ലൈംഗികാരോപണം: ശശിക്കെതിരെ നടപടിക്ക് കടുത്ത സമ്മര്‍ദം

Monday 10 September 2018 1:32 am IST
ശശിക്കെതിരെ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിലും പ്രതിഷേധം ശക്തമാണ്. മുന്‍ ഏരിയ സെക്രട്ടറി എം.ആര്‍. മുരളിയുടെ നേതൃത്വത്തില്‍ പ്രബലവിഭാഗം ശശിക്കെതിരെ പ്രാദേശിക ഘടകങ്ങളില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുകയാണ്. എം.ബി. രാജേഷ് ഉള്‍പ്പെടെ പ്രധാന നേതാക്കളുടെ പിന്തുണയും ഇവര്‍ക്കുണ്ട്.

തൃശൂര്‍: പീഡനക്കേസില്‍ ആരോപണ വിധേയനായ സിപിഎം നേതാവും ഷൊര്‍ണ്ണൂര്‍ എംഎല്‍എയുമായ പി.കെ.ശശിക്കെതിരെ നടപടിക്ക്  കടുത്ത സമ്മര്‍ദം. പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തു നിന്നുമുള്ള സമ്മര്‍ദം മൂലം  എ.കെ. ബാലനും പി.കെ. ശ്രീമതിയും അടങ്ങുന്ന കമ്മീഷന് ശശിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യേണ്ടിവരും.  റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ പാര്‍ട്ടി രാജി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

 വി.എസ്. അച്യുതാനന്ദന്റെ  മാത്രമല്ല ഔദ്യോഗിക പക്ഷത്തുള്ളവരുടെ പോലും നിലപാട് നടപടി വേണമെന്ന തരത്തിലാണ്. പ്രളയ ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ പാര്‍ട്ടിയുടെ മുഖം പോലും നഷ്ടപ്പെടുത്തി  ശശിയുടെ പേരിലുള്ള ലൈംഗിക വിവാദം എന്നാണ്  നേതാക്കളും അണികളും കരുതുന്നത്.

  ജില്ലാ-സംസ്ഥാന നേതൃത്വം ശശി രാജിവെക്കുന്നതാണ് ഉചിതമെന്ന നിലപാടിലാണ്. നടപടി വൈകുന്നത് ശശിയെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്ന പ്രതീതി സൃഷ്ടിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 

  കന്യാസ്ത്രീയെ മാനഭംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോക്കെതിരായ നടപടി വൈകുന്നത് സര്‍ക്കാരിനേയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.  ഹൈക്കോടതി ജങ്ഷനില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ മാത്രമല്ല സര്‍ക്കാരിനെതിരെ കൂടിയാണ്  പ്രതികരിച്ചത്. 

  ശശിക്കെതിരെ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിലും പ്രതിഷേധം ശക്തമാണ്. മുന്‍ ഏരിയ സെക്രട്ടറി എം.ആര്‍. മുരളിയുടെ നേതൃത്വത്തില്‍ പ്രബലവിഭാഗം ശശിക്കെതിരെ പ്രാദേശിക ഘടകങ്ങളില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുകയാണ്. എം.ബി. രാജേഷ് ഉള്‍പ്പെടെ പ്രധാന നേതാക്കളുടെ പിന്തുണയും ഇവര്‍ക്കുണ്ട്.

  പീഡനത്തിനിരയായ യുവതിയും പ്രാദേശിക പ്രവര്‍ത്തകരും  പരാതിയുമായി ആദ്യം സമീപിച്ചത് രാജേഷിനെയാണ്. രാജേഷിന്റെ നിര്‍ദേശപ്രകാരമാണ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയതും. പ്രാദേശിക ഘടകങ്ങളില്‍ ഇക്കാര്യം പരസ്യമായതോടെ ശശിക്കെതിരായ നടപടി രാജേഷിന്റെ അഭിമാനപ്രശ്‌നം കൂടിയായി മാറുകയാണ്. 

രാജി ആവശ്യപ്പെടുന്നതിന് പകരം സ്വയം ഒഴിയാന്‍ ശശിക്ക് അവസരം നല്‍കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശശി സ്വയം രാജി പ്രഖ്യാപിച്ച ശേഷം ഉപതെരഞ്ഞെടുപ്പില്‍ എം.ആര്‍. മുരളിയെ സ്ഥാനാര്‍ഥിയാക്കുക എന്ന തന്ത്രമാണ് പാര്‍ട്ടി ഇപ്പോള്‍ ആലോചിക്കുന്നത്. പി.കെ. ശശിക്ക് ഈ തീരുമാനം അംഗീകരിക്കേണ്ടി വരും. 

മാറി നില്‍ക്കാന്‍ ശശിക്ക് നിര്‍ദേശം

ന്യൂദല്‍ഹി: പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍, ലൈംഗിക ആരോപണം നേരിടുന്ന സിപിഎം എംഎല്‍എ പികെ ശശിക്ക്  ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. അന്വേഷണം വേഗത്തില്‍ തീര്‍ക്കണമെന്നും  സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന്  ശശിയെ നീ ക്കി വേണം അന്വേഷണമെന്നുമാണ്   അവര്‍ പറയുന്നത്. ശശിയെ മാറ്റി നിര്‍ത്താന്‍ അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.