ഭഗവദാശ്രയണം മൂന്നാം ഘട്ടത്തിന്റെ ഉദാഹരണങ്ങള്‍

Tuesday 11 September 2018 2:47 am IST

വൃന്ദാവനത്തിലെ ഗോപിമാര്‍ രാത്രി ഭഗവാന്റെ വേണുഗാനം കേട്ടപ്പോള്‍, ഭര്‍ത്താവിനെ, മക്കളെ, അച്ഛനെ അമ്മയെ സഹോദരീസഹോദരന്മാരെ, ഭക്ഷണം, വസ്ത്രം, ഭൂഷണങ്ങള്‍ എല്ലാ സര്‍വ ധര്‍മങ്ങളും- ഉപേക്ഷിച്ച്, വനത്തിലേക്ക് ഓടുകയായിരുന്നു. കല്ലോ മുള്ളോ കുഴിയോ പാറക്കൂട്ടങ്ങളോ അവര്‍ക്ക് തടസ്സമായില്ല. പതിവ്രതകളായ സ്ത്രീകളുടെ ഭര്‍ത്തൃശുശ്രൂഷണം ഉപദേശിച്ച കൃഷ്ണനോട് അവര്‍ അപേക്ഷിച്ചത് ഇങ്ങനെയായിരുന്നു.

''ത്വത്സുന്ദരസ്മിത നിരീക്ഷണ തീവ്രകാമ-

തപ്തത്മനാം പുരുഷ ഭൂഷണ ദേഹിദാസ്യാ

(=എല്ലാ ലോകത്തിലെയും പുരുഷന്മാരുടെ മുഴുവന്‍ ഭൂഷണമായി ശോഭിക്കുന്ന-കൃഷ്ണാ! അങ്ങയുടെ സുന്ദരമായ പുഞ്ചിരി, നോട്ടം ഇവ കാരണം ഉണ്ടായ കാമംകൊണ്ട്, ഞങ്ങളുടെ മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളും ശരീരമാകെയും അങ്ങയെ പ്രാപിക്കാന്‍ കഴിയാതെ ചുട്ടുനീറുകയാണ്. അങ്ങയെ ശുശ്രൂഷിക്കുക എന്ന ദാസ്യ ഭാവം ഞങ്ങള്‍ക്കു തന്നാലും)

(ഭാഗവതം 10-29-38)

തന്നോ നിധേഹികരപങ്കജമാര്‍ത്തബന്ധോ

തപ്തസ്തനേഷു ച ശിരസ്സു ച കിങ്കരീണാം

(ഭാഗ-10 ല്‍ 29-41)

(=അങ്ങു ദുഃഖിക്കുന്നവരുടെ ബന്ധുവാണ് എന്ന് അറിയാം. അങ്ങനെ തന്നെ ഞങ്ങള്‍ വിളിക്കട്ടേ, ഞങ്ങള്‍ അങ്ങയുടെ കിങ്കരികളാണ്: അങ്ങയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയാറായി നില്‍ക്കുകയാണ്. ഞങ്ങള്‍ ആര്‍ത്തകളാണ്. അങ്ങയെ വിട്ടുപിരിഞ്ഞുപോകുമ്പോഴുണ്ടാകുന്ന ദുഃഖം ഞങ്ങളുടെ ശിരസ്സിനേയും സ്തനങ്ങളെയും ചുടുനീറ്റുകയാണ് താമരപ്പൂപോലെ മനോഹരവും മൃദുലവും ശീതളവുമായ കൈകള്‍ ഞങ്ങളില്‍ അര്‍പ്പിച്ചാലും)

ഗോപിമാരുടെ ഈ പ്രാര്‍ത്ഥനയില്‍, സര്‍വധര്‍മപരിത്യാഗം, ഭഗവാനെ ആശ്രയിക്കാനുള്ള വെമ്പല്‍, ആശ്രയിക്കുക എന്ന ജീവഗണങ്ങളുടെ സനാതനമായ ധര്‍മം- ഇവയെല്ലാം അലയടിക്കുന്നതായി കാണാം.

കാനപ്രം കേശവന്‍ നമ്പൂതിരി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.