ചരിത്രം കുറിച്ച് ഒസാക്ക

Sunday 9 September 2018 11:17 pm IST

ന്യൂയോര്‍ക്ക്: നവോമി ഒസാക്ക ചരിത്രം കുറിച്ചു. ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കുന്ന ആദ ജപ്പാന്‍ താരമെന്ന റെക്കോഡ് ഒസാക്ക സ്വന്തമാക്കി. വിവാദമായ യുഎസ് ഓപ്പണ്‍ ഫൈനലില്‍ മുന്‍ ചാമ്പ്യനായ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഒസാക്ക ചരിത്രമെഴുതിയത്. സ്‌കോര്‍: 6-2, 6-3.

ഫൈനലില്‍ ആധിപത്യം സ്ഥാപിച്ച ഒസാക്ക ആദ്യ സെറ്റ് 6-2 ന് നേടി. രണ്ടാം സെറ്റിലാണ് നാടകീയവും വിവാദവുമായ സംഭവ പരമ്പരകള്‍ അരങ്ങേറിയത്. അമേരിക്കന്‍ താരമായ സെറീനയുടെ കോച്ച് പാട്രിക് കളിക്കാരുടെ ബോക്‌സിലിരുന്ന സെറീനയക്ക് ആംഗ്യങ്ങളിലുടെ നിര്‍ദേശങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ട അമ്പയര്‍ റാമോസ് സെറീന പെരുമാറ്റചട്ടം ലംഘിച്ചതായി ആരോപിച്ചു.

പൊട്ടത്തെറിച്ച സെറീന റാക്കറ്റ് വലിച്ചെറിഞ്ഞു. ഇതിന് അമ്പയര്‍  സെറീനയുടെ ഒരുപോയിന്റ് വെട്ടിക്കുറച്ചു. തുടര്‍ന്ന് അമ്പയറോട് കൈചൂണ്ടി സംസാരിച്ച സെറീന അദ്ദേഹത്തെ കള്ളനെന്ന് വിളിച്ചു. 

3-4 ന് പിന്നിട്ടുനില്‍ക്കുമ്പോഴാണ് സെറീന വിവാദങ്ങളുണ്ടാക്കിയത്. അമ്പയര്‍ സെറീനയ്ക്ക് പിഴ വിധിച്ചതോടെ ഒസാക്ക 5-3 ന് മുന്നിലെത്തി. മികവ് തുടര്‍ന്ന ഒസാക്ക അനായാസം രണ്ടാം സെറ്റും പിടിച്ചെടുത്ത് വിജയം സ്വന്തമാക്കി.

ഫൈനലില്‍ തോറ്റതോടെ യുഎസ് ഓപ്പണ്‍ നേടി മാര്‍ഗററ്റ് കോര്‍ട്ടിന്റെ 24 വമ്പന്‍ കിരീടങ്ങളെന്ന റെക്കോഡിനൊപ്പം എത്താമെന്ന സെറീനയുടെ മോഹം തകര്‍ന്നു. മുപ്പത്തിയാറുകാരിയായ സെറീന ഇതുവരെ 23 വന്‍ കിരീടങ്ങള്‍ പോക്കറ്റിലാക്കിയിട്ടുണ്ട്.

യുഎസ് ഓപ്പണ്‍ ഫൈനലില്‍ സെറീനയെ നേരിടുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. സെറീനയുമായി കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഒസാക്ക മത്സരശേഷം പറഞ്ഞു.

സമ്മാനദാന ചടങ്ങില്‍ ഒസാക്ക കിരീടം ഏറ്റുവാങ്ങിയപ്പോള്‍ സെറീനയുടെ ആരാധകര്‍ കൂകി വിളിച്ചു. എല്ലാവരും സെറീനയെയാണ് പ്രോത്സാഹിപ്പിച്ചത്. അവസാനം ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ ക്ഷമചോദിക്കുന്നുയെന്ന് ഒസാക്ക പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.