ഡാമുകള്‍ നിറഞ്ഞപ്പോഴും കാത്തിരിക്കുന്നത് വൈദ്യുതി ക്ഷാമം

Monday 10 September 2018 1:11 am IST
മഴക്കാലത്ത് സംസ്ഥാനത്തെ ഡാമുകളില്‍ ഇത്രയും അധികം വെള്ളം ഒഴുകിയെത്തുന്നത് ആദ്യമായാണ്. ജലവൈദ്യുത പദ്ധതികളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നതിനാല്‍ ഇത് ആദ്യം വലിയ ആശ്വാസമായെങ്കിലും മഹാപ്രളയം കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു.

ഇടുക്കി: പ്രളയം ഏല്‍പ്പിച്ച മുറിവില്‍ നിന്ന് കരകയറാന്‍ കൊതിക്കുന്ന മലയാളികളെ വരും നാളുകളില്‍ കാത്തിരിക്കുന്നത് കടുത്ത വൈദ്യുതി പ്രതിസന്ധി. പ്രധാന ജലസംഭരണികള്‍ അടക്കം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് നിറഞ്ഞപ്പോഴും ഇത്തരമൊരു ദുര്‍വിധി ആരും കണക്ക് കൂട്ടിയിട്ടില്ല. 

മഴക്കാലത്ത് സംസ്ഥാനത്തെ ഡാമുകളില്‍ ഇത്രയും അധികം വെള്ളം ഒഴുകിയെത്തുന്നത് ആദ്യമായാണ്. ജലവൈദ്യുത പദ്ധതികളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നതിനാല്‍ ഇത് ആദ്യം വലിയ ആശ്വാസമായെങ്കിലും മഹാപ്രളയം കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. പിന്നാലെ കാലാവസ്ഥയില്‍ ഗുരുതര മാറ്റവും കൂടി എത്തിയതോടെ വരുംനാളുകളില്‍ ജനജീവിതം ദുസ്സഹമാകും. പവര്‍കട്ടിലേക്കാണ് സാഹചര്യം നീങ്ങുന്നതെന്ന് ആഗസ്റ്റ് 20ന് ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു. 

സാധാരണഗതിയില്‍ സംസ്ഥാനത്ത് ആകെ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 20-30 ശതമാനം വരെ മാത്രമാണ് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുക. ബാക്കിയുള്ളതില്‍ ഒരു വിഹിതം കേന്ദ്രത്തിന്റേതും പോരാതെ വരുന്നത് ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തില്‍ പുറത്ത് നിന്ന് വാങ്ങുന്നതുമാണ്. മഴക്കാലം ശക്തമായതോടെ സംസ്ഥാനത്തെ ആഭ്യന്തര ഉല്‍പ്പാദനം ഈ വര്‍ഷം ആദ്യം തന്നെ 50 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. പിന്നീടത് 60 ശതമാനത്തിനും മുകളിലെത്തിയ ദിവസങ്ങളും ഉണ്ട്. ഇതിന് മുമ്പ് 2013ലാണ് ഇത്തരത്തില്‍ വൈദ്യുതി ഉല്‍പ്പാദനം ഉയര്‍ത്തിയത്. 

മഴക്കാലത്ത് 50-62 ദശലക്ഷം യൂണിറ്റിനിടയിലാണ് പരമാവധി ഉപഭോഗം എത്താറുള്ളത്. പിന്നീടത് ഘട്ടംഘട്ടമായി ഉയര്‍ന്ന് വേനല്‍ക്കാലത്ത് 75-80 ദശലക്ഷം വരെ എത്തും. നിലവില്‍ 68 ദശലക്ഷം യൂണിറ്റ് വരെ ഉപഭോഗം എത്തിയിട്ടുണ്ട്. ഇതിനൊപ്പം പ്രളയം ബാധിച്ച പലയിടങ്ങളിലും ഇനിയും വൈദ്യുതി എത്തിക്കാനായിട്ടില്ല. 

വെള്ളം കയറി തകരാറിലായതോടെ നിരവധി വലിയ കമ്പനികളുടെ പ്രവര്‍ത്തനം പഴയ രീതിയില്‍ എത്തിയിട്ടില്ല. ഇവിടങ്ങളിലെയും ഉല്‍പ്പാദനം രണ്ട് മാസങ്ങള്‍ക്കുള്ളില്‍ പഴയപടി എത്തുമെന്നാണ് കണക്കുകൂട്ടല്‍. 

വരും ദിവസങ്ങളില്‍ ഇതിനാല്‍ തന്നെ ഉപഭോഗം വീണ്ടും ഉയരും. ഇതിന് മുമ്പ് 2013 സെപ്തംബര്‍ അവസാനമാണ് ഡാമുകളെല്ലാം നിറയുന്നത്. മുന്‍വര്‍ഷം ഡിസംബര്‍ ആദ്യം 75 ശതമാനം വരെ വെള്ളം എത്തിയിരുന്നു. 2016ല്‍ ഇത് പരമാവധി 65 ശതമാനത്തിലും താഴെയായിരുന്നു. നിലവില്‍ 85 ശതമാനമാണ് ജലശേഖരം. ഇത്തരത്തില്‍ വെള്ളം ഉപയോഗിച്ചാല്‍ രണ്ട് മാസം കൊണ്ട് ഇത് 70 ശതമാനത്തിനും താഴെയെത്തും. 

കണക്കുകൂട്ടലുകള്‍ തെറ്റി

എല്ലാവര്‍ഷവും മഴക്കാലത്തിന് ശേഷം ഡാമുകളിലെ ജലനിരപ്പു പരിശോധിച്ച ശേഷമാണ് ആ മഴ വര്‍ഷത്തെ സംസ്ഥാനത്തെ വൈദ്യുതി ഉല്‍പ്പാദനം നിജപ്പെടുത്തുന്നത്. മഴ ലഭിക്കുന്ന സമയങ്ങളില്‍ പുറമെ നിന്നുള്ള വൈദ്യുതി കുറച്ച് ആഭ്യന്തര ഉല്‍പ്പാദനം കൂട്ടുകയാണ് ചെയ്യുക. ഈ വര്‍ഷം ഇത്തരത്തില്‍ കേന്ദ്ര വിഹിതത്തില്‍ അഞ്ച് ദശലക്ഷം യൂണിറ്റ് വരെ വാങ്ങിക്കാതിരുന്ന സമയങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തകരാറുകള്‍ കണക്കുകൂട്ടലുകളെ ഒന്നാകെ തെറ്റിച്ച് എത്തിയത്. 

മഴക്കാലത്താണ് കേന്ദ്ര പൂള്‍ വഴി വൈദ്യുതി നല്‍കുന്ന സ്റ്റേഷനുകളിലെ വാര്‍ഷിക അറ്റകുറ്റപ്പണി നടക്കുക. ഇതിനായി ഒന്ന് മുതല്‍ രണ്ട് മാസം വരെ എടുക്കാറുമുണ്ട്. ഇത്തരത്തില്‍ അറ്റകുറ്റപ്പണിക്കായി കൂടംകുളം കഴിഞ്ഞ മാസം എട്ടിന് അടച്ചു. ഇതിന് പിന്നാലെ പ്രളയം ഉണ്ടായതോടെ ചെറുകിട പദ്ധതികളും അഞ്ച് വലിയ പദ്ധതികളും തകരാറിലായി. പിന്നാലെ കരാര്‍ അടിസ്ഥാനത്തില്‍ ലഭിച്ചിരുന്ന വൈദ്യുതിയിലും കുറവുണ്ടായി. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ചൂട് കൂടിയതിനാല്‍ വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ രൂക്ഷമാകും. 

തകരാറിലായ ജലവൈദ്യുത പദ്ധതികളിലെ പ്രശ്‌നം പരിഹരിക്കാന്‍ വൈകുന്നത് വലിയ തിരിച്ചടിയാകും ഭാവിയില്‍ ഉണ്ടാക്കുക. പദ്ധതികളിലെ വെള്ളം പാഴാകുന്നതിനൊപ്പം കുടിവെള്ളത്തിനും ക്ഷാമം ഉണ്ടാകും. മിക്ക ചെറുകിട പദ്ധതികളും വലിയ പദ്ധതികളിലെ വെള്ളം ഉപയോഗിച്ചും അല്ലാതെയുമാണ് പ്രവര്‍ത്തിക്കുന്നത.് നിലവില്‍ ഇവിടേക്ക് എത്തുന്ന വെള്ളം വെറുതെ കളയേണ്ട അവസ്ഥയാണ്. ഒരു യൂണിറ്റ് വൈദ്യുതി നിര്‍മിക്കാന്‍ 20,000 ലിറ്ററിന് മുകളില്‍ വേണം ഒരോ പദ്ധതികളിലും. ഇത് ഇടുക്കി പോലുള്ള ആറില്‍ താഴെ പദ്ധതികളില്‍ മാത്രമാണ് 650 ലിറ്റര്‍ ശരാശരി വരുന്നത്. പവര്‍ഹൗസുകളുടെയും ഡാമുകളുടെയും ഉയരത്തിന് അനുസരിച്ച് ഇത് മാറിക്കൊണ്ടിരിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.