ജനവാസ കേന്ദ്രത്തില്‍ കാട്ടാനയുടെ പരാക്രമം: ഒരാള്‍ക്ക് പരിക്ക്

Tuesday 11 September 2018 2:47 am IST

ഇരിട്ടി : ജനങ്ങളെ ഭീതിയിലാഴ്ത്തി ഇരിട്ടി മുഴക്കുന്നിലെ ജനവാസ കേന്ദ്രത്തില്‍  കാട്ടാനയിറങ്ങി. ആനയുടെ അക്രമത്തില്‍ പരിക്കേറ്റ ചാക്കാട് സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പശുവിനെ കുത്തിക്കൊല്ലുകയും വനംവകുപ്പിന്റെ ജീപ്പ് ആക്രമിക്കുകയും ചെയ്തു. രണ്ട് ഫോറസ്റ്റ് വാച്ചര്‍മാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ഇന്നലെ പുലര്‍ച്ചെ 6 മണിയോടെയാണ് മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ഹാജി റോഡിന് സമീപം കാട്ടാനയെ നാട്ടുകാര്‍ കാണുന്നത്. രാവിലെ നടക്കാനിറങ്ങിയ വലിയ പറമ്പില്‍ പുരുഷോത്തമനാണ് കാട്ടാനയുടെ അക്രമത്തില്‍ പരിക്കേറ്റത്. ഇയാള്‍ നിത്യേനയുള്ള വ്യായാമത്തിന്റെ ഭാഗമായി ചാക്കാടുനിന്നും ഹാജിറോഡിലേക്ക് നടക്കുന്നതിനിടെ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. 

ചാക്കാട് മമ്മാലി റിജേഷിന്റെ പശുവിനെയാണ് കുത്തിക്കൊന്നത്. കുത്തേറ്റ് പശുവിന്റെ കുടല്‍ പിളരുകയും കുടല്‍മാല പുറത്താവുകയും ചെയതു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മുഴക്കുന്ന് എസ്‌ഐ വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസും ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.കെ. അനൂപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘവും  സ്ഥലത്തെത്തി പ്രദേശത്തെ ജനങ്ങള്‍ക്ക് പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കുകയും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതിനെ വിലക്കുകയും ചെയ്തു.

ഇതിനിടയില്‍ കാട്ടാനയെ തുരത്താന്‍ ശ്രമിക്കവെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും റോഡിലേക്ക് പല തവണ ആന റോഡിലേക്ക് ഇറങ്ങി. ഒരു തവണ റോഡിലുണ്ടായിരുന്ന പോലീസ് ജീപ്പ് അക്രമിക്കാനായി ഓടി അടുക്കുകയും ചെയ്തു. ഹര്‍ത്താല്‍ ആയതു കാരണം ജനങ്ങള്‍ അടുത്തുള്ള പ്രദേശങ്ങളില്‍ നിന്നും ഇവിടെ എത്തി തമ്പടിച്ചതും ആനയെ കാട്ടിലേക്ക് തുരത്തുന്നതിന് വനം വകുപ്പ് അധികൃതര്‍ക്ക് തടസ്സമായി. രാത്രിയോടെ ആനയെ വനത്തിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.