ശശിയെ അനുകൂലിച്ച മുസ്ലിംലീഗ് നേതാവ് നിലപാടു മാറ്റി

Monday 10 September 2018 1:27 am IST

പാലക്കാട്: ലൈംഗിക പീഡനാരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കനുകൂലമായി സംസാരിച്ച മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും ചെര്‍പ്പുളശ്ശേരി നഗരസഭാ വൈസ് ചെയര്‍മാനുമായ കെ.കെ.എ.അസീസ് നിലപാട് തിരുത്തി. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് മുസ്ലിം ലീഗും യൂത്ത് ലീഗും പ്രക്ഷോഭം നടത്തി കൊണ്ടിരിക്കെയാണ്  കെ.കെ.എ.അസീസ് കഴിഞ്ഞദിവസം എംഎല്‍എയെ ന്യായീകരിച്ച് മാധ്യമങ്ങളോട് സംസാരിച്ചത്.

പീഡനാരോപണ വിഷയത്തില്‍ എംഎല്‍എക്ക് ജാഗ്രത കുറവുണ്ടായതായും പരാതിക്കാരിയായ യുവതി പോലീസിന് പരാതി നല്‍കാതെ പാര്‍ട്ടിക്ക് പരാതി നല്‍കിയത് ദുരൂഹമാണെന്നുമാണ് അസീസ് പറഞ്ഞത്. കുറ്റം  തെളിയിക്കപ്പെടാതെ അദ്ദേഹം രാജിവെക്കേണ്ടതില്ലെന്നായിരുന്നു അസീസ് പറഞ്ഞത്.

ഇതിനെതിരെ ലീഗിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇതോടെ പാര്‍ട്ടിയില്‍ അസീസിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അടിയന്തിര ജില്ലാ നേതൃയോഗം ചേര്‍ന്ന് പ്രസ്താവനയുമായി ബന്ധപ്പെട്ട് അസീസിന്  കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം യുഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി ചെര്‍പ്പുളശ്ശേരിയില്‍  വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ അസീസ് പരസ്യമായി നിലപാട് തിരുത്തിയത്. നിയമത്തിന് മുന്നില്‍ കുറ്റക്കാരനായി മാറിയ പി.കെ. ശശി എംഎല്‍എ അഗ്‌നിശുദ്ധി വരുത്താന്‍ തയാറാവണമെന്നാണ് അസീസ് പറഞ്ഞത്. അന്നത്തെ സാഹചര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് മാധ്യമങ്ങളോട് പ്രതികരിച്ചതെന്നും, ഇപ്പോഴത്തെ സാഹചര്യത്തില്‍ എംഎല്‍എ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നും അസീസ് പറഞ്ഞു.  അസീസും താനും ഒരേ നാട്ടുകാരാണെന്നും  ചെറുപ്പം മുതല്‍ അറിയുന്നതാണെന്നുമാണ് പി.കെ.ശശിയുടെ പ്രതികരണം. അസീസിന്റെ  പ്രസ്താവനയ്ക്ക് താന്‍ മറുപടി പറയേണ്ടതില്ലെന്നും ശശി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.