കുര്യന് ബലം പിണറായി

Tuesday 11 September 2018 2:31 am IST

തിരുവനന്തപുരം: സിപിഐ മന്ത്രിമാരുടെ തീരുമാനങ്ങളെ അട്ടിമറിക്കുന്ന റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.എച്ച്. കുര്യനെതിരെ പരസ്യപ്രതികരണവുമായി സെക്രട്ടറി കാനം രാജേന്ദ്രനും കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറും രംഗത്ത്. കുട്ടനാട് നെല്‍കൃഷിക്ക് പറ്റിയ സ്ഥലമല്ലെന്ന കുര്യന്റെ പരസ്യ നിലപാടിനെതിരെയാണ് ഇരുവരും പ്രതികരിച്ചത്. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അച്ചടക്കമില്ലാത്തയാളാണെന്നാണ് കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തിയപ്പോള്‍ കുര്യനെതിരെ മുഖ്യമന്ത്രിയോട് പരാതി പറയുമെന്നാണ് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞത്. കൂടുതല്‍ സ്ഥലത്ത് വിത്തുവിതച്ച് നെല്ല് കൊയ്യാന്‍ കൃഷി വകുപ്പ് പദ്ധതി പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് വകുപ്പ് സെക്രട്ടറി മറിച്ച് അഭിപ്രായം പറഞ്ഞത്. 

കുര്യന്‍ ആദ്യമായിട്ടല്ല സിപിഐ മന്ത്രിമാര്‍ക്കെതിരെ ഒളിയമ്പയയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തന്നെയാണ് പിന്‍ബലം. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലടക്കമുള്ള വിഷയങ്ങളില്‍ ഏകപക്ഷീയമായ നിലപാടായിരുന്നു കുര്യന്റേത്. വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയാതെ പല തീരുമാനങ്ങളും എടുത്തു. ഇതിന്റെ പേരില്‍ കുര്യനെ മാറ്റണമെന്നും മന്ത്രി പലതവണ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടും അതുണ്ടായില്ല. മന്ത്രി അറിഞ്ഞിരുന്നില്ലെങ്കിലും മുഖ്യമന്ത്രി അറിഞ്ഞായിരുന്നു കുര്യന്റെ തീരുമാനങ്ങളെല്ലാം എന്നതായിരുന്നു കാരണം. തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് അനുവദിച്ച് റവന്യൂ സെക്രട്ടറിയായ കുര്യന്‍ ഉത്തരവിറക്കിയ കാര്യം മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പറയുമ്പോഴാണ് റവന്യൂ മന്ത്രി അറിഞ്ഞത്. ഇതും സിപിഐ വിഷയമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണയുള്ളതിനാല്‍ കുര്യനെ സഹിക്കുകയല്ലാതെ ഒന്നും ചെയ്യാന്‍ റവന്യൂമന്ത്രിക്ക് കഴിഞ്ഞില്ല. 

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല പി.എച്ച്. കുര്യനായിരുന്നു. ഏകോപനം പാളിയെന്ന് വ്യാപകമായ പരാതിയുണ്ടായി. സൈന്യം വന്ന് മണിക്കൂറുകള്‍ കാത്തു കിടന്നിട്ടും എവിടേക്ക് പോകണമെന്ന അറിയിപ്പുകിട്ടാത്ത സാഹചര്യമുണ്ടായി. അപ്പോഴും കുര്യനെ പരസ്യമായി പിന്തുണയ്ക്കാനാണ് മുഖ്യമന്ത്രി തയാറായത്. ആ പിന്തുണയാണ് ഇപ്പോള്‍ കുട്ടനാട്ടെ കൃഷി കാര്യത്തിലും ഉണ്ടായത്. 

പ്രധാനമന്ത്രി വന്നപ്പോള്‍ നഷ്ടത്തിന്റെ കണക്ക് പറഞ്ഞതും റവന്യൂ സെക്രട്ടറിയായ പി.എച്ച്. കുര്യനാണ്. റവന്യൂ മന്ത്രിയോ ധനമന്ത്രിയോ അറിയാതെയുണ്ടാക്കിയ കണക്ക് കള്ളക്കണക്കായിരുന്നുവെന്ന് തെളിഞ്ഞു. എന്നിട്ടും തയാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനമുണ്ടായില്ല. മുഖ്യമന്ത്രിയുടെ കലവറയില്ലാത്ത പിന്തുണയാണ് ഇതിനെല്ലാം കാരണം.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.