നാശനഷ്ടം തിട്ടപ്പെടുത്തല്‍; റവന്യു പരിശോധന പ്രഹസനമായി

Monday 10 September 2018 1:19 am IST
പല വീടുകളുടെയും പുറത്ത് വിള്ളലുകള്‍ മാത്രമെ കാണുകയുള്ളു. ഉള്ളില്‍ കയറി പരിശോധിച്ചാലേ വീടിന്റെ തകര്‍ച്ച പൂര്‍ണമായും ബോദ്ധ്യപ്പെടൂ. രണ്ടു മാസത്തോളമായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ബഹുഭൂരിപക്ഷം വീടുകളും വാസയോഗ്യമല്ലാതായി കഴിഞ്ഞു. കൂടാതെ ഗൃഹോപകരണങ്ങളുടെ നഷ്ടവും വീടുകളുടെ വളരെ ദൂരത്ത് നിന്ന് എങ്ങിനെ തിട്ടപ്പെടുത്താന്‍ കഴിയുമെന്നും ദുരിതബാധിതര്‍ ചോദിക്കുന്നു.

ആലപ്പുഴ: കുട്ടനാട്ടില്‍ പ്രളയക്കെടുതി നഷ്ടം തിട്ടപ്പെടുത്താനുള്ള റവന്യു വകുപ്പിന്റെ പരിശോധന പ്രഹസനം. വെള്ളപ്പൊക്കത്തില്‍ തകര്‍ന്നടിഞ്ഞ പ്രദേശങ്ങളില്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും നാശനഷ്ടം വിലയിരുത്താന്‍ റവന്യു, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ പലയിടങ്ങളിലും എത്തിയിട്ടില്ല.

  കൈനകരിയടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം ഇതുവരെ ഇറങ്ങിയിട്ടില്ല. ഇവിടുത്തുകാരില്‍ ഭൂരിപക്ഷവും ദുരിതാശ്വാസ ക്യാമ്പുകളിലും, വാടകവീടുകളിലും, ബന്ധുവീടുകളിലുമാണ്. വീടുകളുടെയും, ഉപകരണങ്ങളുടെയും നാശനഷ്ടം വിലയിരുത്താന്‍ കൈനകരിയിലെത്തിയ ഉദ്യോഗസ്ഥര്‍ പൂട്ടിക്കിടക്കുന്ന വീടുകളുടെ വെളിയില്‍ നിന്ന് നഷ്ടം വിലയിരുത്തി മടങ്ങിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വീടുകളുടെ പരിസരം വരെ അരയാള്‍ ഉയരത്തില്‍ വെള്ളം ഉള്ളതിനാല്‍ പലയിടങ്ങളിലും പാടശേഖരങ്ങളുടെ ബണ്ടുകളില്‍ നിന്ന് നോക്കിക്കണ്ടാണ് നാശനഷ്ടം തിട്ടപ്പെടുത്തിയതത്രെ.

പല വീടുകളുടെയും പുറത്ത് വിള്ളലുകള്‍ മാത്രമെ കാണുകയുള്ളു. ഉള്ളില്‍ കയറി പരിശോധിച്ചാലേ വീടിന്റെ തകര്‍ച്ച പൂര്‍ണമായും ബോദ്ധ്യപ്പെടൂ. രണ്ടു മാസത്തോളമായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ബഹുഭൂരിപക്ഷം വീടുകളും വാസയോഗ്യമല്ലാതായി കഴിഞ്ഞു. കൂടാതെ ഗൃഹോപകരണങ്ങളുടെ നഷ്ടവും വീടുകളുടെ വളരെ ദൂരത്ത് നിന്ന് എങ്ങിനെ തിട്ടപ്പെടുത്താന്‍ കഴിയുമെന്നും ദുരിതബാധിതര്‍ ചോദിക്കുന്നു. 

നിലവില്‍ പ്രദേശത്തെ സിപിഎം പ്രാദേശിക നേതാക്കള്‍ പറയുന്നത് അനുസരിച്ചാണ് നാശനഷ്ടം തിട്ടപ്പെടുത്തുന്നത്. 

ക്യാമ്പുകളില്‍ നിന്ന് ദുരന്തബാധിതര്‍ പൂര്‍ണമായും മടങ്ങിയെത്തിയ ശേഷം അവരുടെ സാന്നിദ്ധ്യത്തില്‍ നഷ്ടം തിട്ടപ്പെടുത്തണമെന്നാണ് ആവശ്യം ഉയരുന്നത്. വെള്ളമിറങ്ങിയ പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥ പരിശോധന രാഷ്ട്രീയ പ്രേരിതമായാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്. 

ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളും വീടുകളും ഒഴിവാക്കി അന്വേഷണം നടത്തുന്നതായി ദുരിതബാധിതര്‍ പരാതിപ്പെടുന്നു. 

ഉദ്യോഗസ്ഥരുടെ അന്വേഷണങ്ങള്‍ക്കു ശേഷം വാസയോഗ്യമല്ലാത്ത വീടുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്തു തീര്‍ക്കാന്‍ കാത്തിരിക്കുകയാണു ജനം. 

ഉദ്യോഗസ്ഥ പരിശോധനകള്‍ക്ക് മുമ്പ് അറ്റകുറ്റപ്പണി തീര്‍ത്താല്‍ ആനുകൂല്യങ്ങളില്‍നിന്ന്ഒഴിവാകുമോയെന്ന ആശങ്കയിലാണു തകര്‍ന്ന വീടുകളില്‍ കഴിയുന്നവര്‍. 

കുട്ടനാട്ടില്‍ വീടുകള്‍ക്കൊപ്പം നിരവധി ക്ഷീരകര്‍ഷകരുടെ പശുത്തൊഴുത്ത്, മത്സ്യകൃഷി, കോഴിഫാമുകള്‍, മതിലുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ നശിച്ചിരുന്നു. 

ഇവിടെയൊന്നും റവന്യു വകുപ്പ് ഉദ്യോഗസ്ഥരോ, അതാത് വകുപ്പ്തല ഉദ്യോഗസ്ഥരോ എത്തി നോക്കിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.