വ്യത്യസ്തതകള്‍ മറന്ന് ഹിന്ദു സമൂഹം ഒന്നിക്കണം- മോഹന്‍ ഭാഗവത്

Monday 10 September 2018 1:24 am IST

ന്യൂദല്‍ഹി: ഒന്നിച്ചു നിന്നപ്പോള്‍ മാത്രമാണ് ഹിന്ദു സമൂഹത്തിന് നേട്ടങ്ങളുണ്ടാക്കാനായതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ആഗോള തലത്തില്‍, വ്യത്യസ്തതകള്‍ മറന്ന്, ഹിന്ദു സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണം, മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തു. 

ചിക്കാഗോയില്‍ ലോക ഹിന്ദു കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കാട്ടിലെ ശക്തരായ മൃഗങ്ങളാണ് സിംഹവും കടുവയും. എന്നാല്‍ ഒറ്റയ്ക്ക് നിന്നാല്‍ സിംഹത്തെപ്പോലും വേട്ടപ്പട്ടികള്‍ ആക്രമിച്ചു കീഴടക്കും. ഹിന്ദു സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ബോധവത്കരിക്കാന്‍ ആര്‍എസ്എസ് കാര്യകര്‍ത്താക്കള്‍ ഈ ഉദാഹരണം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ടെന്ന് സര്‍സംഘചാലക് പറഞ്ഞു. 

വിഘടിച്ചു നിന്നതിന്റെ ദുരിതങ്ങള്‍ നൂറ്റാണ്ടുകളോളം അനുഭവിച്ചു ഹിന്ദു സമൂഹം. എന്നാല്‍ ഒന്നിച്ചു നിന്നപ്പോള്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചു. സംഘടിക്കുക എന്നത് ഹിന്ദുക്കളെ സംബന്ധിച്ച് എന്നും വിഷമം പിടിച്ച കാര്യമാണ്. പ്രവര്‍ത്തിക്കുന്ന ഏറ്റവും മികച്ച വ്യക്തിത്വങ്ങള്‍ ഹിന്ദു സമൂഹത്തില്‍ നിന്നുള്ളവരാണ്. എന്നാല്‍ അവര്‍ ഒരിക്കലും ഒന്നിക്കില്ല, ഒന്നിച്ചു നില്‍ക്കില്ല, ഒന്നിച്ചു പ്രവര്‍ത്തിക്കില്ല. 

കീടങ്ങളെപ്പോലും കൊല്ലുന്ന ധര്‍മമല്ല ഹിന്ദുധര്‍മമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. എന്നാല്‍ നിയന്ത്രിക്കും. നമ്മെ നശിപ്പിക്കാന്‍ വരുന്ന ശക്തികളെപ്പോലും ഉന്മൂലനം ചെയ്യുന്നത് നമ്മുടെ നയമല്ല. എന്നാല്‍ അവരെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയും. ആരിലും ആധിപത്യം നേടണമെന്നത് ഹിന്ദു ധര്‍മത്തിന്റെ ലക്ഷ്യമല്ല. അതേസമയം കൃത്യമായ വഴികളിലൂടെ ഈ സമൂഹത്തിന് ഉന്നതിയിലേക്ക് കുതിക്കുകയും വേണം. ഓരോരുത്തരിലുമുള്ള ഹിന്ദുത്വത്തെ തിരിച്ചറിയണം. ആ ഹിന്ദുത്വത്തില്‍ ഊന്നി കാലത്തിന്റെ ആവശ്യം ഹിന്ദുസമൂഹത്തിലെ ഓരോരുത്തരും തിരിച്ചറിയണം. 

നിങ്ങള്‍ക്കു വേണമെങ്കില്‍ എന്നെ ആധുനിക വിരുദ്ധന്‍ എന്നു വിളിക്കാം. എന്നാല്‍ ആധുനികതയെ ഭാവിയിലേക്ക് ഉറ്റു നോക്കാനുള്ള മാര്‍ഗമായാണ് ഞാന്‍ വിശേഷിപ്പിക്കുക. ഹിന്ദു സമൂഹം ഒരേ സമയം പൗരാണികവും ആധുനികോന്മുഖവുമാണ്. മനുഷ്യവംശം ഇരുപതു വര്‍ഷം കഴിഞ്ഞ് എന്ത് ചിന്തിക്കണം എന്ന് നാം ഇപ്പോള്‍ ആലോചിക്കുന്നു. 

വ്യക്തിഗതമായ താല്‍പര്യങ്ങള്‍ മാറ്റിവെച്ച് സമവായത്തിന്റെ മാര്‍ഗത്തിലേക്ക് വരാന്‍ മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തു. യോജിച്ചു പ്രവര്‍ത്തിക്കാവുന്ന ഘട്ടത്തിലാണ് ഹിന്ദുസമൂഹം ഇപ്പോള്‍. 

അടിസ്ഥാന തത്വങ്ങളും ആധ്യാത്മികതയും മറന്നതിന്റെ പ്രശ്‌നങ്ങള്‍ ആയിരക്കണക്കിനു വര്‍ഷങ്ങളോളും ഹിന്ദുക്കള്‍ അനുഭവിച്ചു. ജീവിതത്തിന്റെ എല്ലാ തലങ്ങലിലും ഹിന്ദുത്വമുണ്ട്. അത് തിരിച്ചറിയണം. നടന്‍ അനുപം ഖേര്‍ അതു തിരിച്ചറിഞ്ഞു. ജീവിതത്തിന്റെ ഭാഗമാണ് സിനിമയും. അവിടെയും ഹിന്ദുത്വത്തിന്റെ സാന്നിധ്യമുണ്ടെന്നറിയണം, ഹിന്ദു കോണ്‍ഗ്രസില്‍ പ്രഭാഷകനായി എത്തിയ അനുപം ഖേറിനെ പരാമര്‍ശിച്ച് മോഹന്‍ ഭാഗവത് പറഞ്ഞു. 

1893ല്‍ നടന്ന ലോക മതപാര്‍ലമെന്റില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രഭാഷണത്തിന്റെ 125-ാം വാര്‍ഷികത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ, ഹിന്ദു കോണ്‍ഗ്രസ് അധ്യക്ഷന്‍ എസ്.പി. കോത്താരി, കോഓര്‍ഡിനേറ്റര്‍ അഭയ അസ്താന, നടന്‍ അനുപം ഖേര്‍, സുരിനാം റിപ്പബ്ലിക് വൈസ് പ്രസിഡന്റ് അശ്വിന്‍ അധിന്‍,  രാജു റഡ്ഡി എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.