അപ്രഖ്യാപിത രജിസ്‌ട്രേഷന്‍; മെഡിക്കല്‍ പ്രവേശനത്തില്‍ അര്‍ഹതപ്പെട്ടവര്‍ പുറത്ത്

Monday 10 September 2018 1:30 am IST
പുറത്തായവരിലധികവും പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ്. ശനിയാഴ്ച രാത്രി സ്‌പോട് അഡ്മിഷന്‍ അവസാനിക്കുമ്പോഴും രാവിലെ രജിസ്‌ട്രേഷന്‍ ഉണ്ടാകും എന്ന് അറിയിച്ചിരുന്നില്ല. ഇന്നലെ രാവിലെ രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ സ്‌പോട് അഡ്മിഷനില്‍ പങ്കെടുക്കാനാകൂ എന്ന് അധികൃതര്‍ ശാഠ്യം പിടിച്ചു.

തിരുവനന്തപുരം:  മെഡിക്കല്‍ പ്രവേശനത്തിന് അപ്രഖ്യാപിത രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയതോടെ അര്‍ഹതപ്പെട്ടവര്‍ പുറത്തായി. തിരുവനന്തപുരം മെഡിക്കല്‍  കോളേജില്‍ ഇന്നലെ നടന്ന ബിഡിഎസ് കോഴ്‌സിലേയ്ക്കുള്ള സ്‌പോട് അലോട്ട്‌മെന്റിലാണ് അപ്രഖ്യാപിത രജിസ്‌ട്രേഷന്‍ നടപ്പിലാക്കിയത്. ഇതോടെ ഇരുപത്തിരണ്ടായിരം റാങ്ക് വരെയുളള ഇരുപതോളം  വിദ്യാര്‍ഥികളാണ് അവഗണിക്കപ്പെട്ടത്.

പുറത്തായവരിലധികവും പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ്. ശനിയാഴ്ച രാത്രി സ്‌പോട് അഡ്മിഷന്‍ അവസാനിക്കുമ്പോഴും രാവിലെ രജിസ്‌ട്രേഷന്‍ ഉണ്ടാകും എന്ന് അറിയിച്ചിരുന്നില്ല.  ഇന്നലെ രാവിലെ രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ സ്‌പോട് അഡ്മിഷനില്‍ പങ്കെടുക്കാനാകൂ എന്ന് അധികൃതര്‍ ശാഠ്യം പിടിച്ചു. ഒമ്പത് മുതല്‍ ആരംഭിച്ച രജിസ്‌ട്രേഷന്‍ പതിനൊന്നോടെ അവസാനിപ്പിച്ചു. ഇതറിയാതെ രജിസ്‌ട്രേഷന്‍ സമയം കഴിഞ്ഞെത്തിയവര്‍ക്കാണ് അവസരം നഷ്ടമായത്. അലോട്ട്‌മെന്റിനായി എത്തിയശേഷമാണ് പ്രത്യേക രജിസ്‌ട്രേഷന്റെ കാര്യം വിദ്യാര്‍ഥികളറിയുന്നത്.

റാങ്കിന്റെ ക്രമം അനുസരിച്ച് ഉച്ചയോടെ മാത്രമേ അലോട്ട്‌മെമെന്റ് നടക്കുകയുളളൂവെന്ന കാഴ്ചപ്പാടാണ് പലര്‍ക്കുമുണ്ടായിരുന്നത്. അധികൃതരുടെ നടപടിക്രമത്തില്‍ പത്ത് മിനിറ്റ്് താമസിച്ചെത്തിയവര്‍ക്ക് പോലും രജിസ്‌ട്രേഷന്‍ ചെയ്യാനുളള അനുമതി നല്‍കിയില്ല. ഇതോടെ താമസിച്ചെത്തിയ ഉയര്‍ന്ന റാങ്കുകാര്‍ പുറത്താവുകയും കുറഞ്ഞ റാങ്കുകാര്‍ അലോട്ട്‌മെന്റിന്റെ പരിധിയിലേയ്ക്കു മാറുകയും ചെയ്തു. അതേസമയം, മെഡിക്കല്‍ പ്രവേശനത്തിനുളള അലോട്ട്‌മെന്റ് കൃത്യത പുലര്‍ത്തിയിരുന്നില്ലെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കാറ്റഗറി വേര്‍തിരിക്കാതെയാണ് ശനിയാഴ്ച അലോട്ട്‌മെന്റ് നടത്തിയത്. ജനറല്‍, എസ്‌സി-എസ്ടി, എന്‍ആര്‍ഐ ഇവയൊക്കെ കൂടിക്കലര്‍ത്തിയായിരുന്നു പ്രവേശനം. ഇതോടെ കാറ്റഗറി തിരിച്ചുള്ള അഡ്മിഷനായി കാത്തിരുന്നവര്‍ വെട്ടിലായെന്നും ആരോപണം ഉണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.