അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സൈന്യം വധിച്ചു

Tuesday 11 September 2018 11:11 am IST

ശ്രീനഗര്‍:  ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട്  ഭീകരരെ വധിച്ചു. കുപ്‌വാരയിലെ ഗുലൂര പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.  കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്ന  സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവര്‍ ഏതു ഭീകരസംഘടനയില്‍പ്പെട്ടവരാണെന്നും വ്യക്തമല്ലെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

കുപ്‌വാരയില്‍ ഭീകരരുടെ സാന്നിധ്യമുള്ളതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശം വളഞ്ഞ് സൈനിക ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണു വെടിവയ്പ്പ് ഉണ്ടായത്. പരിശോധനക്കിടെ ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഞായറാഴ്ച കുപ്‌വാരയിലെ കര്‍ന ഏരിയയില്‍ നിന്ന് ഭീകരര്‍ എന്നു സംശയിക്കുന്ന മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.