പി.സി ജോര്‍ജ് നേരിട്ട് ഹാജരാകണം - ദേശീയ വനിതാ കമ്മിഷന്‍

Tuesday 11 September 2018 10:00 am IST
കോട്ടയത്ത് നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തിലായിരുന്നു കന്യാസ്ത്രീക്കെതിരെ ജോര്‍ജ്ജ് അധിക്ഷേപമരായ പരാമര്‍ശം നടത്തിയത്. ഈ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചായിരുന്നു വനിതാ കമ്മീഷന്റെ നടപടി.

ന്യൂദല്‍ഹി: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പിസി ജോർജ് എംഎൽഎയ്ക്ക് ദേശീയ വനിതാ കമ്മിഷൻ സമൻസ് അയച്ചു. ജോർജ്ജ് ഈ മാസം 20ന് നേരിട്ടു ഹാജരായി വിശദീകരണം നൽണമെന്ന് കമ്മിഷൻ  ഉത്തരവിട്ടു.

കോട്ടയത്ത് നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തിലായിരുന്നു കന്യാസ്ത്രീക്കെതിരെ ജോര്‍ജ്ജ് അധിക്ഷേപമരായ പരാമര്‍ശം നടത്തിയത്. ഈ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചായിരുന്നു വനിതാ കമ്മീഷന്റെ നടപടി. എന്നാല്‍ വനിതാകമ്മീഷന്റെ നിര്‍ദ്ദേശത്തെ പരിഹാസ പൂര്‍വ്വമായിട്ടായിരുന്നു പിസി ജോര്‍ജ്ജ് നേരിട്ടത്. വനിതാ കമ്മീഷനല്ല പ്രധാനമന്ത്രി പറഞ്ഞാലും പേടിക്കില്ലെന്നും യാത്രാബത്ത നല്‍കിയാല്‍ അങ്ങോട്ട് വരാം ഇല്ലെങ്കില്‍ വനിതാ കമ്മീഷന്‍ ഇങ്ങോട്ട് വരട്ടെ എന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ മറുപടി. 

ദേശീയ വനിതാ കമ്മീഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മീഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോയെന്നും ജോര്‍ജ്ജ് ആവര്‍ത്തിച്ചു. വനിതാ കമ്മീഷന്റേത് ഉത്തരവല്ല. അവര്‍ക്ക് എനിക്കെതിരെ കേസ് എടുക്കാനാവില്ലെന്നും പി.സി പറയുന്നു. എന്നാല്‍ വനിതാ കമ്മീഷന്‍ നിയമപരമായി നീങ്ങിയാല്‍ ജോര്‍ജ്ജിന് കിട്ടുക എട്ടിന്റെ പണിയായിരിക്കുമെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ പോലീസിനോട് ആവശ്യപ്പെടാനുള്ള അധികാരവും വനിതാ കമ്മീഷനുണ്ട്. പിസി ജോര്‍ജ്ജ് ജനപ്രതിനിധിയും രാഷ്ട്രീയപാര്‍ട്ടി ഭാരവാഹിയുമായതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീനു പരാതി നല്‍കാനും സാധിക്കും. അതിനിടെ പിസി ജോര്‍ജ്ജിനെതിരെ കൈക്കൂലി ആരോപണവുമായി പരാതിക്കാരിയാ കന്യാസ്ത്രീയുടെ സഹോദരന്‍ രംഗത്തെത്തി. ജലന്ധര്‍ ബിഷപ്പിന്റെ കയ്യില്‍ നിന്നും പണം വാങ്ങിയാണ് പിസി ജോര്‍ജ്ജ് കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് സഹോദരന്‍ ആരോപിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.