റേഷന്‍ കാര്‍ഡ്-ആധാര്‍ ബന്ധിപ്പിക്കല്‍: സംസ്ഥാനത്ത് അട്ടിമറിക്കുന്നു

Monday 10 September 2018 1:20 am IST
കണക്കുകള്‍ നിരത്തി ആധാറുമായി ബന്ധിപ്പിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ആനുകൂല്യങ്ങള്‍ പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. ആയിരക്കണക്കിന് റേഷന്‍ കാര്‍ഡുകളില്‍ കാര്‍ഡ് ഉടമയായ വീട്ടിലെ മുതിര്‍ന്ന സ്ത്രീകളുടെ ആധാര്‍ നമ്പറുകള്‍ മാത്രമാണ് ബന്ധിപ്പിച്ചിരിക്കുന്നത്. മറ്റ് അംഗങ്ങളെല്ലാം പുറത്താണ്.

കാസര്‍കോട്: റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ച് ഭക്ഷ്യധാന്യ വിതരണം സുഗമമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം  കേരളത്തില്‍ അട്ടിമറിക്കുന്നു. 

കണക്കുകള്‍ നിരത്തി ആധാറുമായി ബന്ധിപ്പിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ആനുകൂല്യങ്ങള്‍ പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. ആയിരക്കണക്കിന് റേഷന്‍ കാര്‍ഡുകളില്‍ കാര്‍ഡ് ഉടമയായ വീട്ടിലെ മുതിര്‍ന്ന സ്ത്രീകളുടെ ആധാര്‍ നമ്പറുകള്‍ മാത്രമാണ് ബന്ധിപ്പിച്ചിരിക്കുന്നത്. മറ്റ് അംഗങ്ങളെല്ലാം  പുറത്താണ്. പലസ്ഥലങ്ങളിലും മുതിര്‍ന്ന സ്ത്രീകള്‍ അസുഖങ്ങളോ മറ്റ് കാരണങ്ങളാലോ റേഷന്‍ കടകളില്‍ പോയി മണിക്കൂറുകള്‍ ക്യൂ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍  ബുദ്ധിമുട്ടുള്ളവരാണ്. 

കാര്‍ഡില്‍ പേരുണ്ടെങ്കില്‍ പോലും ആധാറുമായി ബന്ധിപ്പിക്കാത്തതിനാല്‍ ആ കാര്‍ഡില്‍ പേരുള്ള മറ്റ് വ്യക്തികള്‍ പോയാല്‍ സാധനങ്ങള്‍ ലഭിക്കുകയുമില്ല.  ഈ പ്രശ്‌നം കാരണം പ്രായമായ സ്ത്രികളെയും കൊണ്ട് റേഷന്‍ കടകളിലെത്തേണ്ട ദുരവസ്ഥയാണ്.

കേന്ദ്ര സര്‍ക്കാറിനെതിരെ ജനരോഷം ഉണ്ടാക്കാന്‍ ഒരു വിഭാഗം ഇടതുപക്ഷ അനുകൂല ജീവനക്കാരാണ് റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത്  അട്ടിമറിക്കുന്നത്.  സിവില്‍ സപ്ലൈസ് ഓഫീസുകളിലും റേഷന്‍ കടകളിലും പരാതി നല്‍കിയിട്ടും പ്രശ്‌നം പരിഹരിക്കുന്നില്ല.  കാരണം തിരക്കുന്ന ഉപഭോക്താക്കളോട് പറയുന്നതാകട്ടെ തിരുവനന്തപുരത്ത് ഇതുമായി ബന്ധപ്പെട്ട സെര്‍വര്‍ തകരാറാണ് ഡാറ്റ എന്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ല തുടങ്ങിയവയാണ്. ഇ പോസ് മെഷീനിലേക്ക്  ഡേറ്റ തയാറാക്കുന്നത് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ്. ഇവിടെ സംഭവിച്ചിരിക്കുന്ന തകരാര്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് റേഷന്‍ കടയുടമകള്‍ പറയുന്നു. കാര്‍ഡില്‍ പേരുണ്ടെങ്കിലും ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ വിരലടയാളം മെഷീന്‍ നിരസിക്കുന്നതിനാല്‍ തന്നെ റേഷന്‍ വസ്തുക്കള്‍ ലഭിക്കുകയില്ല. 

സംസ്ഥാനത്തെ 14,335 റേഷന്‍ കടകളിലും ഇ പോസ് മെഷീന്‍ ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കളുടെ വിതരണം ആരംഭിച്ച് കഴിഞ്ഞതോടെ സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം കാരണം നിരവധി കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.