ശബരിമലയില്‍ നടക്കുന്ന ഒപ്പിക്കലുകള്‍

Tuesday 11 September 2018 2:52 am IST
മതേതര സര്‍ക്കാര്‍ മതസംവിധാനങ്ങളില്‍ ഇടപെടുമ്പോള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ മറക്കരുത്. അയ്യപ്പന്മാര്‍ അതത് പ്രദേശത്തെ ക്ഷേത്രങ്ങളിലേക്ക് ഇത്തവണ തീര്‍ഥയാത്ര ചുരുക്കിയാല്‍ സംഭവിക്കുന്നത് എന്തായിരിക്കും? കുറഞ്ഞത്, 2000 കോടിയുടെ വരുമാനമോര്‍ത്തെങ്കിലും സര്‍ക്കാര്‍...!!

പ്രളയശേഷം, ദുരിതാശ്വാസവും അവസാനിപ്പിച്ച സര്‍ക്കാരിന്റെ വലിയ അടിയന്തര വെല്ലുവിളി ശബരിമല തീര്‍ഥാടനക്കാര്യത്തിലാണ്. അമ്പലക്കാര്യവുമായി തിരുവിതാംകൂര്‍ ദേവസ്വം പ്രസഡിന്റ് എ. പത്മകുമാര്‍ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ''എല്ലാം അയ്യപ്പന്‍ നോക്കിക്കൊള്ളും,'' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതത്രെ. ആത്മാര്‍ഥമായി അഭിപ്രായപ്പെട്ടതുമാകാം.  അത്രയുമെത്തി വിപ്ലവം; 'കടക്കൂ പുറത്തെ'ന്ന് ആക്രോശം ഉണ്ടായില്ല! 

ശബരിമല ക്ഷേത്രത്തിന് ഒന്നും സംഭവിച്ചിട്ടില്ല. ക്ഷേത്രത്തിലേക്കുള്ള വഴി മുടങ്ങി. കെട്ടിപ്പൊക്കിയ സൗകര്യങ്ങള്‍ ഇല്ലാതായി. തികച്ചും അശാസ്ത്രീയവും നിരുത്തരവാദപരവുമായ അണക്കെട്ട് ഭരണമേല്‍നോട്ടത്തെ തുടര്‍ന്ന് പമ്പ കലിച്ചൊഴുകിയപ്പോള്‍ ശബരിമലയിലെ പൂജാ കര്‍മങ്ങള്‍ മുടങ്ങുമോ എന്നുപോലും ഭയന്നു. പക്ഷേ, മുടങ്ങിയില്ല, മുടക്കിയില്ല, സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരുങ്ങിയപ്പോള്‍ അയ്യപ്പഭക്തര്‍ അവിടെയും താങ്ങായി.

പക്ഷേ, സര്‍ക്കാര്‍ ഏറ്റവും അടിയന്തര പ്രാധാന്യം കൊടുത്ത്, രണ്ടുമാസത്തിനകം വരാന്‍ പോകുന്ന ശബരിമല തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നു. പൊളിഞ്ഞ പാലം പണിയാന്‍ സൈന്യത്തെ വിളിക്കുന്നു. പ്രളയത്തില്‍നിന്ന് ജീവരക്ഷയ്ക്ക് സൈന്യം വേണ്ടെന്നു പറഞ്ഞവര്‍ പാലംപണിയാന്‍ സൈന്യം വന്നില്ലെന്ന് പരാതി പറയുന്നു. റോഡ് അറ്റകുറ്റപ്പണികള്‍ക്ക് ധൃതിപിടിക്കുന്നു. സുരക്ഷ കരുതി നിലയ്ക്കല്‍വരെ അയ്യപ്പന്മാരുടെ വാഹനങ്ങള്‍ അയച്ചാല്‍ മതി അവിടുന്ന് പമ്പവരെ കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സൗകര്യമൊരുക്കുമെന്ന് തീരുമാനിക്കുന്നു, അയ്യപ്പ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ പട്ടിക നിരത്തി തയ്യാറെടുപ്പുകള്‍ ധൃതിയില്‍ നടത്തുന്നു. എല്ലാം 'താല്‍ക്കാലിക' സംവിധാനങ്ങള്‍. 

അതെ, എല്ലാം താല്‍ക്കാലിക സംവിധാനങ്ങള്‍. അവിടെയാണ് അടിവര ഇടേണ്ടത്. ശബരിമല അയ്യപ്പനോടുള്ള ഭക്തിയോ, അയ്യപ്പഭക്തരോടുള്ള ആത്മാര്‍ഥതയോ, ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന വിശ്വാസികള്‍ക്ക് സൗകര്യങ്ങള്‍ മുടങ്ങരുതെന്ന ഭരണഘടന പ്രകാരമുള്ള മതാനുഷ്ഠാന സംരക്ഷണ നിര്‍ബന്ധമോ എന്താണിതിന് അടിസ്ഥാനം? എല്ലാം താല്‍ക്കാലിക സംവിധാനം ആണെന്നതുതന്നെ. അതായത്, ഒരു 'കരാര്‍ മാഫിയ'യുടെ വിശാല കര്‍മപദ്ധതി ഇതിനെല്ലാം പിന്നില്‍ ഒളിച്ചിരുന്ന് പല്ലിളിക്കുന്നുണ്ട്. അയ്യപ്പഭക്തരുടെമേല്‍ ആഴ്ന്നിറങ്ങാന്‍ പോകുന്ന ദംഷ്ട്രമായി അത് മാറുമോ എന്ന് ആശങ്കയുണ്ട്. 

രാജീവ് മല്‍ഹോത്രയെന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ വിവേക് അഗ്നിഹോത്രി എന്ന സാമൂഹ്യ പ്രവര്‍ത്തകനുമായി നടത്തുന്ന അഭുമുഖ വീഡിയോ ഉണ്ട്. കേരളത്തിലെ പ്രളയത്തിന്റെയും തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെയും പശ്ചാത്തലത്തിലാണത്. 'ദുരന്ത വേളയിലെ മാഫിയ പ്രവര്‍ത്തനം' എന്നാണ് ആ വീഡിയോ സെഗ്‌മെന്റിന്റെ പേര്. യൂ ട്യൂബില്‍ ലഭിക്കും. കേരളത്തിലെന്നല്ല, ദുരന്തത്തിനു ശേഷം നടക്കുന്ന ഏത് ദുരിതാശ്വാസ പ്രവര്‍ത്തന വേളയിലും  ചില മാഫിയകള്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഘടനയാണ് വിഷയം. കള്ളക്കച്ചവടങ്ങള്‍, കള്ളക്കടത്തുകള്‍, പണത്തട്ടിപ്പുകള്‍, വെട്ടിപ്പുകള്‍ തുടങ്ങി ദുരിതത്തിന്റെ മറവില്‍ നടക്കുന്ന ആശ്വാസ പ്രവര്‍ത്തനങ്ങളുടെ ലേബലൊട്ടിച്ച മാഫിയാ പ്രവര്‍ത്തനങ്ങള്‍ ഏറെയുണ്ട്. 

മറ്റൊരു പത്രപ്രവര്‍ത്തകന്‍ എഴുതിയത് അതിനേക്കാള്‍ അമ്പരപ്പിക്കുന്നതായിരുന്നു. ദുരിതവേളകളില്‍ മനുഷ്യക്കടത്ത് നടത്താറുണ്ടത്രേ. കാണാതാകുന്നവര്‍ ഏറെയാണ് ഇത്തരം വേളകളില്‍. അവര്‍ക്ക് എന്തുസംഭവിക്കുന്നു. ജീവഹാനി സംഭവിച്ചെങ്കില്‍ ജഡമെവിടെ? അവശിഷ്ടമെങ്കിലും കിട്ടേണ്ടതല്ലേ? ചോദ്യങ്ങള്‍ ഏറെയുണ്ട്. വിദേശ രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഏറെ നടക്കാറുണ്ട്. ആളുകളെ നഷ്ടപ്പെടാറുണ്ട്. അത് മനുഷ്യക്കടത്താണെന്ന് പില്‍ക്കാലത്ത് ബോധ്യപ്പെട്ടിട്ടുണ്ട്. അത് വസ്തുതയാണ്. പക്ഷേ, കേരളത്തില്‍ ഇങ്ങനെ സംഭവിക്കില്ലെന്ന് നമുക്ക് വിശ്വസിക്കാം, ഊറ്റം കൊള്ളാം. എന്നാല്‍, അങ്ങനെ കരുതേണ്ട, അതും സംഭവിക്കാം, സംഭവിച്ചിരിക്കാമെന്ന് പലരും സ്വകാര്യ ആശങ്കകള്‍ പങ്കുവെക്കാറുണ്ട്. എന്തായാലും മറ്റുതരത്തിലുള്ള മാഫിയകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് തീര്‍ത്തു പറയാനാവില്ലതന്നെ. 

ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന സംഭവങ്ങള്‍, ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള വസ്തുക്കള്‍ രഹസ്യമായി കടത്തിയ, തട്ടിയെടുത്ത സംഭവങ്ങള്‍, പാഴ്‌വസ്തുക്കള്‍ ആശ്വാസ ക്യാമ്പുകളില്‍ എത്തിച്ചത്, തുടങ്ങി എത്രയെത്ര ചെറുതും വലുതുമായ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടുവെന്ന് ഓര്‍ക്കണം. അതിന്റെ സംഘടിത-ആസൂത്രിത ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ ആര്‍ക്ക് കണ്ടുപിടിക്കാനാവും. എളുപ്പമല്ല. എന്നാല്‍, പരസ്യമായ 'കരാര്‍ മാഫിയ'യാണ് ശബരിമലക്കാര്യത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. 

ശബരിമല കേരളത്തിലെ സര്‍ക്കാരുകക്ക് വിശുദ്ധ പശുവല്ല, കറവപ്പശുവാണ്. ലോട്ടറി നടത്തിപ്പുപോലെ ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്‍പ്പന പോലെ പണമുണ്ടാക്കാനുള്ള ബിസിനസ്. കേരളത്തിലെ ആകെ വിനോദസഞ്ചാര മേഖലയില്‍നിന്നുള്ള വരുമാനത്തിന്റെ പല മടങ്ങാണ് ശബരിമലയിലൂടെ കിട്ടുന്നത്. അത് കാണിക്ക വരുമാനം മാത്രമല്ല, അതുമാത്രമേ കണക്കായി പുറത്തുവരാറുള്ളു. 120 മുതല്‍ 150 കോടിവരെ കാണിക്കയിനത്തില്‍ കിട്ടിയെന്ന് ദേവസ്വം ബോര്‍ഡ് പറയുമ്പോള്‍ അതിന്റെ ഇരുപതിരട്ടിയിലുമേറെയാണ് സര്‍ക്കാരിന്റെ വരുമാനം. നികുതിയിനത്തിലാണിത്, പത്തുവര്‍ഷം മുമ്പത്തെ കണക്കനുസരിച്ച് 1200 കോടിയായിരുന്നു നികുതി വരുമാനം മാത്രം. അതിനാല്‍ ശബരിമല തീര്‍ഥാടനം ഭക്തര്‍ ഉപേക്ഷിച്ചാലും സര്‍ക്കാര്‍ അനുവദിക്കില്ല.

ഇതിനു പുറമേയാണ്, തീര്‍ഥാടന അനുബന്ധ മേഖലയുടെ വരുമാനം. വൈദ്യുതിക്കും പോലീസ് സുരക്ഷയ്ക്കും പ്രസാദത്തിനും ഭക്തരില്‍നിന്ന് ഇടാക്കുന്ന പണം മാത്രം സര്‍ക്കാരിന് പങ്കുവെക്കേണ്ടതില്ല. ശേഷിക്കുന്നിടത്തെല്ലാം സര്‍ക്കാര്‍-സ്വകാര്യ മേഖലയുടെ 'പങ്കുവെക്ക'ലുണ്ട്. അതാണ് കരാര്‍ സംവിധാനത്തിന്റെ നേട്ടം. അതാണ് തിരക്കുപിടിച്ച് ഈ തീര്‍ഥാടന കാലത്തുണ്ടാക്കാന്‍ പോകുന്ന സംവിധാനങ്ങളുടെ പിന്നിലെ താല്‍പര്യവും. 

ഇപ്പോള്‍ തീര്‍ഥാടകര്‍ക്കൊരുക്കുന്ന എല്ലാ സംവിധാനവും താല്‍ക്കാലികമാണ്. ശുചിമുറികള്‍ മുതല്‍... എന്നു പറയുമ്പോള്‍ എല്ലാമായി. കുടിവെള്ള വിതരണം, ആരോഗ്യ പരിപാലനം, വിരിവെക്കല്‍ സംവിധാനം തുടങ്ങി സകലതും കരാര്‍കാരുടെ കൈയിലാകും. 'ആനയ്ക്ക് ആറാട്ട് നന്നാകണമെന്നില്ലാത്തതുപോലെ'യാവും കാര്യങ്ങള്‍. ഇത് പലതരം പ്രശ്‌നങ്ങള്‍ക്കും വഴിതുറക്കാം. കെഎസ്ആര്‍ടിസി ശബരിമല തീര്‍ഥാടന കാലത്ത് സ്‌പെഷ്യല്‍ വണ്ടിയോടിച്ച് പ്രത്യേക അധികനിരക്ക് വാങ്ങി ഭക്തരെ ചൂഷണം ചെയ്യാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇത്തവണ അത് കൂടുതല്‍ ആസൂത്രിതമാകും. കാരണം നിലയ്ക്കല്‍വരെ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കൂ. അവിടുന്ന് പമ്പവരെ 'ആനവണ്ടി'യില്‍ പോകണമെന്നാണ് ചില 'വെള്ളാന'കളുടെ തീരുമാനം. പ്രളയദുരിതം കണക്കിലെടുത്ത് സൗജന്യ യാത്രാ സൗകര്യമൊന്നും സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ കെഎസ്ആര്‍ടിസിയോ ഒരുക്കില്ല. പൊതുവേ ശബരിമലയില്‍ ഭക്ഷണമുള്‍പ്പെടെ എല്ലാ വസ്തുക്കള്‍ക്കും അധികവിലയാണ്. ഇത്തവണ വില 'വായില്‍തോന്നുന്നതല്ലെന്ന്' ഉറപ്പുപറയാന്‍ ആര്‍ക്കുസാധിക്കും. ഒരുപക്ഷേ ഏറ്റവും സംവിധാനം കുറഞ്ഞ ശബരിമല തീര്‍ഥാടനമായിരിക്കും ഇത്. 

ഇത്തരം സാഹചര്യത്തില്‍, ഈ തീര്‍ഥാടനകാലത്ത് ശബരിമലയിലേക്ക് ഭക്തര്‍ പോകരുതെന്നോ വരരുതെന്നോ വിലക്കാന്‍ കഴിയില്ല; വെള്ളപ്പൊക്കത്തില്‍ ബോര്‍ഡ് അങ്ങനെ വിലക്കിയിരുന്നെങ്കിലും. ഉത്തരാഖണ്ഡിലെ പ്രളയത്തെ തുടര്‍ന്ന് 2014 ല്‍ കേദാര്‍നാഥിലേക്കുള്ള വഴി തടസപ്പെട്ടപ്പോള്‍ ആ വര്‍ഷം ക്ഷേത്രത്തിലെ പൂജകള്‍ മുടക്കം കൂടാതെ നടത്തി, എന്നാല്‍ ഭക്തര്‍ക്ക് നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. ശബരിമലയില്‍ അങ്ങനെ നിയന്ത്രണം സാധ്യമാണോ? 

ആത്മീയാചാര്യനായ സ്വാമി ചിദാനന്ദപുരി 'ജന്മഭൂമി'യോടു പറഞ്ഞു,'' ശബരിമലയില്‍ ഇക്കുറി സൗകര്യങ്ങള്‍ കുറവായിരിക്കുമെന്ന് ഉറപ്പാണ്. ബന്ധപ്പെട്ട അധികാരികള്‍ക്ക് ഭക്തരുടെ സൗകര്യം ഇപ്പോഴെന്നല്ല, ഒരു കാലത്തും ഗൗരവമുള്ള വിഷയമല്ല. അപ്പോള്‍ ഈ വര്‍ഷം എല്ലാം ഒപ്പിക്കലാകും. കുറഞ്ഞ സമയംകൊണ്ട് എല്ലാം സ്ഥിരം സംവിധാനം ആക്കാന്‍ കഴിയില്ലെന്നത് സത്യം; താല്‍ക്കാലിക ഏര്‍പ്പാടുകളായിരിക്കും. അതിന്റേതായ എല്ലാ പോരായ്മകളും ഉണ്ടാകും. എന്നാല്‍, അതുകൊണ്ട് ഭക്തര്‍ തീര്‍ഥാടനം ഉപേക്ഷിക്കണമെന്ന് പറയാനാവില്ല. കാരണം, ഈ സൗകര്യങ്ങള്‍ ഒന്നുമില്ലാത്തകാലത്ത് കാടും മലയും പുഴയും കടന്ന് ദുര്‍ഘടമാര്‍ഗത്തിലൂടെ 'കല്ലും മുള്ളും കാലിന് മെത്ത'യായി കണക്കാക്കി അയ്യപ്പദര്‍ശനം നടത്തിയവരാണ് ഭക്തര്‍. അതിനാല്‍ തടസങ്ങളും സൗകര്യക്കുറവും അവര്‍ക്ക് വിഷയമാകില്ല. എന്നാല്‍, അയ്യപ്പഭക്തരുടെ പേരില്‍ ചിലര്‍ ആസൂത്രണം ചെയ്യുന്ന ചൂഷണ പദ്ധതികളില്‍നിന്ന് പിന്മാറണം. സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും അത് തുറന്നുപറയണം. ഭക്തരെ, വിശ്വാസികളെ ചൂഷണം ചെയ്യരുത്. പ്രളയത്തെ തുടര്‍ന്ന് ഇതുവരെയുള്ള എല്ലാ കാര്യങ്ങളിലും പിടിപ്പുകേടും പോരായ്മകളും പരസ്യമായതുകണ്ടാണ് ഇത് പറയുന്നത്.''

ഇത്തവണത്തെ ശബരിമല തീര്‍ഥാടനത്തില്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. കുറ്റമറ്റതാക്കേണ്ടത് അവരുടെ കടുത്ത ചുമതലയാണ്. അപകടങ്ങളില്ലാത്ത, അസൗകര്യങ്ങളില്ലാത്ത സംവിധാനം ഉണ്ടാക്കണം. താല്‍ക്കാലികമെന്ന സമാധാനം പറഞ്ഞ് ഉത്തരവാദിത്തമൊഴിയരുത്. കാരണം പതിവ് ചൂഷണങ്ങള്‍ക്ക് പുറമേ അധികചൂഷണവും കരാര്‍ മാഫിയകള്‍ക്ക് അതിനുള്ള സൗകര്യവും ചെയ്തുകൊടുക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍കരുത്. ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ കൈകെട്ടി നില്‍ക്കരുത്. 'അയ്യപ്പന്‍ നോക്കിക്കൊള്ളു'മെന്ന പ്രസ്താവനയുടെ പിന്നില്‍ ഒളിക്കരുത്. സ്വാമിശരണം, അയ്യപ്പശരണം എന്നാണ് ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന തീര്‍ഥാടക സമൂഹത്തിന്റെയും വിശ്വാസം. പക്ഷേ, മതേതരസര്‍ക്കാര്‍ മത സംവിധാനങ്ങളില്‍ ഇടപെടുമ്പോള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ മറക്കരുത്. അയ്യപ്പന്മാര്‍ അതത് പ്രദേശത്തെ ക്ഷേത്രങ്ങളിലേക്ക് ഇത്തവണ തീര്‍ഥയാത്ര ചുരുക്കിയാല്‍ സംഭവിക്കുന്നത് എന്തായിരിക്കും? കുറഞ്ഞത്, 2000 കോടിയുടെ വരുമാനമോര്‍ത്തെങ്കിലും സര്‍ക്കാര്‍...!!

കാവാലം ശശികുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.