അനാവശ്യ സമരം

Tuesday 11 September 2018 2:50 am IST

പെട്രോള്‍, ഡീസല്‍ വിലയുടെ പേരിലായിരുന്നു ഇന്നലെ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് ജനജീവിതം സ്തംഭിപ്പിച്ചത്. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധനയം തുറന്നുകാട്ടാന്‍ എന്നുപറഞ്ഞുകൊണ്ടായിരുന്നു ഇത്. കോണ്‍ഗ്രസാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ജില്ലാ അധ്യക്ഷന്‍മാരുടെ യോഗം ദല്‍ഹിയില്‍ ചേര്‍ന്നപ്പോള്‍ വെളിപാടുപോലെ അഖിലേന്ത്യാ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ബന്ദ് പ്രഖ്യാപനം നടത്തുകയായിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ കാര്യമായ പ്രക്ഷോഭങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല എന്ന പ്രാദേശിക നേതാക്കന്മാരുടെ പരാതി പരിഹരിക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യം.

കേട്ടുകേള്‍വി ഇല്ലാത്ത രീതിയിലായിരുന്നു ബന്ദിന്റെ സമയക്രമം. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക്‌ശേഷം മൂന്ന് മണിവരെ. വെറുതെ പേരിനൊരു പ്രതിഷേധസമരം മാത്രമാണ് കോണ്‍ഗ്രസ് ഉദ്ദേശിച്ചത്. എല്ലാ എന്‍ഡിഎ ഇതരകക്ഷികളോടും സമരത്തില്‍ ഒപ്പം ചേരാനും ആഹ്വാനമുണ്ടായി. ഒപ്പം കൂടിയില്ലെങ്കിലും അതേദിവസം ഹര്‍ത്താലിനാഹ്വാനം ചെയ്ത് ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഹര്‍ത്താലോ ബന്ദോ നടത്തിയതുകൊണ്ട് പെട്രോള്‍ വിലയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകില്ലെന്ന് അറിയാതെയല്ല ഇത്. സബ്‌സിഡി നല്‍കി പെട്രോള്‍, ഡീസല്‍വില കുറയ്‌ക്കേണ്ടായെന്നത് കേന്ദ്രസര്‍ക്കാരിന്റെ നയമാണ്. ഇതിന് ഗുണവും ദോഷവും ഉണ്ട്. ദോഷത്തെക്കാള്‍ ഗുണമാണ് കൂടുതലെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് രാഷ്ട്രീയമായി പേരുദോഷവും കുറ്റപ്പെടുത്തലും കേള്‍ക്കുമ്പോഴും വിലകുറയ്ക്കാതെ മുന്നോട്ടുപോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. 

ജനങ്ങളുടെ പേരുപറഞ്ഞാണ് ഇന്നലെ ഹര്‍ത്താലും ബന്ദുമൊക്കെ നടത്തിയത്. ജനവിരുദ്ധ നയങ്ങളാണ് മോദിയുടേതെങ്കില്‍ ജനങ്ങള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും പാഠം പഠിപ്പിച്ചുകൊള്ളും. പ്രതിപക്ഷം അതില്‍ വേവലാതിപ്പെടേണ്ട കാര്യമില്ല. പെട്രോള്‍വിലയുടെ ഏറ്റക്കുറച്ചിലുകള്‍ ജനങ്ങള്‍ കാര്യമാക്കുന്നില്ല എന്നതാണ് അനുഭവം. തുടര്‍ച്ചയായി നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപി ജയിച്ചുകയറിയതും ഇപ്പോള്‍ 19 സംസ്ഥാനങ്ങളില്‍ ഭരണത്തിലെത്തിയതും തന്നെ ഉദാഹരണം. 

നേരത്തെ തെരഞ്ഞെടുപ്പ് വിജയത്തിനായി കണ്ണില്‍ പൊടിയിടാനെന്ന നിലയില്‍ സബ്‌സിഡി നല്‍കി പെട്രോള്‍ വില കുറച്ചിരുന്നു. ഇതുമൂലം വന്‍ കടബാധ്യതയാണ് ഇക്കാര്യത്തിലുണ്ടായിരുന്നത്. പെട്രോള്‍ ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരുമായ എല്ലാവരുടെയും നികുതിപ്പണം ഉപയോഗിച്ചായിരുന്നു കടംവീട്ടല്‍. യുപിഎ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ പെട്രോള്‍ സബ്‌സിഡിക്കായി മാത്രം എടുത്ത് കൊടുത്തുതീര്‍ക്കാനുണ്ടായിരുന്നത് രണ്ട് ലക്ഷം കോടി രൂപയാണ്. ഇതിനുപുറമെ ഇറാനില്‍നിന്ന് കടമായി എണ്ണ വാങ്ങിയ ഇനത്തില്‍ 43000 കോടിയും കൊടുക്കണമായിരുന്നു. ഈ കടങ്ങള്‍ കടമായിനിര്‍ത്തി വീണ്ടും കടമെടുത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ കുറവ് വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുമായിരുന്നു. അത് ചെയ്തില്ല എന്ന് മാത്രമല്ല, എണ്ണക്കമ്പനികള്‍ക്ക് കൊടുക്കാനുണ്ടായിരുന്ന കടം പലിശസഹിതം അടച്ചുതീര്‍ക്കുകയും ചെയ്തു.

ഇറാന്റെ കടവും വീട്ടി. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലനുസരിച്ച് രാജ്യത്തെയും എണ്ണവില മാറുന്നു എന്നതും സത്യംതന്നെ. എങ്കിലും എണ്ണ ഉല്‍പ്പാദന രാജ്യങ്ങളിലോ സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലോ മാത്രമേ ഇപ്പോള്‍ ഇന്ത്യയെക്കാള്‍ കുറവ് പെട്രോള്‍ വിലയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. എല്ലാ വികസിതരാജ്യങ്ങളിലും വളരെയധികം വികസിക്കുന്ന രാജ്യങ്ങളിലും പെട്രോള്‍വില ഇന്ത്യന്‍വിലയെക്കാള്‍ ഉയര്‍ന്നതാണ്. താല്‍ക്കാലിക രാഷ്ട്രീയനേട്ടം നോക്കി ജനങ്ങള്‍ക്ക് സബ്‌സിഡി കൊടുത്ത് വോട്ട് രാഷ്ട്രീയം കളിക്കുന്ന രീതി വേണ്ടാ എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ജനങ്ങളുടെ കയ്യടിനേടി പെട്രോളിന്റെ വിലകുറച്ച് രാജ്യത്തിന്റെ പുരോഗതി പിന്നോട്ടടിപ്പിക്കാതെയുള്ള ശക്തമായ രാഷ്ട്രീയ തീരുമാനം തന്നെയാണിത്. വിലവര്‍ദ്ധനമൂലം കേന്ദ്രസര്‍ക്കാരിന്റെ മാത്രമല്ല, സംസ്ഥാന സര്‍ക്കാരുകള്‍ക്കും വരുമാനം കൂടുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്കാണ് നേട്ടം കൂടുതലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വരുമാനം വികസന കാര്യങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിച്ച് പെട്രോള്‍ ഉപയോഗിക്കാത്ത ഭൂരിഭാഗത്തിനുകൂടി ജീവിതസൗകര്യം മെച്ചപ്പെടുത്താനാവണം ശ്രമിക്കേണ്ടത്. കേന്ദ്രം ചെയ്യുന്നതും ഇതാണ്. റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന വികസന പദ്ധതികള്‍ക്ക് ചോദിക്കുന്ന പണം സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുന്നതും ഇതുകൊണ്ടാണ്. 

തനി രാഷ്ട്രീയമായിരുന്നുവെങ്കിലും കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഇന്നലെ കേരളത്തെ നിശ്ചലമാക്കിയതിനെ ഏറ്റവും മര്യാദയുള്ള വാക്കില്‍ പറഞ്ഞാല്‍ മര്യാദകേട് എന്നാണ് വിശേഷിപ്പിക്കേണ്ടത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തില്‍നിന്നും ജനം പൂര്‍ണമായി കരകയറിയിട്ടില്ല. ദുരന്തത്തിന്റെ ആഴമെത്രയെന്ന് തിട്ടപ്പെടുത്തിത്തീര്‍ന്നുമില്ല. കുട്ടനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജനം വെള്ളത്തില്‍നിന്ന് കരകയറിയിട്ടുമില്ല. നവകേരള സൃഷ്ടിക്കായി ജാതിമത രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നില്‍ക്കാനുള്ള ആഹ്വാനം അന്തരീക്ഷത്തില്‍ മുഴങ്ങുകയും ചെയ്യുന്നു. ആ സന്ദര്‍ഭത്തില്‍ ജനങ്ങള്‍ക്ക് ദുരിതംപേറിയുള്ള അനാവശ്യ സമരംകൊണ്ട് നേടിയതെന്തെന്ന് വിശദീകരിക്കാന്‍ ആഹ്വാനം ചെയ്തവര്‍ക്ക് ബാധ്യതയുണ്ട്. കേരളത്തെ ഒഴിവാക്കിയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്നും അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.