രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശ രേഖ

Monday 10 September 2018 1:29 am IST
രോഗികളുടെ 17 അവകാശങ്ങളാണ് പ്രമാണത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. രോഗത്തെക്കുറിച്ചും ചികിത്സ നല്‍കുന്നവരുടെ യോഗ്യതയെകുറിച്ചും അറിയാന്‍ രോഗിക്ക് അവകാശമുണ്ട്. രോഗവുമായി ബന്ധപ്പെട്ട പരിശോധനാ ഫലങ്ങള്‍ കാണാനും കോപ്പികള്‍ കൈവശപ്പെടുത്താനും രോഗിക്ക് അവകാശമുള്ളതായി പ്രമാണം വ്യക്തമാക്കുന്നു. അപകടത്തില്‍ പരിക്കു പറ്റിയവര്‍ക്കും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവര്‍ക്കും മുന്‍കൂറായി പണം അടയ്ക്കാതെ തന്നെ അത് ലഭ്യമാക്കണം.

ന്യൂദല്‍ഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംസ്ഥാനസര്‍ക്കാരുകള്‍ നടപ്പാക്കേണ്ട രോഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രമാണത്തിന് രൂപം നല്‍കി. ഭരണകൂടം, ആശുപത്രികള്‍, ഡോക്ടര്‍മാര്‍ എന്നിവരില്‍ നിന്ന് രോഗികള്‍ക്ക് ലഭിക്കേണ്ട സേവനങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശ രേഖയാണിത്. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ കൂടിയാണ് അവകാശ പ്രമാണം. 

രോഗികളുടെ 17 അവകാശങ്ങളാണ് പ്രമാണത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. രോഗത്തെക്കുറിച്ചും ചികിത്സ നല്‍കുന്നവരുടെ യോഗ്യതയെകുറിച്ചും അറിയാന്‍ രോഗിക്ക് അവകാശമുണ്ട്. രോഗവുമായി ബന്ധപ്പെട്ട പരിശോധനാ ഫലങ്ങള്‍ കാണാനും കോപ്പികള്‍ കൈവശപ്പെടുത്താനും രോഗിക്ക് അവകാശമുള്ളതായി പ്രമാണം വ്യക്തമാക്കുന്നു. അപകടത്തില്‍ പരിക്കു പറ്റിയവര്‍ക്കും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവര്‍ക്കും മുന്‍കൂറായി പണം അടയ്ക്കാതെ തന്നെ അത് ലഭ്യമാക്കണം.

രോഗിയുടെ അനുവാദത്തോടുകൂടി മാത്രം അപകടസാധ്യതയുള്ള പരിശേധനകളും ചികിത്സയും നല്‍കുക. രോഗവിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കുവാന്‍ വൈദ്യസഹായം നല്‍കുന്നവര്‍ ബാധ്യസ്ഥരാണ്. രണ്ടാമൊതുരു ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കാനും ഓരോ സേവനങ്ങള്‍ക്കും വേണ്ടിവരുന്ന തുക അറിയാനുമുള്ള അവകാശം രോഗിക്കുണ്ട് എന്നീ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. 

 എല്ലാ രോഗികള്‍ക്കും തുല്യ സൗകര്യങ്ങളും മികച്ച സേവനങ്ങളും ലഭ്യമാക്കണം. എവിടെ നിന്ന് മരുന്നുകള്‍ വാങ്ങണം, പരിശോധനകള്‍ നടത്തണം, ലഭ്യമായ സേവനങ്ങളില്‍ ഏത് തെരഞ്ഞെടുക്കണം എന്നീ കാര്യങ്ങളും രോഗിക്ക് തീരുമാനിക്കാം. വൈദ്യ പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്നവര്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തണമെന്നും അവകാശ പ്രമാണത്തില്‍ പറഞ്ഞിരിക്കുന്നു. 

ആശുപത്രിയില്‍  നിന്ന് എപ്പോള്‍ വേണമെങ്കിലും പേരുവെട്ടി പോകാനും സേവനങ്ങളില്‍ പോരായ്മ തോന്നിയാല്‍ പരാതിപ്പെടുവാനും രോഗികള്‍ക്ക് അവകാശമുണ്ടെന്നും അവകാശപ്രമാണം വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.