അവിശ്വസനീയം നിളയുടെ ഈ രൂപമാറ്റം

Tuesday 11 September 2018 2:37 am IST
"പ്രളയത്തില്‍ കരകവിഞ്ഞൊഴുകിയിരുന്ന നിളയുടെ ഇപ്പോഴുത്തെ അവസ്ഥ. കുറ്റിപ്പുറത്ത് നിന്നുള്ള കാഴ്ച"

മലപ്പുറം: കഴിഞ്ഞ മാസം ഇതേ ദിവസം നിളയെ കണ്ടവര്‍ ആ കാഴ്ച ഒരിക്കലും മറക്കില്ല, കാരണം അത്ര ഭയാനകമായിരുന്നു ആ രൗദ്രഭാവം. കാലങ്ങള്‍ക്ക് ശേഷം ഇരുകരകളെയും ചുംബിച്ച് നിളയൊഴുകിയപ്പോള്‍ പലരും സന്തോഷിച്ചു. എന്നാല്‍ ആ സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൃത്താല, കുറ്റിപ്പുറം, തിരുന്നാവായ, ചമ്രവട്ടം ഭാഗങ്ങളില്‍ സര്‍വനാശം വിതച്ചാണ് പിന്നീട് നിളയൊഴുകിയത്. കാലങ്ങള്‍ക്ക് ശേഷം അനിയന്ത്രിതമായി ജലനിരപ്പ് ഉയര്‍ന്നതോടെ നൂറുകണക്കിന് വീടുകളും കുറ്റിപ്പുറം നഗരവും വെള്ളത്തിനടിയിലായി. 

പൊന്നാനി ഈശ്വരമംഗലത്തെ നൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കര്‍മ റോഡിനടിയിലെ ഓവുകളിലൂടെയെത്തിയ ഭാരതപ്പുഴയിലെ വെള്ളം നിരവധിയാളുകളുടെ സ്വപ്‌നങ്ങളാണ് തകര്‍ത്തെറിഞ്ഞത്. വെള്ളം കയറി നിരവധി വീടുകള്‍ നിലംപൊത്തി. തകര്‍ച്ചാഭീഷണി നിലനില്‍ക്കുന്ന ഒട്ടേറെ വീടുകള്‍ ഇപ്പോഴും നിളാതീരത്തുണ്ട്. കരകവിഞ്ഞൊഴുകിയ നിള കിണറുകളടക്കമുള്ള കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കിയാണ് കടന്നുപോയത്. നിളയോരവാസികള്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. താഴ്ന്നപ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് നിലനില്‍ക്കുന്നു. കൊച്ചുകുട്ടികള്‍ ഉള്‍പ്പടെ രോഗഭീഷണിയിലാണ്.

ഇത്രയും ദുരിതം സമ്മാനിച്ച നിള ഇന്ന് വെറും കണ്ണീര്‍ച്ചാലായി മാറിയിരിക്കുന്നു. വലിയൊരു മൈതാനത്തിന് നടുവിലൂടെ ഒഴുകുന്ന തോടിന് സമാനമാണ് മഹാനദിയുടെ അവസ്ഥ. പാലക്കാട്, മലപ്പുറം ജില്ലകളിലടക്കം നൂറുകണക്കിന് ജലസേചന പദ്ധതികള്‍ നിളയെ ആശ്രയിച്ച് പ്രവര്‍ത്തിച്ചിരുന്നു. മഹാപ്രളയത്തില്‍ ഇവയെല്ലാം തകര്‍ന്നു. കേടായ മോട്ടോറുകളും പമ്പ് ഹൗസും ശരിയാക്കിയാല്‍ തന്നെ നിള വറ്റിവരണ്ടതിനാല്‍ ഇവയൊന്നും പ്രവര്‍ത്തിപ്പിക്കാനാകില്ല. പ്രളയത്തിന് ശേഷം അനുഭവപ്പെടുന്ന രൂക്ഷമായ വെയിലിന്റെ ചൂടും വെള്ളമെല്ലാം ഒഴുകി പോയതുമാണ് ഒരുമാസം തികയുന്നതിന് മുമ്പുതന്നെ നിള നീര്‍ച്ചാലായി മാറാന്‍ കാരണം.

സരുണ്‍ പുല്‍പ്പള്ളി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.