്ടവുമായിരുന്നുവെന്ന് ഇതിനകം വ്യക്തമായി.

മനുഷ്യസൃഷ്ടമെന്ന് പറയുമ്പോള്‍ മൂന്നുതരത്തിലാണത്; സാധാരണ ജനതയുടെ പങ്ക്, ഭരണകൂടത്തിന്റെ പങ്ക്, രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് എന്നിങ്ങനെ. സാധാരണ ജനതയുടെ കുറ്റം അധികവും അവരുടെ അജ്ഞതയാണ്. പ്രകൃതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, തുടങ്ങിയവയ്ക്ക് ഏറെ പ്രചാരം വന്നെങ്കിലും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എങ്ങനെ, എത്രത്തോളം പ്രകൃതിയെ ബാധിക്കുമെന്ന കാര്യത്തില്‍ സാധാരണക്കാര്‍ക്കിനിയും പിടിയില്ല.

 അവരില്‍ പലര്‍ക്കും അറിയില്ല, അറിവുണ്ടെന്ന് അവര്‍ കരുതുന്നവര്‍പോലും ചെയ്യുന്ന കാര്യങ്ങളില്‍ നിന്ന് ഞങ്ങളായിട്ടെന്തിന് മാറി നില്‍ക്കണമെന്ന് ചിന്തിക്കാനുള്ള അറിവ് അവര്‍ക്കുണ്ട്.

സാധാരണക്കാര്‍

പ്രമുഖര്‍ കുന്നിടിക്കുന്നതും പാറപൊട്ടിക്കുന്നതും കായല്‍ കൈയേറുന്നതും തീം പാര്‍ക്കുണ്ടാക്കുന്നതും റിസോര്‍ട്ട് കെട്ടുന്നതും മലകൈയടക്കുന്നതും മരം മുറിക്കുന്നതും അതിലൂടെ കൂടുതല്‍ സമ്പന്നരാകുന്നതും അവര്‍ കാണുന്നു. അപ്പോള്‍ മലഞ്ചെരുവില്‍ ഒരു വീടുവെക്കുന്നതും മരംമുറിക്കുന്നതും പുഴമണല്‍ വാരുന്നതും വയല്‍നികത്തുന്നതും അപരാധമല്ലെന്ന് അവര്‍ക്ക് തോന്നുന്നു. അങ്ങനെ പരിസ്ഥിതി സംരക്ഷണം പ്രസംഗമായി ശേഷിക്കുന്നു, പ്രയോഗത്തില്‍ ശോഷിക്കുന്നു. 

സാധാരണക്കാരന് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് എന്തറിയാം?. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ 'ഡീകോഡ്' ചെയ്യാന്‍ സാധാരണക്കാര്‍ക്ക് കഴിയുന്നില്ല. നിത്യ ജീവിതത്തിനാവശ്യമായ ശാസ്ത്ര വിജ്ഞാനം സാധാരണക്കാര്‍ക്കെത്താന്‍ അതിവിപുലമായ ബോധവല്‍ക്കരണവും പ്രചാരണവും ആവശ്യമാണ്. ഈ അറിവില്ലായ്മ പ്രളയക്കെടുതിക്ക് ആഘാതം കൂട്ടാന്‍ ഇടയാക്കി.

ഭരണകൂടം

ഈ അജ്ഞത തന്നെയാണ് പ്രളയത്തിന് ഇടയാക്കിയ, ആഘാതം ഇത്രയാക്കിയ, മറ്റൊരു വിഭാഗമായ ഭരണകൂടത്തിന്റെ പങ്കിലും മുഖ്യം. ഭരണകൂടം എന്നു പറയുമ്പോള്‍ ഉദ്യോഗസ്ഥവൃന്ദവും അവരെ നിയന്ത്രിക്കുന്ന ഭരണപക്ഷ രാഷ്ട്രീയക്കാരുമാണ്. കേരളത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഭരണരാഷ്ട്രീയക്കാരെ മറികടന്ന് ഒന്നും ചെയ്യാനാവില്ലല്ലോ! ഇതിന് ഏറ്റവും പുതിയ ഉദാഹരണം റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യനും കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറും തമ്മിലുള്ള ഏറ്റമുട്ടല്‍. 

അതുമൂലം തെറ്റാണെന്നും അബദ്ധമാണെന്നും അറിഞ്ഞിട്ടും, 'നമുക്കും കിട്ടണം പണം' എന്ന മട്ടില്‍ ഭരണകക്ഷി രാഷ്ട്രീയ നേതൃത്വത്തെ പ്രീണിപ്പിക്കുന്നവരുടെ വന്‍ നിരയാണ് ഉദ്യോഗസ്ഥ തലത്തില്‍. അണക്കെട്ട് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയാണ് പ്രളയത്തിന് കാരണമെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. യഥാസമയം തുറക്കാഞ്ഞത്, തുറന്നത് അടയ്ക്കാഞ്ഞത്, വെള്ളം ഒഴുകിപ്പോകാനുള്ള വഴി സംരക്ഷിക്കാഞ്ഞത്, അണക്കെട്ടില്‍ വെള്ളം നിറച്ച് വെദ്യുതി കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് വിറ്റ് പണം സ്വരൂപിക്കാന്‍ നോക്കിയത്, അതാത് സമയത്ത് അണക്കെട്ടിലെ ജല അളവ് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാക്കാഞ്ഞത്, സാങ്കേതിക സംവിധാനങ്ങള്‍ കുറ്റമറ്റതായി സൂക്ഷിക്കാഞ്ഞത്, മനുഷ്യവാസം പാടില്ലാത്തിടത്ത് കെട്ടിടത്തിന് അനുമതി നല്‍കിയത്, ആകസ്മിക സന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമായി സുരക്ഷാ സംവിധാനം ഒരുക്കാഞ്ഞത്... ഇങ്ങനെ ഒരുവകുപ്പിനെന്നല്ല, എല്ലാ ഭരണവകുപ്പിനുമുണ്ട് വീഴ്ച. ഉദ്യോഗസ്ഥപ്പടയും അവരുടെ നിയന്ത്രിതാക്കളായ ഭരണരാഷ്ട്രീയക്കൂട്ടത്തിനും പ്രളയസൃഷ്ടിയില്‍ പങ്കുണ്ട്. 

രാഷ്ട്രീയ പാര്‍ട്ടികള്‍

പ്രളയകാരണക്കാരായ മൂന്നാം മനുഷ്യ സമൂഹമാണ് രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വം; അതിന് ഇന്ന പാര്‍ട്ടിയെന്നില്ല, കൊടിയും ചിഹ്നവും നോക്കാതെതന്നെ കുറ്റപ്പെടുത്തേണ്ടിവരും. സംഘടിതമായി ഭൂമി കൈയേറ്റം നടത്തുന്നത്, അതിന് നിയമസാധുത നല്‍കുന്നത്, കുഴപ്പക്കാരെ സംരക്ഷിക്കുന്നത്, അവരുടെ വോട്ടും നോട്ടും ലക്ഷ്യമിട്ട് ഒരു സംസ്ഥാന ജനതയെ മരണമുഖത്തേക്ക് തള്ളി വിടുന്നത്, തലമുറകള്‍ക്ക് വിനാശകരമായ പ്രകൃതിവിനാശം വരുത്തുന്നത്, അപായം ചൂണ്ടിക്കാട്ടുന്നവരെ ഒറ്റപ്പെടുത്തുന്നത് തുടങ്ങി ഈ പ്രളയത്തിന് കാരണമായ പലതിനും കൂട്ടു നില്‍ക്കുകയും പ്രോത്സാഹനം നല്‍കുകുയും ചെയ്യുന്ന ചെറുതും വലുതുമായ ഒട്ടേറെ പാര്‍ട്ടികളെ പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടതുണ്ട്. ഇങ്ങനെയൊക്കെ നോക്കുമ്പോള്‍ പ്രളയം മനുഷ്യ സൃഷ്ടമാണെന്നതില്‍ തര്‍ക്കമില്ല. അങ്ങനെയല്ലെന്ന് വാദിക്കുന്നെങ്കില്‍ ജസ്റ്റീസ് കെമാല്‍ പാഷ പറഞ്ഞതുപോലെ 'ജുഡീഷ്യല്‍ അന്വേഷണം' വരട്ടെ. അല്ലെങ്കില്‍ സര്‍ക്കാര്‍ 'ധവളപത്രം' പുറപ്പെടുവിക്കട്ടെ.

 മഴ എത്ര പെയ്താലും ഒഴുക്കിവിടാനുള്ളത്ര നദികള്‍ ഈ കൊച്ചു സംസ്ഥാനത്തുണ്ട്. കുത്തൊഴുക്കുണ്ടാകാതിരിക്കാന്‍ മലയും വനങ്ങളും സമതലങ്ങളുമൊക്കെയാണ് പ്രകൃതിയൊരുക്കിയിരിക്കുന്നത്. പക്ഷേ, അതെല്ലാം മുടക്കിയതും വിലക്കിയതും ഇല്ലാതാക്കിയതും മനുഷ്യരാണ്. മേല്‍പ്പറഞ്ഞ മൂന്നു കൂട്ടരാണ്. അവിടെയാണ് സ്വതന്ത്ര ഇന്ത്യയില്‍, സ്വാതന്ത്ര്യം ഏറെയുള്ള കേരളത്തില്‍ ഭരണകൂടത്തിന് വീഴ്ച സംഭവിച്ചത്. ഈ മഹാപരാധത്തില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് ജീവഹാനി സംഭവിക്കാഞ്ഞത് ആയിരക്കണക്കിന് പേര്‍ ജീവന്‍ സമര്‍പ്പിക്കാനും തയാറായി സാഹസിക രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങിയിട്ടാണ്. അവിടെയും സംസ്ഥാന ഭരണകൂട സംവിധാനത്തിന് മാത്രമായി മേനി നടിക്കാനൊന്നുമില്ല.

അവിടെയും വീഴ്ച

ശരി, സംഭവിച്ചത് കഴിഞ്ഞു. ഇനിയെന്ത്? 'പുനസ്സജ്ജീകരി'ക്കണം. അത് 'പുനര്‍ നിര്‍മാണ'മായി ചിത്രീകരിക്കുകയും വന്‍ സാഹസികതയാണെന്ന് സ്ഥാപിച്ച് ചരിത്രത്തിലിടം നേടുകയുംവേണം ചിലര്‍ക്ക്.  പക്ഷേ, അതിനിടെ ചെയ്യേണ്ടത് ചെയ്യാതെ പോകുന്നു. എങ്ങനെ പണം സ്വരൂപിക്കാമെന്നാണ്, അതിന് എന്തെല്ലാം പുതിയവഴികള്‍ ആവിഷ്‌കരിക്കാമെന്നാണ് 'രണ്ടാം ചാണക്യന്‍' ചമയുന്നവരുടെ ശ്രമം. സ്വാശ്രയത്വം മോശമല്ല, ആവശ്യവുമാണ്. പക്ഷേ, അതിന് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ കുറ്റമറ്റതാകണം, ആക്ഷേപ രഹിതമാകണം; കവലച്ചട്ടമ്പികളുടെ കത്തികാട്ടിപ്പിരിവുപോലെയാകരുത്.

എന്തുകൊണ്ട് ബദല്‍?

55 ദിവസം കഴിഞ്ഞു. ഇനിയും സംസ്ഥാനത്തെ നഷ്ടക്കണക്ക് കൃത്യമായി എടുത്തിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തി, പിരിച്ചു വിട്ടു, ജനങ്ങള്‍ ദുരിതത്തിലേക്കുപോയി. കൊടുക്കുമെന്നു പറഞ്ഞ 10,000 രൂപ സഹായം എല്ലാവര്‍ക്കും കിട്ടിയിട്ടില്ല. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതല്ല. ഉദ്യോഗസ്ഥരുടെ കള്ളക്കളികള്‍ പുറത്തുവരുന്നു. ഭരണകക്ഷിക്കാരുടെ അവിഹിത ഇടപാടുകള്‍ പരസ്യമാകുന്നു. മന്ത്രിമാര്‍ ഭിന്നാഭിപ്രായങ്ങള്‍ പറയുന്നു. ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുന്നു. വ്യക്തമായ പദ്ധതിയും ധാരണയുമില്ല. വീടുകള്‍ സന്ദര്‍ശിച്ച് ഇനിയും നഷ്ടക്കണക്ക് എടുത്തിട്ടില്ല. ഒരു മന്ത്രാലയവും കണക്ക് ഉണ്ടാക്കിയിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളുടെയും ലോക ബാങ്കിന്റെയും സഹായം തേടുന്നു, കേന്ദ്ര സര്‍ക്കാരിന് ഇതുവരെ റിപ്പോര്‍ട്ടു കൊടുത്തിട്ടില്ല. സംശയിക്കണം, ഇത് കേരളത്തിന്റെ പുനര്‍ നിര്‍മാണമോ അതോ മറ്റെന്തെങ്കിലുമോ. 

സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍ ബദലുണ്ടാകണം. കേരളത്തിന്റെ ചരിത്രത്തില്‍ മുമ്പുണ്ടായിട്ടുണ്ട്, ജനകീയ അന്വേഷണ സമിതികളും കണക്കെടുപ്പു സംവിധാനങ്ങളും. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ പോലുള്ളവര്‍ ജീവിച്ചിരിക്കെ അത്തരം സമിതികള്‍ ഉണ്ടായിരുന്നു. ഒരുപക്ഷേ, ഇന്നത്തെ കേരള ഭരണം മറ്റേതെങ്കിലും മുന്നണിയോ പാര്‍ട്ടിയോ ആണ് നടത്തിയിരുന്നതെങ്കില്‍ 'ഇടതുപക്ഷ ബുദ്ധിജീവികള്‍,' 'സംസ്‌കാരിക സംഘം,' 'സാമൂഹ്യപ്രവര്‍ത്തകക്കൂട്ടം' തുടങ്ങി ഏതെങ്കിലും പേരിട്ട് ചിലര്‍ ഇതിനൊക്കെ ഇറങ്ങിയേനെ. അവരെ വിട്ടേക്കുക. അവസരം പാര്‍ത്തുകഴിയട്ടെ. 

എന്തുകൊണ്ട് സന്നദ്ധ സംഘടനകള്‍ക്ക് ഇതിന് മുന്നിട്ടിറങ്ങിക്കൂടാ. ഇതിനകം സര്‍ക്കാരിനേക്കാള്‍ വിശ്വാസ്യതയും ജനപ്രിയതയും ആര്‍ജ്ജിച്ച സന്നദ്ധ സംഘടനകളുണ്ട്. പേരെടുത്ത് പറയുന്നില്ല. ഒറ്റ ദിവസം രണ്ടുലക്ഷത്തോളം പേരെ സംസ്ഥാനത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കണിനിരത്താനായവര്‍ക്ക് ഇങ്ങനെയൊരു കണക്കെടുപ്പ് എളുപ്പമായിരിക്കും. ഇത് സര്‍ക്കാരിനെ വെല്ലുവിളിക്കലല്ല, സഹായിക്കലാകണം. ശുചീകരണത്തില്‍നിന്ന് ശ്രദ്ധ ഇതിലേക്ക് മാറേണ്ട കാലമായി.

കാരണം, ഒരു സ്വകാര്യ ഏജന്‍സി സംസ്ഥാന സര്‍ക്കാരിനു വേണ്ടി പഠന റിപ്പോര്‍ട്ട് തയാറാക്കുന്നത് വിവാദമാണല്ലോ ഇപ്പോള്‍. അതിനെതിരേ ഭരണകക്ഷിയുടെ ഏറ്റവും മുതിര്‍ന്ന നേതാവുതന്നെ ഇറങ്ങിയിട്ടുണ്ട്. പക്ഷേ, ''ആ ഏജന്‍സിയുടെ പഠനം സൗജന്യമാണ്, അവര്‍ സര്‍ക്കാരിന് സംഭാവന നല്‍കിയിട്ടുണ്ട്, വേറേ ഏതെങ്കിലും ഏജന്‍സി പഠിക്കാന്‍ തയാറായാല്‍ അവരും തരട്ടെ റിപ്പോര്‍ട്ട്, സര്‍ക്കാരിന് എതിര്‍പ്പില്ല, അതു നല്ലതല്ലേ?'' എന്നാണ് മുഖ്യമന്ത്രിയുടെ അഭാവത്തില്‍ 'അനൗദ്യോഗിക മുഖ്യമന്ത്രി' ഇ.പി. ജയരാജന്‍ നിലപാട് പറഞ്ഞിട്ടുള്ളത്. 

അപ്പോള്‍ ഇനി എന്തിന് വൈകണം, തുടങ്ങിക്കൂടെ ഒരു ബദല്‍ വിവര ശേഖരണം, അത് സര്‍ക്കാരിനും ദുരിതബാധിതര്‍ക്കും സഹായകമാകുമെന്ന് ഉറപ്പ്. ലോകബാങ്കിനും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും ഇല്ലാത്ത, നാരുവേരുപടലം പോലെ സംവിധാനവും നാടിനോട് തായ്വേരുപോലെ കരുത്തുറ്റ  പ്രതിബദ്ധതയുമുള്ള സന്നദ്ധ സംഘടനകള്‍ക്ക് അതില്‍ വിജയിക്കാന്‍ കഴിയുമെന്നിരിക്കെ ഇനി വൈകരുത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.