ലീഗ് നേതാവിനെതിരെ വനിതാ നേതാവിന്റെ പരാതി

Monday 10 September 2018 1:26 am IST

കണ്ണൂര്‍: മുസ്ലിംലീഗ് നേതാവിനെതിരെ വനിതാ ലീഗ് നേതാവായ യുവതി  നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്ത  ലീഗ് നേതൃത്വത്തിന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തം. മുസ്ലിംലീഗ്  അഴീക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറിയും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ കെപിഎ സലീമിനെതിരെയാണ് വനിതാ ലീഗ് നേതാവും പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തംഗവുമായ യുവതി   പരാതി നല്‍കിയത്. 

വനിതാ ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയംഗവും അഴീക്കോട് മണ്ഡലം പ്രതിനിധിയും പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തംഗവുമായ യുവതിയാണ് പരാതിക്കാരി.  ലീഗ് ജില്ലാ കമ്മിറ്റിയടക്കമുളള ഘടകങ്ങള്‍ക്കാണ് പരാതി കൊടുത്തത്. കഴിഞ്ഞ  ആഗസ്റ്റ് മാസത്തില്‍ നല്‍കിയ പരാതിയില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. 

സലീം തന്നോട് ലൈംഗിക ദുരുദ്ദേശ്യത്തോടെ പെരുമാറിയെന്നും ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിച്ച് കുടുംബം തകര്‍ക്കാന്‍ ശ്രമിച്ചു എന്നുമാണ് പരാതി.  മണ്ഡലം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഏറെ ബഹുമാനിച്ചിരുന്ന സലീം തന്നെ മറ്റൊരു തരത്തിലാണ് കണ്ടതെന്നും പല രാത്രികളിലും ദുരുദ്ദേശ്യത്തോടെ വീട്ടില്‍ വന്ന് മറ്റൊരു കണ്ണോടെ കണ്ടതായും യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഉദ്ദേശ്യം നടക്കാതായപ്പോള്‍ വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിയായ യൂത്ത് ലീഗ് നേതാവിനെയും ചേര്‍ത്ത് അപവാദങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ഭര്‍ത്താവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.  പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി അഞ്ചംഗ അന്വേഷണ കമ്മീഷനെ പാര്‍ട്ടി തലത്തില്‍ നിയോഗിച്ചിരുന്നു.  സമിതിയുടെ അന്വേഷണത്തില്‍ സലീമിനെയുള്ള പരാതി വസ്തുതാപരമാണെന്ന് കണ്ടെത്തിയിരുന്നതായും പറയപ്പെടുന്നു. സലീമിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയേ തീരൂവെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിലാണ് ജില്ലയിലെ ഒരു വിഭാഗം ലീഗ് നേതാക്കളും പ്രവര്‍ത്തകരും. മോശമായി പെരുമാറിയ കൗണ്‍സിലര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ നിയമ നടപടിയിലേക്ക് നീങ്ങാനുളള ഒരുക്കത്തിലാണ് വനിതാനേതാവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.