പോലീസ് എന്തു ചെയ്തു? ആരും നിയമത്തിന് അതീതരല്ല

Tuesday 11 September 2018 3:06 am IST

കൊച്ചി:  ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന ഹര്‍ജികളില്‍ കേസ് അന്വേഷണത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.  ആരും നിയമത്തിന് അതീതരല്ലെന്നും ഇക്കാര്യത്തില്‍ മറിച്ചൊരു ആശങ്ക വേണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേരള കാത്തലിക് ചര്‍ച്ച് റിഫോമേഷന്‍ മൂവ്‌മെന്റ്, മലയാളവേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജികള്‍ ഹൈക്കോടതി വ്യാഴാഴ്ച ഇവ വീണ്ടും പരിഗണിക്കും. 

നേരത്തെ സമാന ആവശ്യം ഉന്നയിച്ച് കേരള കാത്തലിക് ചര്‍ച്ച് റിഫോമേഷന്‍ മൂവ്‌മെന്റ് നല്‍കിയ ഹര്‍ജി പ്രതിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് തീരുമാനിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്ന് വ്യക്തമാക്കി ആഗസ്റ്റ് 13 ന് സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനുശേഷം ഒരുമാസം കഴിഞ്ഞിട്ടും കേസന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയത്. ആഗസ്റ്റ് 13 ലെ ഉത്തരവിനുശേഷം സ്വീകരിച്ച നടപടികള്‍ എന്താണ് ? പീഡനക്കേസുകളിലെ ഇരയെ സംരക്ഷിക്കാന്‍ പദ്ധതി നിലവിലുണ്ടോ ? ഭീഷണിയുണ്ടെന്ന് കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചു ? എന്നീ മൂന്ന് കാര്യങ്ങളിലാണ് സര്‍ക്കാര്‍ വിശദീകരിക്കേണ്ടത്. അഡ്വ. ജോസഫ് റോണി ജോസ് മുഖേനയാണ് ജോര്‍ജ് വട്ടുകുളം ഹര്‍ജി സമര്‍പ്പിച്ചത്.  

പരാതിയില്‍ കന്യാസ്ത്രീയോടു വ്യക്തത തേടിയതിനപ്പുറം അന്വേഷണം പുരോഗമിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. നേരത്തെയുള്ള ഹര്‍ജിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കിയിട്ട് ഒരുമാസം കഴിഞ്ഞെന്ന് ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. 

പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ഒരു എംഎല്‍എ നടത്തിയെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇങ്ങനൊരു പരാതിയുമായി ഇരയാണ് വരേണ്ടതെന്ന് ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നാണ് പരാതി. പോലീസില്‍ പരാതി നല്‍കിയിട്ട് 75 ദിവസം കഴിഞ്ഞിട്ടും ന്യായമായ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയിട്ടില്ലെന്ന് ഹര്‍ജികളില്‍ പറയുന്നു. മാത്രമല്ല, തനിക്ക് ഭീഷണിയുണ്ടെന്ന് കന്യാസ്ത്രീ പരാതി നല്‍കിയിട്ട് കേസെടുത്തിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.