പി.കെ ശശി ലൈംഗിക വിവാദം; ഉപദേശിക്കാന്‍ വനിതാ നേതാവിനെ ബാങ്കില്‍ വിളിച്ചു വരുത്തി

Tuesday 11 September 2018 2:32 am IST

പാലക്കാട് : ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ  ലൈംഗികാതിക്രമത്തിന് മുതിര്‍ന്ന പി.കെ ശശി എംഎല്‍എക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വരുതിയില്‍ നില്‍ക്കാന്‍ തയാറാകാത്ത വനിതാ നേതാവിനെ 'ഉപദേശിക്കാന്‍' പി.കെ ശശി അവരെ ബാങ്കില്‍ വിളിച്ചു വരുത്തിയിരുന്നു.  സ്വന്തം തട്ടകത്തിലെ സര്‍വീസ് സഹകരണ ബാങ്കിലെ പ്രസിഡന്റിന്റെ റൂമിലാണ് ഇവരെ വിളിച്ചു വരുത്തിയതെന്നാണ് വിവരം. 

പ്രാദേശിക സിപിഎം നേതാവ് മുഖേനയാണ് യുവതിയെ വിളിപ്പിച്ചത്. ജില്ലാ സമ്മേളനം നടക്കുന്ന ഘട്ടത്തില്‍ നേതാവ് കാണിച്ച അതിക്രമത്തെ ന്യായീകരിക്കാനായിരുന്നുവത്രേ ഈ വിളിപ്പിക്കല്‍. ശശിയുടെ അനുനയത്തിന് വഴങ്ങാതിരുന്നപ്പോള്‍ വീണ്ടും അതിക്രമത്തിന് മുതിര്‍ന്നതായും യുവതി പ്രാണരക്ഷാര്‍ഥം ഇറങ്ങി ഓടിയതായുമാണ് പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം  

കടുത്ത മാനസിക സമ്മര്‍ദത്തിത്തിലായ യുവതി ഇക്കാര്യം അപ്പോള്‍ത്തന്നെ പ്രാദേശിക നേതാക്കളില്‍ വിശ്വസ്തരായവരോട് പറഞ്ഞിരുന്നു. പക്ഷെ ശശിക്കെതിരെ മിണ്ടാനുള്ള ധൈര്യം ലോക്കല്‍ നേതാക്കള്‍ക്കുണ്ടായിരുന്നില്ല. ഈ സംഭവത്തിന് ശേഷമാണ് വനിതാ നേതാവ് ഈ ചട്ടമ്പി നേതാവിനെതിരെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാന്‍ തീരുമാനിക്കുന്നത്.

തനിക്കെതിരെ നടന്ന അതിക്രമങ്ങളുടെ നാളുകളില്‍ കടുത്ത വിഷാദത്തിലായിരുന്നു യുവതി. പരാതിപ്പെട്ടപ്പോഴൊക്കെ നേതാവിന്റെ മുന്നില്‍ പെടാതെ നടക്കാനായിരുന്നു പ്രാദേശിക നേതാക്കളുടെ ഉപദേശം. പഠനം പോലും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയും അവര്‍ക്കുണ്ടായിരുന്നു. ഗത്യന്തരമില്ലാതെയാണ് പരാതി പുറത്തുവിടാന്‍ ഇവര്‍ സമ്മതിച്ചതെന്ന് വ്യക്തം.

 യുവതിയെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍ ശ്രമം തുടങ്ങിയപ്പോള്‍ മാത്രമാണ് പരാതി മാധ്യമങ്ങളിലൂടെ പുറത്തു വിടാന്‍ നിര്‍ബന്ധിതരായതെന്ന് ചില യുവ നേതാക്കള്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനിടെ  ശശിയുടെ വിവരദോഷി പ്രയോഗത്തിന് പാത്രങ്ങളായവര്‍ അണിയറയില്‍ കരുത്ത് കൂട്ടി തുടങ്ങിയിട്ടുണ്ട്. ഇവരുടെ കൂടി സമ്മര്‍ദ ഫലമായായാണ് ശശിയോട് പൊതു പരിപാടികളില്‍ നിന്ന് മാറിനില്‍ക്കാന്‍ സംസ്ഥാന സമിതി നിര്‍ദേശിച്ചതെന്നറിയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.