നാം ദൈവത്തിൻ്റെ നാട്ടുകാർ തന്നെ

Tuesday 11 September 2018 3:00 am IST

നമ്പര്‍ വണ്‍ ആണെങ്കില്‍ പിന്നെയെന്ത് പ്രശ്‌നമെന്ന് ചോദിക്കരുത്. നമ്പര്‍ വണ്‍ ആയിപ്പോയി എന്നു കരുതി നമ്പര്‍ ടു, ത്രീ, ഫോര്‍...... അങ്ങനെയങ്ങനെ ഒട്ടേറെ പിന്നെയും കിടക്കുകയാണല്ലോ. എല്ലാവര്‍ക്കും നമ്പര്‍ വണ്‍ ആകാന്‍ പറ്റില്ല. അഥവാ പറ്റിയാല്‍ തന്നെ ആരും അത് സമ്മതിച്ചു തരുമെന്നും കരുതണ്ട. പിന്നെ ഈ നമ്പര്‍ വണ്‍ എന്ന് പറയുമ്പോള്‍, ആര്, എവിടെ, എന്ത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയരാം. 

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടാവണമെന്നില്ല. അല്ലെങ്കില്‍ തന്നെ ചോദ്യം ചോദിക്കുന്നവര്‍ക്കൊക്കെ ഉത്തരം കൊടുക്കണമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഭരണഘടനയില്‍ അങ്ങനെ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ? ഇല്ലല്ലോ. അതുകൊണ്ട് നമ്പര്‍ വണ്‍ ആയാലും അല്ലെങ്കിലും കാര്യം നടക്കണമെങ്കില്‍ അത്യാവശ്യം പിന്നാമ്പുറ കളിയൊക്കേ വേണ്ടിവരും.

പിന്നെ, പറഞ്ഞത് അതേപോലെ ലോകാവസാനം വരെ പാലിക്കണം എന്നൊന്നുമില്ല. അത്തരം ശാഠ്യങ്ങളെ ദുശ്ശാഠ്യങ്ങള്‍ എന്നാണ് പരമാചാര്യന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ബൂര്‍ഷ്വകള്‍ ഒരു കാലത്ത് എങ്ങനെയൊക്കെ കഴിഞ്ഞതായിരുന്നു. ഇന്നത്തെ നിലയോ? ആരാനും സ്വപ്‌നത്തില്‍ കൂടി നിരീച്ചതാണോ ഇതൊക്കെ. അതേപോലെയാണ് സാമ്രാജ്യ കുത്തകകളുടെ അവസ്ഥയും. ഒരു കാലത്ത് എല്ലാം അടക്കി വാണ തമ്പുരാക്കന്മാരായിരുന്നു അവര്‍. ബൂര്‍ഷ്വാ മുതലാളിമാര്‍, കഴുകന്‍ കണ്ണുള്ള കുത്തകകള്‍ എന്നു തുടങ്ങി പേര് ഒട്ടൊക്കെ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. അത് അന്നത്തെ അവസ്ഥ. 

ഇന്ന് അങ്ങനെയല്ല. വാക്കിലും നോക്കിലും സാമ്രാജ്യത്വത്തോളം പോരുന്ന നെഞ്ചൂക്കും തന്റേടവും നമുക്ക് കൈമുതലായുണ്ട്. അങ്ങനെയങ്ങു താണുകൊടുക്കാന്‍ പറ്റില്ല. ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ ഇപ്രകാരം ചെയ്യുകയാണെങ്കില്‍ ശിവ! ശിവ! പിന്നെത്തെ കഥയുണ്ടോ പറയേണ്ടു. ആയതിനാല്‍ സാമ്രാജ്യത്വ ശക്തികള്‍ എന്തൊക്കെ ഏര്‍പ്പാടുകളാണ് നടത്തുന്നത്, അവര്‍ രോഗാണുക്കള്‍ ഉള്‍പ്പെടെയുള്ളവരെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതൊക്കെ അറിയേണ്ടതുണ്ട്. 

അത് ആരെങ്കിലും അറിഞ്ഞുകേട്ട് പറഞ്ഞാലൊന്നും പോര. നേരിട്ട് അറിയുക തന്നെ വേണം. നേര് നേരത്തെ അറിയിക്കുന്ന വിദ്വാന്‍മാര്‍ പലപ്പോഴും നേര്‍വഴിയല്ല പറയുക. അതിന്റെ അനുഭവങ്ങള്‍ ഒരുപാടാണ്.

രോഗം ഭേദമാക്കുക എന്നതിനാണ് മുന്തിയ പരിഗണന. സാമ്രാജ്യത്വ ഡോക്ടര്‍മാര്‍ കണ്ടെത്തിയ വഴിയിലൂടെ പോയാല്‍ സംഗതി എളുപ്പമാണെന്ന് അറിഞ്ഞിട്ടുണ്ട്. സ്വന്തം അപ്പോത്തിക്കിരിക്കാര്‍ കാര്യം ഭംഗിയായി ചെയ്യുമെങ്കിലും അത്രയ്ക്കങ്ങ് വിശ്വസിക്കാന്‍ വയ്യ. ജീവനാണേ, കൈവിട്ട കളിക്ക് നിന്ന് കൊടുത്താല്‍ കൈയടിക്കാന്‍ ആളുണ്ടാവുമെന്നേയുള്ളു. അതുകൊണ്ട് നാട്ടുകാരേ, കൂട്ടുകാരേ, കൂടെയുള്ളവരേ ഒരു ചികിത്സ എന്നു പറഞ്ഞാല്‍ ഒത്തിരി പ്രശ്‌നങ്ങളുള്ള സംഭവമാണ്. രോഗിക്കൊഴികെ മറ്റുള്ളവര്‍ക്കൊക്കെ അതൊരു രസമോ, ഉല്ലാസമോ, കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കാനുള്ള അവസരമോ ഒക്കെയാണ്. എന്നാല്‍ രോഗിക്ക് ജീവന്‍ ജീവന്‍ തന്നെയാണ്. അതിനാല്‍ കൈവിട്ടകളിക്ക് നിന്നുകൊടുക്കാനാവില്ല. 

പിന്നെ നിങ്ങളൊരുപക്ഷേ, ചോദിക്കുമായിരിക്കും. എന്തേ, പകരക്കാരനെ നിശ്ചയിച്ചില്ല. ഇതാ പറയുന്നത്. അധുനാധുന വഴികളെക്കുറിച്ച് ഒരു വിവരവും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ. സൂര്യമണ്ഡലത്തിലേക്ക് ആളെ അയയ്ക്കാന്‍ ലോകം പ്രാപ്തിയിലെത്തിയ കാലമാണ്. അങ്ങനെയുള്ളപ്പോള്‍ 'ഫിസിക്കല്‍ പ്രസന്‍സ്' ഇല്ലെങ്കില്‍ ഭരിക്കാനാവില്ല എന്നാരാനും പറഞ്ഞാല്‍ മുഖവിലക്കെടുക്കാന്‍ പറ്റുമോ? ഒരു സെക്കന്റുകൊണ്ട് ഉത്തരവില്‍ ഒപ്പിടാന്‍ കഴിയുന്ന സംവിധാനം ഉണ്ടായിരിക്കും കാലത്തില്‍ സെക്രട്ടറിയേറ്റില്‍ ചുമ്മാ കുത്തിയിരിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. 

മാറ്റം എന്നത് പറയാന്‍ മാത്രമുള്ളതല്ല. അത് വകതിരിവോടെ പൊതുജനസമക്ഷം കാണിച്ചുകൊടുക്കാന്‍ കൂടിയുള്ളതാണ്. മാത്രവുമല്ല, ശരീരസാന്നിധ്യമുള്ള ഭരണവും അതില്ലാത്തതും തമ്മിലുള്ള വ്യത്യാസം അറിയേണ്ടതല്ലേ? അതുകൊണ്ടാണ് ആര്‍ക്കും അധികാരം തല്‍ക്കാലം കൈമാറാത്തത്. അഥവാ അങ്ങനെ മാറിയാല്‍ എന്തൊക്കെ സംഭവിക്കുമെന്നതിന് എത്രയെത്രയോ തെളിവുകള്‍ മുന്നിലുണ്ടല്ലോ. പിന്നെ ചിറ്റപ്പനോട് സ്വകാര്യമായി സംഗതികളുടെ കിടപ്പുവശം പറഞ്ഞുകൊടുത്തിട്ടുണ്ട്. 

ആരോ എന്തോ പറഞ്ഞതിന് ചിറ്റപ്പനെ മാറ്റി നിര്‍ത്തിയതിന്റെ വിഷമം തിരിച്ചെത്തിച്ചപ്പോഴാണ് തീര്‍ന്നത്.  ആ മനസ്സ് വേദനിപ്പിച്ചതിന് വേണ്ടത്ര കിട്ടി. അതൊക്കെ അവസാനിച്ച് പുതുയുഗപ്പിറവിയിലേക്ക് കാലെടുത്തുവെക്കുകയാണ്. ആരും അലമ്പൊന്നും ഉണ്ടാക്കരുത്. അഥവാ ആരാനും അതിന് തുനിഞ്ഞ് ഇറങ്ങിയാല്‍ ഒറ്റക്കാര്യമേ ഓര്‍മിപ്പിക്കാനുള്ളു:  ''ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല''. തന്നെ, തന്നെ, തമ്പ്രാക്കളേ..

*****************************************                     

കണ്ട നീ നില്‍ക്ക്, കേട്ട ഞാന്‍ പറയട്ടെ എന്നത് ഇന്നോ ഇന്നലെയോ കേട്ട് പരിചയിച്ച ശൈലിയല്ല. ഏതായാലും അതില്‍ എല്ലാമുണ്ട് എന്ന് നമുക്കറിയാം. പ്രളയം നക്കിത്തോര്‍ത്തിയ കേരളത്തിന്റെ ദയനീയചിത്രവും അത്തരം സംഭവങ്ങളുണ്ടാവുമ്പോള്‍ സ്വീകരിക്കേണ്ടതെന്തെന്നും ചര്‍ച്ച ചെയ്യാനായി നിയമസഭ ചേര്‍ന്നു. പലരും സംസാരിച്ചു. ചാറ്റല്‍മഴ പോലും  ഇല്ലാത്ത സ്ഥലങ്ങളിലെ അംഗങ്ങള്‍ വരെ ഘോരഘോരം സംസാരിച്ചു. 

എന്നാല്‍, 'ആരെങ്കിലും ഓടിവരണേ, പതിനായിരങ്ങള്‍ മരിച്ചു പോവുമേ' എന്ന് അലമുറയിട്ട എംഎല്‍എക്കുപോലും ഒരക്ഷരം പറയാന്‍ അവസരം ലഭിച്ചില്ല. ഈ അംഗമാണെങ്കില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടി ഈയടുത്ത് സഭയിലെത്തിയ ആളാണ്. മറ്റൊരാള്‍ ഡാം തുറക്കുന്നതിനു മുമ്പ് വിവരം ജനങ്ങളെ അറിയിച്ചില്ലെന്ന് പരസ്യമായി പറഞ്ഞ അംഗം. പിന്നെയുമൊരാള്‍ ദുരിതാശ്വാസ പ്രവര്‍ത്തനം വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന് പരാതിപ്പെട്ട അംഗം. ഈ മൂവരും പ്രളയത്തിന്റെ രൂക്ഷത അതിന്റെ യഥാര്‍ത്ഥ രീതിയില്‍ അറിഞ്ഞവരാണ്, അനുഭവിച്ചവരാണ്. 

എന്നാല്‍ മൂവരെയും സഭയില്‍ സര്‍വേക്കല്ലുപോലെ കുത്തിനിര്‍ത്താനാണ് ബന്ധപ്പെട്ടവര്‍ ഉത്സാഹിച്ചത്. അതൊരു പക്ഷേ, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് അങ്ങനെയല്ലാത്ത വാദഗതികളൊന്നും ഉയര്‍ന്നുവരേണ്ട എന്നു കരുതിയാവാം. എന്നാല്‍ മറ്റുചിലര്‍ക്ക് വേണ്ടത്ര സമയം കിട്ടി. 

കാട്ടില്‍ ഉരുള്‍പൊട്ടിയത് കയ്യേറ്റം കൊണ്ടാണോ എന്ന് ചോദിച്ചയാള്‍, കായലായാലും തോടായാലും മനുഷ്യന്മാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നതാവണം എന്ന് ശഠിച്ചയാള്‍, മൂന്നാര്‍ മുഴുവന്‍ കയ്യേറിയാലും അവിടെ കയ്യേറ്റം എന്നൊന്ന് ഇല്ലേയെന്ന് കട്ടായം പറയുന്നയാള്‍. ഇത്തരക്കാരുടെ ബഹുവിശേഷത്തോടെയുള്ള ഉദീരണങ്ങളിലെ വെളിച്ചം മാത്രം മതി പ്രളയകാലത്തെ ഇരുട്ട് ഇല്ലാതാവാന്‍ എന്ന് ഭരണ പക്ഷത്തിന് ഉത്തമ ബോദ്ധ്യമുള്ളതിനാല്‍ സര്‍വം ശുഭം. 

എന്നാല്‍ എന്തിനായിരുന്നു മേപ്പടി സഭ ചേര്‍ന്നതെന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ 'ആവോ' എന്ന് മറുപടി. കയ്യേറ്റക്കാര്‍ക്കും കള്ളക്കമ്മട്ടക്കാര്‍ക്കും ചുവപ്പു പരവതാനി വിരിച്ചുകൊടുക്കുകയാണോ എന്ന് സമൂഹം ചോദിച്ചു പോയാല്‍ അതില്‍ വല്ല തെറ്റുമുണ്ടോ ? കയ്യേറ്റം ഒരു പരിധി വരെ എത്തിയപ്പോള്‍ പ്രളയം ഇത്ര കഠോരമായി ആര്‍ത്തലച്ചുവെങ്കില്‍ ഭാവിയിലെ കയ്യേറ്റത്തിന് എന്താവും മറുപടി. 

പിന്നെ ആശ്വസിക്കാന്‍ ഒരു വകയുണ്ടെന്ന് അണിയറിയിലെ ഏതോ കണക്കപ്പിള്ള ഫയലില്‍ കൊറിയിട്ടിട്ടുണ്ടത്രെ. അതിപ്രകാരമാണ് പോല്‍ : 94 കൊല്ലം മുമ്പാണ് ഇമ്മാതിരിയൊരു പ്രളയമുണ്ടായത്. അത്ര കഴിഞ്ഞാലേ ഇനിയുമൊന്ന് ഉണ്ടാവൂ. അന്ന് നമ്മളൊന്നുമുണ്ടാവില്ലല്ലോ. അത് അപ്പോഴുള്ളവര്‍ നോക്കട്ടെ. ശരിക്കും നമ്മള്‍ ഭാഗ്യവാന്മാര്‍. യഥാര്‍ത്ഥ ദൈവത്തിന്റെ നാട്ടുകാര്‍. എല്ലാം മറന്നേക്കു നാട്ടാരേ.....

 കെ മോഹൻദാസ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.