എലിപ്പനി പ്രതിരോധം: മരുന്നിനെ ചൊല്ലി തര്‍ക്കം രൂക്ഷം

Monday 10 September 2018 1:25 am IST

തിരുവനന്തപുരം: എലിപ്പനി പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള ഡോക്‌സിസൈക്ലിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷം. ഹോമിയോപ്പതി മരുന്നുകള്‍ നല്‍കാന്‍ അനുവദിക്കരുതെന്നും ഹോമിയോപ്പതി ചികിത്സാ രീതി തന്നെ നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്.

അലോപ്പതിയില്‍  ഡോക്‌സിസൈക്ലിന്‍ എന്ന ആന്റിബയോട്ടിക് ആണ് പ്രതിരോധത്തിനും ചികിത്സയ്ക്കും ഉപയോഗിച്ച് വിജയിച്ചതെന്ന് ഐഎംഎ പറയുന്നു. എന്നാല്‍ ഇതിന് പാര്‍ശ്വഫലങ്ങള്‍ ഏറെയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍(ഐഎച്ച്എംഎ) രംഗത്തെത്തി. ഹോമിയോപ്പതിയില്‍ പ്രതിരോധത്തിനും ചികിത്സയ്ക്കും ഫലപ്രദമായ മരുന്നുണ്ടെന്നും ഐഎച്ച്എംഎ പറയുന്നു. 

ഡോക്‌സിസൈക്ലിന്റെ 100 മി.ഗ്രാം വീതമുള്ള രണ്ട് ഗുളികളാണ്  അലോപ്പതിപ്രതിരോധം.   ഇത് എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്‍കരുതെന്ന് ആരോഗ്യവകുപ്പ് തന്നെ ചികിത്സാ പ്രോട്ടോകോളില്‍ വ്യക്തമാക്കുന്നുണ്ട്. ഇതാണ് ഇപ്പോള്‍ വ്യാപക പരാതിക്ക് കാരണം. 

മാത്രമല്ല പെന്‍സിലിന്‍ അലര്‍ജി ഉള്ളവര്‍ക്കും മരുന്ന് പാര്‍ശ്വഫങ്ങള്‍ ഉണ്ടാക്കും എന്നും  പറയുന്നു. ഇത് കഴിക്കുമ്പോള്‍ വയറെരിച്ചില്‍ ഉണ്ടാകും എന്നാണ് മറ്റൊരു ആരോപണം. 

ഡോക്‌സിസൈക്ലിന്‍ വിജയം:   ഐഎംഎ

 ഡോക്‌സിസൈക്ലിന്‍ ലോകമെമ്പാടും പരീക്ഷിച്ച് വിജയം കണ്ടതാണെന്ന് ഐഎംഎ കേരളഘടകം സെക്രട്ടറി ഡോ. എന്‍. സുള്‍ഫി പറഞ്ഞു. ഇത്  പ്രതിരോധ മരുന്നായി കഴിക്കുമ്പോള്‍ ശരീരത്തില്‍ എലിപ്പനി രോഗാണു കടക്കില്ല.  ഏഴ് ദിവസം വരെ ഇതിന്റെ പ്രതിരോധം ഉണ്ടാകും. അതുകൊണ്ടാണ് വെള്ളക്കെട്ടുമായി ബന്ധപ്പെടുന്നവര്‍ ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കണം എന്നുപറയുന്നത്. 

പന്ത്രണ്ട് മണിക്കൂര്‍ ഇടവിട്ട് ഓരോഗ്ലാസ് വെള്ളത്തോടൊപ്പം ഗുളിക കഴിച്ചാല്‍ വയര്‍ എരിച്ചില്‍ ഉണ്ടാകില്ല. 

എലിപ്പനിയുടെ ആദ്യഘട്ടത്തില്‍ (ഏഴ് മുതല്‍ 10 ദിവസം വരെ)യുള്ള ചികിത്സയാണ് ഏറ്റവും ഫലപ്രദം. ഈ സമയത്ത് ഡോക്‌സിസൈക്ലിന്‍ രണ്ട് നേരം അഞ്ചുമുതല്‍ ഏഴ് ദിവസം വരെ നല്‍കും. 

കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും അമോക്‌സിസൈലിനും അസത്രോമൈസിനും ആണ് നല്‍കുന്നത്. 

ഐഎംഎയ്ക്ക് ധാര്‍ഷ്ട്യം: ഐഎച്ച്എംഎ

ചികിത്സാ രംഗത്ത് തങ്ങള്‍ മാത്രം മതിയെന്ന ധാര്‍ഷ്ട്യമാണ് ഹോമിയോ ചികിത്സയെ തള്ളിപ്പറയുന്നതിന് പിന്നില്‍ ഐഎംഎയക്ക് ഉള്ളതെന്ന് ഇന്ത്യന്‍ ഹോമിേയാപതിക് മെഡിക്കല്‍ അസോസിയേഷന്‍(ഐഎച്ച്എംഎ) കേരളഘടകം പ്രസിഡന്റ് ഡോ. എം.ഇ. പ്രശാന്ത് കുമാര്‍. 

ക്യൂബയടക്കമുള്ള രാജ്യങ്ങളില്‍ എലിപ്പനിയെ ഹോമിയോ മരുന്ന് ഫലപ്രദമായി പ്രതിരോധിച്ചിരുന്നു. ഇതെല്ലാം മറച്ച് വച്ചാണ് ഹോമിയോപതിക്കെതിരെ പ്രചരണം.  

ഫലപ്രദമായ ചികിത്സാ രീതി അല്ലെങ്കില്‍ പിന്നെ എന്തിനാണ് ഹോമിയോ മെഡിക്കല്‍കോളേജും ഹോമിയോ ഡയറക്ടറേറ്റും ഡിസ്പന്‍സറികളും സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.  

വിതരണം ചെയ്യുന്നത് ധാരണ ഇല്ലാതെ

ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഡോക്‌സിസൈക്ലിന്‍ യാതൊരു ധാരണയും നല്‍കാതെ വീടുകളില്‍ വിതരണം ചെയ്യുകയാണ്. 

ആശുപത്രികളില്‍ എത്തുന്ന കുട്ടികള്‍ക്കും  ഗര്‍ഭിണികള്‍ക്കും മാത്രാണ് ഡോക്‌സിസൈക്ലിനുപകരം മറ്റ് മരുന്നുകള്‍ നല്‍കുന്നത്.  

വൃക്ക, ശ്വാസകോശം, ഹൃദയം തുടങ്ങിയവയെ രോഗം ബാധിച്ചിട്ടുള്ളവരും കടുത്ത പ്രമേഹമുള്ളവരും ഇത് കഴിച്ചാല്‍ ഗുരുതര പാര്‍ശ്വഫലം ഉണ്ടാകുമെന്നു ആരോഗ്യരംഗത്ത് ഉള്ളവര്‍ തന്നെ പറയുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.