ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി

Monday 10 September 2018 1:27 pm IST

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ഫ്രാങ്കോ മുളക്കിലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി. അന്വേഷണം വേഗത്തിലാക്കാന്‍ വൈക്കം ഡിവൈഎസ്പിയ്ക്ക് നിര്‍ദേശം നല്‍കണമെന്നും, ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ ജോര്‍ജ്ജ് വട്ടക്കുളമാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതിയില്‍ അന്വേഷണം വേഗത്തിലാക്കാന്‍ വൈക്കം ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കണം. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കന്യാസ്ത്രീ പരാതി നല്‍കിയിട്ട് ഇതിനകം 75 ദിവസം പിന്നിട്ടു. എന്നിട്ടും അന്വേഷണം ഊര്‍ജ്ജിതമല്ല. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പരാതിക്കാരിയെ സ്വാധീനിക്കാന്‍ ബിഷപ്പിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പരാതിക്കാരിക്ക് വധഭീഷണിയുണ്ടെന്നും, കന്യാസ്ത്രീയുടെ സംരക്ഷണം ഉറപ്പു വരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നിലവില്‍ വൈക്കം ഡിവൈഎസ്പിയാണ് കന്യാസ്ത്രീയുടെ പരാതി അന്വേഷിക്കുന്നത്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും, ആവശ്യമെങ്കില്‍ ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നും നേരത്തെ അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റ് വൈകുന്നതിനെതിരെ പരാതിക്കാരി നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ ഉള്‍പ്പടെ ഉള്ളവര്‍ നടത്തുന്ന സമരം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. വലിയ ജനപിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.