ഇസ്രയേല്‍ വ്യോമാക്രമണം വ്യാപകമാക്കുന്നു

Monday 19 November 2012 1:23 pm IST

ഗാസാസിറ്റി: ഗാസയില്‍ ഹമാസിനെതിരെ ഇസ്രയേല്‍ വ്യോമാക്രമണം വ്യാപകമാക്കുന്നു. ഹമാസ്‌ പോരാളികളുടെ താവളങ്ങള്‍ ലക്ഷ്യമിട്ട്‌ ആക്രമണം നടത്തിയിരുന്ന ഇസ്രയേല്‍, ഹമാസിന്റെ പോലീസ്‌ സ്റ്റേഷനുകള്‍ക്കു നേരെയും ആക്രമണം വ്യാപിപ്പിച്ചു. അഞ്ച് ദിവസമായി തുടരുന്ന ആക്രമണത്തില്‍ ഇതുവരെ അറുപതിലധികം പേര്‍ കൊല്ലപ്പെട്ടു. അന്താരാഷ്ട്ര സമാധാനശ്രമങ്ങള്‍ അവഗണിച്ചാണ് ഗാസയ്ക്ക് നേരെ ഇസ്രയേല്‍ ആക്രമണം തുടരുന്നത്. ബോംബാക്രമണങ്ങളില്‍ പിഞ്ചു കുട്ടികള്‍ ഉള്‍പ്പടെ ഒട്ടേറെ പലസ്തീന്‍‌കാര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഹമാസ് നേതാക്കളുടെ വീടുകള്‍ക്കും പുറമേ മാധ്യമ സ്ഥാപനങ്ങളും ഞായറാഴ്ച ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ തകര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഗാസാസിറ്റിയിലെ അബ്ബാസ്‌ പോലീസ്‌ ആസ്ഥാന മന്ദിരത്തിനു നേരെയാണ്‌ ഇസ്രേലി യുദ്ധവിമാനങ്ങള്‍ ബോംബാക്രമണം നടത്തിയത്‌. ഗാസാസിറ്റിയിലെ രണ്ടാമത്തെ വലിയ പോലീസ്‌ ആസ്ഥാന കേന്ദ്രമാണ്‌ അബ്ബാസ്‌. പ്രാദേശികസമയം, പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു ആക്രമണം. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റതായും പോലീസ്‌ സ്റ്റേഷന്‍ കെട്ടിടം ഏകദേശം പൂര്‍ണമായി തകര്‍ന്നതായും പലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കി. സമീപത്തെ നിരവധി വീടുകളും ഭാഗികമായി തകര്‍ന്നു. ഇതിനിടെ, ഒരു ലക്ഷത്തോളം വരുന്ന സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ ഇസ്രയേല്‍ ഒരുങ്ങുകയാണ്‌. ഏതു നിമിഷവും ഹമാസിനു നേരെ ഇസ്രയേല്‍ കരയാക്രമണം തുടങ്ങുമെന്ന സൂചനകളാണ്‌ ലഭിക്കുന്നത്‌. സമാധാന ശ്രമങ്ങള്‍ക്ക് അറബ് ലീഗ് ഇസ്രയേല്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും വെടിനിര്‍ത്തലിന് ഇസ്രയേല്‍ തയാറായില്ല. ഇസ്രയേലിന്റേത് സ്വയം പ്രതിരോധ നടപടിയാണെന്നും അമേരിക്കയുടെ പൂര്‍ണ പിന്തുണ ഇസ്രയേലിന് ഉണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.