നിരാശപ്പെടരുത്...എല്ലാം അന്വേഷിക്കുന്നുണ്ട്, സിപിഎമ്മിലെ സിഐഡിമാർ

Tuesday 11 September 2018 3:03 am IST

തിരുവനന്തപുരം: ജേക്കബ് വടക്കഞ്ചേരി, ആ പേരു കേട്ടപ്പോള്‍ എന്തൊരു ഉന്മാദമായിരുന്നു കേരളാ പോലീസിന്...എന്തൊരു ഉന്മേഷമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്... തെളിവെടുപ്പിനും മൊഴിയെടുപ്പിനും അത്ര സമയമൊന്നും വേണ്ടി വന്നില്ല. എലിപ്പനിക്ക് നല്‍കുന്ന പ്രതിരോധമരുന്നിനെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയ കേസില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ അറസ്റ്റ്, അകത്താക്കല്‍. ജേക്കബ് വടക്കഞ്ചേരിയുടെ റിമാന്‍ഡ് വാര്‍ത്ത വരുമ്പോള്‍ എറണാകുളത്ത് ഹൈക്കോര്‍ട്ട് ജംങ്ഷനിലെ സമരപ്പന്തലില്‍, പ്രതിഷേധിക്കാന്‍ തീരുമാനിച്ച കന്യാസ്ത്രീകളുടെ കണ്ണീര്‍ വീണിരുന്നു.  വനിതാ സഖാവ് നല്‍കിയ ലൈംഗികാരോപണ പരാതിയില്‍ സിപിഎം എംഎല്‍എ കുറ്റക്കാരനോ എന്നന്വേഷിക്കുന്ന പാര്‍ട്ടിയിലെ രണ്ടു സീനിയര്‍ സിഐഡിമാര്‍ അപ്പോഴും കാലുകുത്തിയിരുന്നില്ല ഷൊര്‍ണൂരില്‍.

കന്യാസ്ത്രീ, ഡിവൈഎഫ്‌ഐ വനിതാ നേതാവ്...അവരെ ഇപ്പോഴും പേരുവിളിക്കാന്‍ വയ്യ. അല്ലെങ്കില്‍ത്തന്നെ അവര്‍ക്കു പേരുകള്‍ എന്തിന്? ഇടതു ഭരണത്തില്‍ കേരളത്തില്‍ നടമാടുന്ന വികൃതമായ നീതി സംവിധാനത്തിന്റെ ഇരകളാണിവര്‍. പീഡനത്തിന്റെ നാളുകളിലേതിനേക്കാള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലേക്ക് കേരളത്തിലെ ഭരണകൂടം അവരെ തള്ളിവിട്ടിരിക്കുന്നു. 

ജേക്കബ് വടക്കഞ്ചേരി ഉള്ളിലായത് എത്രവേഗത്തില്‍.  ആരോഗ്യവകുപ്പിന്റെ പരാതിയെ തുടര്‍ന്ന് മന്ത്രി കെ.കെ. ശൈലജ പോലീസിനോട്  നിര്‍ദേശിച്ചപ്പോള്‍ തന്നെ നടപടി. പീഡനത്തിനിരയായ കന്യാസ്ത്രീയും പാര്‍ട്ടി വനിതാ അംഗവും ഈ സംവിധാനത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടാവില്ല. അവരും ആരോഗ്യമന്ത്രിയോടു പറഞ്ഞാല്‍ മതിയിയാരുന്നു. എങ്കില്‍ പി.കെ.ശശിയും ബിഷ്പ്പ് ഫ്രാങ്കോ മുളയ്ക്കലും എന്നേ അകത്താവുമായിരുന്നു. 

 ബിഷപ്പിനെ അറസ്റ്റു ചെയ്യാത്തതില്‍ ഡിജിപിക്ക് തെറ്റു പറ്റിയിട്ടില്ല. അഥവാ അങ്ങനെ ആരെങ്കിലും പറയുന്നുണ്ടെങ്കില്‍  കേരളത്തിലെ സംവിധാനങ്ങളെക്കുറിച്ച് അറിയില്ലെന്ന് വ്യക്തം. ആഗസ്റ്റ് 14നാണ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന്   കാട്ടി സിപിഎം അംഗം പി.കെ.ശശി എംഎല്‍എയ്‌ക്കെതിരെ യുവതി  പാര്‍ട്ടിക്ക് പരാതി നല്‍കുന്നത്. അന്വേഷണത്തിന് പാര്‍ട്ടി തീരുമാനിച്ചത് 31ന്. ഇതിലേയ്ക്കുള്ള  സിഐഡികളെ തീരുമാനിച്ചതാകട്ടെ സപ്തംബര്‍ ഏഴിനും. അതായത് പരാതിക്കാരിയും ആരോപണ വിധേയനും  സംസ്ഥാനത്തുണ്ടായിട്ട്   പാര്‍ട്ടി അന്വേഷണം തുടങ്ങിയത് ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍.

പാര്‍ട്ടി എംഎല്‍എയുടെ പീഡനം പോലീസിന് കൈമാറേണ്ട പരാതിയല്ലെന്നാണ് കോടിയേരി സഖാവിന്റെ അഭിപ്രായം. എത്ര പീഡനകേസുകളാണ് സംസ്ഥാനത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. നീതി കിട്ടിയാലും ഇല്ലെങ്കിലും കോടതി വരാന്തകള്‍ കയറി ഇറങ്ങുന്ന സമയമെങ്കിലും ലാഭിക്കാം. ഇപ്പോഴാണെങ്കില്‍ നിയമമന്ത്രി ഒപ്പമുണ്ട്. സഹായത്തിനാകട്ടെ പിഡനക്കേസുകള്‍ അന്വേഷിച്ച് മികവ് തെളിയിച്ച കേന്ദ്രകമ്മിറ്റി അംഗവും.  ഏത് പീഡനവും അന്വേഷിക്കും. ഇതിനു മുമ്പ് കിളിരൂര്‍ പീഡനകേസ് അന്വേഷിച്ച് മികവ് കാട്ടിയിട്ടുണ്ട്. നിയമവിദ്യാര്‍ഥികള്‍ തങ്ങളുടെ പാഠ്യപദ്ധതിയില്‍   ഉള്‍പ്പെടുത്തണം  സിപിഎം പീനല്‍കോഡ്. ഇല്ലെങ്കില്‍ ഭാവി കാലം വെറുതെയാകും.

സ്ത്രീകള്‍ക്കെതിരെ അതിക്രമം കാണിക്കുന്നവര്‍ ജയിലില്‍ കിടന്നാണ് പശ്ചാത്തപിക്കേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞിട്ടുണ്ട്.  ഈ അഭിപ്രായത്തെ തെറ്റിദ്ധരിക്കരുത്. പാര്‍ട്ടി ഓഫീസില്‍ ജയില്‍ ഇല്ലാത്തതിനാലാണ് ഇതിനു മുമ്പ് അന്വേഷിച്ച് കുറ്റക്കാരെന്ന് കണ്ടെത്തിയ പാര്‍ട്ടി പീഡന വീരന്മാരെ സസ്‌പെന്‍ഡ് ചെയ്ത് നീതി നടപ്പിലാക്കിയത്. 

അജി ബുധനൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.