ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം അധികൃതര്‍ കവര്‍ന്നെടുത്തു: ജോസഫ് മാത്യു

Monday 10 September 2018 1:12 am IST

ചന്ദ്രിക

യഥാര്‍ത്ഥത്തില്‍ ആഗസ്ത് 10, 11 തീയതികളിലെ അറിയിപ്പുകളിലും പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നില്ല. റാന്നി എംഎല്‍എ രാജു എബ്രഹാം, ആറന്മുള എംഎല്‍എ ശ്രീമതി വീണാജോര്‍ജ്, ചെങ്ങന്നൂര്‍ എംഎല്‍എ സജിചെറിയാന്‍ എന്നിവരാരും ഡാം തുറന്നുവിട്ട വിവരം അറഞ്ഞിരുന്നില്ല. 

ജില്ലാ കലക്ടറും ഈ വിവരം അറിഞ്ഞിരുന്നില്ല എന്നാണ് മനസ്സിലാകുന്നത്. അല്ലെങ്കില്‍ അദ്ദേഹം 15ന് രാവിലെ കോട്ടും സ്യൂട്ടും ധരിച്ച് പരേഡ് കഴിഞ്ഞ് ചുറ്റി നടക്കുമായിരുന്നില്ല എന്നുവേണം കരുതാന്‍. ഡാമിന്റെ ഉടമസ്ഥരായ കെഎസ്ഇബി പ്രത്യേകിച്ചും. ഇതു സംബന്ധിച്ച വിവരം ആര്‍ക്കും നല്‍കിയിരുന്നില്ല. 

മരങ്ങളുടെ താഴെ വാഹനം പാര്‍ക്കു ചെയ്യാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം എന്ന് മുന്നറിയിപ്പ് നല്‍കിയവര്‍ ഈ അളവില്‍ ജലം ഒഴുക്കിവിടുന്നത് അറിഞ്ഞിരുന്നെങ്കില്‍ സ്വന്തം വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടണമെന്ന അറിയിപ്പും തീര്‍ച്ചയായും നല്‍കുമായിരുന്നു. 

ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുക്കുന്ന നടപടിയാണ് അധികൃതര്‍ ചെയ്തത്. 

ആരാണ് ഇതിനുത്തരവാദി എന്ന് അറിയാനുള്ള അവകാശവും വിവരാവകാശവും നമുക്കുണ്ട്.

(ഉത്തരവാദി ഭരണകൂടം തന്നെയാണ്- ജോസഫ് സി. മാത്യു-

ചന്ദ്രിക ആഴ്ചപ്പതിപ്പ്)

ഹിന്ദുവിശ്വ 

ഇന്ത്യയെ കണ്ടെത്തിയതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്. അത് സംഭവിക്കുന്നത് 1996 കളുടെ അവസാനമാണ്. എനിക്കു 30 വയസ്സുള്ളപ്പോളാണ് ഞാന്‍ ഇന്ത്യയിലേക്ക് ആദ്യമായി വരുന്നത്. എനിക്ക് 10 വസ്സുള്ളപ്പോള്‍, രാജ്യം പൂര്‍ണമായും ശീതസമരത്തിന്റെ പിടിയിലായിരുന്നു. ഇന്ത്യ സന്ദര്‍ശിക്കുന്ന ആരുടേയോ സ്യൂട്ട് കേസിനുള്ളില്‍ കയറി ഇന്ത്യയിലേക്ക് വരുന്നതായി ഞാനൊരു സ്വപ്‌നം കണ്ടിട്ടുണ്ട്. 

എന്റെ സ്വപ്‌നസ്ഥലം അമേരിക്കയോ കാനഡയോ ആസ്‌ത്രേലിയയോ അല്ല ഇന്ത്യയായിരുന്നു എപ്പോഴും. 10 വര്‍ഷത്തോളം കാനഡയില്‍ താമസിച്ചതിനു ശേഷം 1996 ല്‍ ഞാന്‍ ദല്‍ഹിയിലെത്തി. ആ സമയത്ത് എനിക്കനുഭവപ്പെട്ടത് ഞാനിവിടെ നേരത്തെ പലതവണ വന്ന് കാര്യങ്ങളെല്ലാം മനസ്സിലാക്കിയിട്ടുള്ളതുപോലെയാണ്. അതിന് മുമ്പ് ഇന്ത്യ എന്റെ സ്വപ്‌നങ്ങളില്‍ മാത്രമായിരുന്നു, അപ്പോള്‍ അതൊരു യാഥാര്‍ത്ഥ്യമായി. അതൊരു ഉദ്ബുദ്ധതയുടെ തലമായിരുന്നു. 20 വര്‍ഷങ്ങള്‍ക്കു ശേഷവും, ആ തോന്നല്‍ നില നില്‍ക്കുന്നു. 

ഗുരുക്കന്മാരെ കണ്ടു മുട്ടല്‍, ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ പഠനം, സംസ്‌കൃത പഠനം എന്നിവയിലൂടെ പിന്നീട് അതെന്റെ മുന്നില്‍ സ്വയം വെളിപ്പെടാന്‍ തുടങ്ങി. അതെല്ലാം ഇന്ത്യന്‍ ജീവിതത്തിന്റെ വ്യത്യസ്തമായ തലങ്ങളാണ്. ഇന്ത്യയെ കണ്ടെത്തല്‍ ഏതൊരാളുടെയും ജീവിതത്തിലെ വഴിത്തിരിവായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.

(സനാതനധര്‍മ്മം കൂടാതെ ഇന്ത്യയില്‍ മതേതരത്വം പുലരില്ല -

റഷ്യന്‍ ഗവേഷക വിക്‌ടോറിയ ദിമിത്രേവ -

ഹിന്ദുവിശ്വ മാസിക)

ഇന്ത്യാ ടുഡേ

 

വി. ടി. യുടെ കൂടെ യുക്തിവാദി പ്രസ്ഥാനത്തിനുവേണ്ടി കേരളം മുഴുവന്‍ ''ജാതി വേണ്ട, മതം വേണ്ട'' എന്നു പറഞ്ഞ് ജാഥ നടത്തിയിട്ടുണ്ട്. വി.ടി. ക്ക് എന്താവശ്യമുണ്ടെങ്കിലും സാധിച്ചുകൊടുക്കാന്‍ ഞാന്‍ അടുത്തുണ്ടാകും.

 ഇഎംഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ യുക്തിവാദി പ്രസ്ഥാനത്തിന് സ്ഥലം വേണമെന്ന ആവശ്യവുമായി കാണാന്‍പോയി. വി.ടി. യെ കണ്ടപ്പോള്‍ ഇഎംഎസ് എഴുന്നേറ്റു നിന്നു. സ്ഥലം അനുവദിക്കാമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. വി. ടി. യുടെ മേഴത്തൂരിലെ വീട്ടില്‍ ഞാന്‍ പോയിട്ടുണ്ട്. ഒരു ദിവസം വി.ടി. കുറ്റിപ്പുഴയുമൊത്ത് ഇവിടെ വന്നു. 

അവര്‍ക്ക് ഊണു കൊടുക്കണമെന്ന് ഞാനും ഭാര്യയും തീരുമാനിച്ചു. ഞങ്ങള്‍ക്ക് കൊള്ളാവുന്ന ഒരു മുറിയേ ഉള്ളൂ. അതില്‍ ഒരു ഡെസ്‌ക്കും ബെഞ്ചുമുണ്ട്. രണ്ട് ചൂരല്‍ക്കസേരയും. ഡെസ്‌ക്കില്‍ ഊണു വിളമ്പി. കൈ കഴുകി വന്നപ്പോള്‍ വി. ടി. ഇരിക്കുന്നില്ല. അദ്ദേഹം പറഞ്ഞു. ''ശ്രീധരന്‍ ഈ ഡെസ്‌ക്കിന്റെ തലക്കല്‍ ഒന്നു പിടിക്കൂ, നമുക്കിത് അടുക്കളയില്‍ കൊണ്ടുപോയി ഇടാം. എനിക്ക് അടുക്കളയില്‍ ഇരുന്ന് ഉണ്ടാലേ ഊണ് തൃപ്തിയാകൂ! ഞാന്‍  അത്ഭുതപ്പെട്ടു. അദ്ദേഹം പറഞ്ഞു. ''അടുക്കളയില്‍ നിന്നാണ് മനുഷ്യ ബന്ധങ്ങള്‍ തുടങ്ങുന്നത്''.

('അവനിവാഴ്‌വ് കിനാവ്' 

- പെരുമ്പടവം ശ്രീധരനുമായി

 കെ.എന്‍. ഷാജി നടത്തുന്ന 

അഭിമുഖം- ഇന്ത്യാ ടുഡേ ഓണം സ്‌പെഷ്യല്‍)

 

മറുവാക്ക് 

യാദൃച്ഛികമായല്ല കേരള പോലീസിനെ കുറിച്ച് പഠിക്കാനുള്ള ഉള്ളുറപ്പുണ്ടാവുന്നത്. അടിയന്തരാവസ്ഥയിലെ പോലീസ് കാര്‍ക്കശ്യങ്ങളുടെ ഇരയാക്കപ്പെട്ട അച്ഛന്‍ കെ.വി. വേലായുധന്‍ മാസ്റ്ററുടെ അനുഭവങ്ങള്‍ക്കൊപ്പം, അദ്ദേഹം പറഞ്ഞറിഞ്ഞ നിരവധി മനുഷ്യരുടെ പീഡാനുഭവങ്ങളും കുഞ്ഞുനാള്‍ മുതല്‍ ഉള്ളില്‍ നോവുമായാത്ത ചിത്രങ്ങളായുണ്ട്. 

പിന്നീട് പൊതുജീവിതം ആരംഭിച്ചതോടെ കണ്‍മുന്നില്‍ കണ്ട പോലീസ്‌രീതികള്‍ ഈ ചിത്രങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തി. അങ്ങനെയാണ് കേരള പോലീസിന്റെ നിയലംഘനങ്ങളെകുറിച്ച് പഠിക്കാന്‍ തീരുമാനിക്കുന്നത്. വിവരാവകാശ നിയമം ഈ ശ്രമങ്ങള്‍ക്ക് ശക്തമായ പിന്തുണയുമായി. 

കേരള പോലീസ് വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന നിരന്തരമായ നിയമലംഘനങ്ങള്‍ ഏത് കോടതിക്കു മുന്നിലും ബോദ്ധ്യപ്പെടുത്താനാവുന്ന രേഖകള്‍ ഞാന്‍ ഉള്‍പ്പെടുന്ന ചെറിയ സംഘത്തിന് ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശേഖരിക്കാനായി. സഹനത്തിന്റെ വലിയ ഗൃഹപാഠങ്ങള്‍ക്കൊടുവിലാണ് ഈ രേഖകള്‍ സമ്പാദിക്കാനായത്.

(പോലീസ് കൊടും

കുറ്റവാളികളെ 

സൃഷ്ടിക്കുന്ന വിധം

-കെവി. ഷാജി

-മറുവാക്ക് മാസിക)

വനിത

എന്നെ ഹിറ്റാക്കിയ ഒരുകൂട്ടം ആളുകള്‍ തന്നെ എന്നെയിപ്പോ വലിച്ചുകീറാന്‍ നോക്കുന്നതിലാണ് സങ്കടം. ഈയടുത്ത് 'കൂടെ' സിനിമ ഇറങ്ങിയപ്പോള്‍ വന്ന ട്രോള്‍ എനിക്ക് വല്ലാതെ വിഷമമായി. നസ്‌റിയ നാലു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുവരുന്ന സിനിമയായതുകൊണ്ട് ട്രോളന്മാരും അത് ആഘോഷമാക്കിയിരുന്നു. 

അതിനവര്‍ എന്നെ എന്തിന് ഇരയാക്കുന്നുവെന്നാണ് മനസ്സിലാകാത്തത്. 'നസ്‌റിയയൊക്കെ കാണുമ്പോഴാണ് പ്രിയാവാരിയരെയൊക്കെ പിടിച്ചു കിണറ്റിലിടാന്‍ തോന്നുന്നത്. ആരൊക്കെ പുരികം പൊന്തിച്ചാലും ഈ കണ്ണുകളുടെ ഭംഗിയില്ല' എന്നൊക്കെ പറഞ്ഞ് കളിയാക്കുകയാണ്. ഒരു നടിയെന്ന നിലയില്‍ എന്തെങ്കിലും പ്രൂവ് ചെയ്യാനുള്ള അവസരം പോലും എനിക്കു കിട്ടിയിട്ടില്ല. നന്നായി അഭിനയിക്കാന്‍ അറിയുമോയെന്നൊക്കെ കണ്ട് അഭിപ്രായം പറയേണ്ട ആളുകള്‍ ഒരു കാര്യവുമില്ലാതെ എന്നെ കുറ്റപ്പെടുത്തുന്നു. 

വേറെയൊരു ആക്ട്രസ്സിനെ സന്തോഷിപ്പിക്കാനായി എന്നെ ട്രോള്‍ ചെയ്യുന്നത് ശരിയാണോ ? ഇങ്ങനെയൊക്കെ ചെയ്യുന്നതിനു മുമ്പ് സിനിമയിറങ്ങി എന്റെ അഭിനയം നല്ലതാണോ മോശമാണോ എന്നൊക്കെ മനസ്സിലാകും വരെയൊന്ന് കാത്തിരുന്നുകൂടേ? 

(പ്രിയങ്കരി- പ്രിയാവാര്യര്‍

- വനിത)

കലാകൗമുദി

അറേബ്യന്‍ സമുദ്രത്തില്‍ നിന്നും വേനല്‍ക്കാലത്ത് ഉയര്‍ന്നുവരുന്ന നീരാവി കാലവര്‍ഷക്കാറ്റില്‍ തെക്കുപടിഞ്ഞാറന്‍ ദിക്കിലേക്ക് വീശുമ്പോള്‍ ഹരിത നിബിഢമായ കേരളത്തിലെ പശ്ചിമഘട്ട മലകളിലുള്ള തണുത്ത അന്തരീക്ഷത്തിന്റെ സഹായത്തോടെ കാറ്റിലെ ജലാംശം സംയോജിച്ച് കാലവര്‍ഷമായി പരിണമിക്കുന്നു. ഇതിന്റെ അടിസ്ഥാനം നമ്മുടെ പര്‍വ്വത-ആവാസ വ്യവസ്ഥകള്‍ തന്നെയാണ്. 

ഭാരതത്തില്‍ പശ്ചിമഘട്ടത്തെ കുടിവെള്ളത്തിനായി ആശ്രയ്ക്കുന്ന മുപ്പതു കോടിയില്‍പ്പരം ജനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. കേരളത്തില്‍ ഒഴുകുന്ന ചെറുതും വലുതുമായ നാല്‍പ്പത്തിനാല് നദികളും ഈ പര്‍വ്വതാവാസ വ്യവസ്ഥയില്‍ നിന്നോ അതിന്റെ തുടര്‍ സ്രോതസ്സുകളില്‍ നിന്നോ ഉത്ഭവിക്കുകയും പരിപ്രയാണം ചെയ്യുകയും ചെയ്യുന്നു. 

കേരളത്തിന്റെ ജലസ്രോതസ്സ് മാത്രമല്ല ജലത്തെ ആശ്രയിച്ചിരിക്കുന്ന സസ്യജന്തുവൈവിധ്യങ്ങളെ പോഷിപ്പിച്ചു നില നിര്‍ത്തുന്നതിന്റെ ചാലകശക്തി നാം തിരിച്ചറിയാന്‍ ശ്രമിക്കാത്ത നമ്മുടെ പര്‍വ്വതാവാസ വ്യവസ്ഥയാണ്.

(തകര്‍ക്കുന്ന പര്‍വ്വതാവാസ വ്യവസ്ഥ

- ഡോ. കെ.പി. ലാലാദാസ്

- കലാകൗമുദി)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.