സര്‍ക്കാരിന്റെ നീതി നിഷേധം: കന്യാസ്ത്രീകള്‍ യെച്ചൂരിക്ക് പരാതി നല്‍കി

Tuesday 11 September 2018 11:09 am IST
കേസില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് യെച്ചൂരിയോട് കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ സിപി‌എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കി. സര്‍ക്കാര്‍ തങ്ങളെ അവഗണിക്കുകയാണെന്ന് പരാതിയില്‍ കന്യാസ്ത്രീകള്‍ ചൂണ്ടിക്കാട്ടി.

കേസില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് യെച്ചൂരിയോട് കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സമരത്തെ പിന്തുണച്ച്‌ കൂടുതല്‍ സാമൂഹിക സംഘടനകളും രാഷ്ട്രീയ പ്രവര്‍ത്തകരും മുന്നോട്ടുവന്നതോടെ കഴിഞ്ഞ ദിവസം 'സേവ് അവര്‍ സിസ്റ്റേഴ്സ്' (എസ്.ഒ.എസ്) എന്ന പേരില്‍ പുതിയൊരു ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഫാ. അഗസ്റ്റിന്‍ വട്ടോളിയെ ജനറല്‍ കണ്‍വീനറാക്കി നൂറ്റൊന്ന് സമരസമിതി അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്. 

സമരം നടത്തുന്ന കന്യാസ്ത്രീകള്‍ നിരപരാധിയെ ക്രൂശിക്കുകയാണെന്ന സന്ന്യാസ സഭയുടെ പരാമര്‍ശത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്താലും സമരം അവസാനിപ്പിക്കില്ലെന്നും സമരത്തിനിറങ്ങിയ ആറ് കന്യാസ്ത്രീകളുടേയും മുന്നോട്ടുള്ള ജീവിതത്തിന് സന്യാസസഭ പൂര്‍ണമായ സുരക്ഷ ഉറപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. 

ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും പിന്നോട്ടേക്കില്ലെന്നും എസ്.ഒ.എസ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്നലെ സമരവേദിയില്‍ എത്താതിരുന്ന കന്യാസ്ത്രീകള്‍ ഇന്ന് വീണ്ടും സമരപന്തലിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സമരത്തിന്റെ ഭാഗമായി കൂടുതല്‍ ബഹുജന പിന്തുണ ഉറപ്പാക്കാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സിലാണ് ആദ്യം മുതല്‍ സമരത്തിന് നേതൃത്വം നല്‍കി വന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.