ശശി: തീരുമാനം പിണറായിയുടേത്, പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷം

Tuesday 11 September 2018 3:07 am IST

തൃശൂര്‍: തരംതാഴ്ത്തല്‍, സസ്‌പെന്‍ഷന്‍, നിയമസഭാംഗത്വത്തില്‍ നിന്നുള്ള രാജി, പി.കെ. ശശിക്ക് പാര്‍ട്ടി നടപടി എന്ന നിലയില്‍ നേരിടേണ്ടിവരിക ഇതിലൊന്നാകും. ജില്ലാ സെക്രട്ടേറിയേറ്റംഗവും സിഐടിയു ജില്ലാ പ്രസിഡന്റുമായ പി.കെ. ശശിക്ക് ഈ രണ്ടുസ്ഥാനങ്ങളും നഷ്ടമാകുമെന്നുറപ്പ്. നടപടി തരംതാഴ്ത്തലില്‍ ഒതുങ്ങിയാല്‍ ശശിക്ക് ബ്രാഞ്ച് കമ്മിറ്റിയിലോ ലോക്കല്‍ കമ്മിറ്റിയിലോ എത്താം. 

ലൈംഗിക ആരോപണത്തില്‍പ്പെട്ട എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. ആ കേസില്‍ ഉള്‍പ്പെട്ട വനിതാ സഖാവിന് പരാതി ഉണ്ടായിരുന്നില്ല. ശശിയുടെ കേസില്‍ അങ്ങിനെയല്ല. വനിതാ സഖാവ് പരാതിയില്‍ ഉറച്ചു നിന്നാല്‍ നടപടി സസ്‌പെന്‍ഷനിലേക്കു നീങ്ങാം. സമാനമായ കേസില്‍ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയ പി. ശശിയെ അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 

പി. ശശി പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെത്തി. ഗോപി കോട്ടമുറിക്കല്‍ സംസ്ഥാനക്കമ്മിറ്റിയിലുമെത്തി. ഇരുവരെയും സഹായിച്ചതാകട്ടെ പിണറായി വിജയനും. പി.കെ. ശശിയുടെ കാര്യത്തിലും അന്തിമ തീരുമാനം പിണറായിയുടേതാകും.  ഈ മാസം 25ന് മുന്‍പ് അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അമേരിക്കയില്‍ നിന്ന് പിണറായി വിജയന്‍ തിരിച്ചെത്തിയാലുടന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് നേതൃത്വം വ്യക്തമാക്കുന്നു. എംഎല്‍എ സ്ഥാനത്തുനിന്ന് രാജിവെക്കാനും ആവശ്യപ്പെട്ടേക്കും. 

അതിനിടെ ബിഷപ്പ് ഫ്രാങ്കോക്കെതിരായ കേസിലും പി.കെ. ശശി വിഷയത്തിലും സിപിഎം നേതൃത്വത്തില്‍ ഭിന്നത രൂക്ഷമാവുകയാണ്. രണ്ടു കേസുകളിലും പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും നിലപാട് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. വി.എസ്. അച്യുതാനന്ദന്‍, എം.എ. ബേബി തുടങ്ങിയവരും പരസ്യ പ്രതികരണത്തിലൂടെ ഇക്കാര്യം പ്രകടിപ്പിക്കുന്നു. 

ബിഷപ്പിനെതിരായ നിയമ നടപടി വൈകുന്നതിലും പി.കെ. ശശിയോട് നേതൃത്വത്തിലെ ചിലര്‍ പുലര്‍ത്തുന്ന മൃദുസമീപനത്തിലും അമര്‍ഷം വ്യക്തമാക്കി പിബി അംഗം എം.എ. ബേബി ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ശശിക്കെതിരായ പരാതി ഗൗരവമുള്ളതാണെന്നും പരാതിക്കാരി അനുവദിച്ചാല്‍ പോലീസിന് കൈമാറുമെന്നും ബേബി പോസ്റ്റില്‍ പറഞ്ഞു. കേസ് പോലീസ് അന്വേഷിക്കേണ്ടതില്ല എന്നായിരുന്നു കോടിയേരിയുടെയും സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും നിലപാട്. വനിതാ സഖാവാണ് പരാതിക്കാരിയെന്നും ബേബി വ്യക്തമാക്കി. സെക്രട്ടേറിയറ്റ് പുറത്തിറക്കിയ കുറിപ്പില്‍ ഒരു യുവതി എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കേസില്‍ നടപടി വൈകുന്നത് നാണക്കേടാണെന്നും സര്‍ക്കാരും പോലീസും ഉടന്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എ. ബേബി പറയുന്നു. 

ടി.എസ്. നീലാംബരന്‍  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.