പട്ടികജാതി കുടുംബത്തെ മതം മാറ്റി കബളിപ്പിച്ചു

Monday 10 September 2018 1:15 am IST

ആലപ്പുഴ: നിര്‍ദ്ധനരായ പട്ടികജാതി കുടുംബത്തെ  മതംമാറ്റി കബളിപ്പിച്ചു. മദ്രസാ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പോക്‌സോ നിയമപ്രകാരം റിമാന്‍ഡില്‍ കഴിയുന്ന കായംകുളം പുത്തന്‍ തെരുവ് ജുമാമസ്ജിദിലെ ഇമാം ആദിക്കാട്ടുകുളങ്ങര തറയില്‍തെക്കേതില്‍ മുഹമ്മദ് ഷിയാക്ക് ജൗഹരി (35)നെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 

 മാവേലിക്കര എണ്ണയ്ക്കാട്ട് ചിറയില്‍ തെക്കെതില്‍ വീട്ടില്‍ പൊടിയമ്മ- കുട്ടി ദമ്പതികളുടെ മകള്‍ സിജിയാണ് പരാതിക്കാരി. സിജിയും ഭര്‍ത്താവ് കലാധരനും മുഹമ്മദ് ഷിയാക്കിന്റെ പ്രേരണയാല്‍ മതം മാറുകയായിരുന്നു.  ഇവരിപ്പോള്‍  മുസ്തഫയും സാജിതയുമാണ്.  ലോട്ടറി വില്‍പനക്കാരനായ കലാധരനെ വീടും ചികിത്സയും മറ്റു സൗകര്യങ്ങളും വാഗ്ദാനം ചെയ്ത്  പൊന്നാനിയിലെ സ്ഥാപനത്തിലെത്തിച്ചായിരുന്നു മതം മാറ്റിയത്.  അമ്പലപ്പുഴ നീര്‍ക്കുന്നത്തെ പള്ളിയിലെത്തിച്ച് നിക്കാഹും നടത്തി. 

 തുടര്‍ന്ന് കായംകുളത്തെ വാടകവീട്ടില്‍ ഇവരെ താമസിപ്പിച്ചു. ഇവരുടെ പേരില്‍ ഇമാം വ്യാപകമായി പണപ്പിരിവും നടത്തി. പിന്നീട് എരുവയിലെ വാടക വീട്ടില്‍ താമസിപ്പിച്ചു. ആ വീട്  വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഇതിന്റെ പേരിലും പണപ്പിരിവു നടത്തി. എന്നാല്‍ മതം മാറ്റിയതല്ലാതെ യാതൊരു സഹായവും ഇയാള്‍ ചെയ്തില്ല. ഇതിനിടെ പര്‍ദ്ദകളും പലചരക്കു സാധനങ്ങളും നല്‍കാമെന്നു പറഞ്ഞ് സിജിയെ പള്ളിയിലേക്ക് വിളിച്ചുവരുത്തി അപമാനിക്കാനും ശ്രമിച്ചു. 

 ഇതിനെതിരെ ആലപ്പുഴ വനിതാ സെല്ലില്‍ 2016 സപ്തംബര്‍ 16ന് സിജി പരാതി നല്‍കി.  ഇതിന്റെ അടിസ്ഥാനത്തില്‍ ഒക്‌ടോബര്‍ ഒന്നിന് പരാതിക്കാരി മൊഴിയെടുക്കാനായി വനിതാ സെല്ലിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇമാമിന്റെ വധഭീഷണിയെത്തുടര്‍ന്ന് പോയില്ലെന്ന് സിജി ജന്മഭൂമിയോട് പറഞ്ഞു. തന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് ഇമാം നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും സിജിയും കലാധരനും പറഞ്ഞു. ഇമാമിന്റെ ഭീഷണി മൂലം നാടുവിട്ട് പല സ്ഥലങ്ങളിലായി മാറി താമസിക്കേണ്ട ഗതികേടിലാണ് രണ്ടു പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ ഈ കുടുംബം. 

 മദ്രസാ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ റിമാന്‍ഡിലായതോടെയാണ് തങ്ങളെ വഞ്ചിച്ച് മതംമാറ്റുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം പുറത്തു പറയാന്‍ ഇവര്‍ക്ക് ധൈര്യം ലഭിച്ചത്. ഇയാള്‍ക്കെതിരെ അടുത്ത ദിവസം ജില്ലാ പോലീസ് മേധാവിക്ക് അടക്കം പരാതി നല്‍കാനൊരുങ്ങുകയാണ് ഈ കുടുംബം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.