ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കുന്നത് ഇടതു-വലത് രാഷ്ട്രീയ മേലാളന്മാർ: ബിജെപി

Tuesday 11 September 2018 3:05 am IST

ന്യൂദല്‍ഹി: സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ മേലാളന്മാരാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോയെ  രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും കേരളത്തില്‍ നിയമവാഴ്ചയുടെ മരണമണി മുഴങ്ങുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. ബിഷപ്പിനെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരും പോലീസും ഒത്താശ ചെയ്യുകയാണ്. 164-ാം വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായി ബിഷപ്പ് പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ മൊഴി നല്‍കിയ കേസില്‍ ഇനിയെന്ത് അന്വേഷണമാണ് ആവശ്യമെന്ന് ശ്രീധരന്‍ പിള്ള ചോദിച്ചു. 

കന്യാസ്ത്രീ ബിഷപ്പിനെതിരെ പത്തുതവണ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്ത് ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കുകയെന്നതാണ് അടുത്ത നടപടി. ഇരയായ കന്യാസ്ത്രീയുടെ മാത്രം മൊഴി മതി ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന്. പ്രാഥമികമായി ചെയ്യേണ്ട ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പോലീസ് തയാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു. സമരരംഗത്തുള്ള കന്യാസ്ത്രീകള്‍ക്ക് ബിജെപി എല്ലാവിധ പിന്തുണയും നല്‍കും.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഒത്താശ നല്‍കുന്ന സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടുകള്‍ നിയമസംവിധാനത്തിലുള്ള സാധാരണക്കാരുടെ വിശ്വാസം തകര്‍ക്കുന്നതാണ്. ഷൊര്‍ണ്ണൂര്‍ എംഎല്‍എ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പരാതി പൂഴ്ത്തിവെച്ചത് സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വമാണ്. മുപ്പതുകളിലെ സ്റ്റാലിന്റെ നാടല്ല കേരളമെന്ന് അവര്‍ ഓര്‍ക്കണം. പാര്‍ട്ടി ഭരണഘടനയല്ല, ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്നതായി തൊണ്ണൂറുകളില്‍ സിപിഎം സത്യവാങ്മൂലം നല്‍കിയത് ഓര്‍മിക്കണമെന്നും ശ്രീധരന്‍ പിള്ള പരിഹസിച്ചു.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.