ഒന്നരലക്ഷം സൈനികരെ കുറച്ച് 7000 കോടിയുടെ ആയുധം വാങ്ങാന്‍ ആലോചന

Tuesday 11 September 2018 11:43 am IST

ന്യൂദല്‍ഹി: തൊഴിലവസരങ്ങള്‍ കുറച്ച് സാങ്കേതിക മികവ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ കരസേന. സാങ്കേതിക വിദ്യയുടെ ഇക്കാലത്ത് മികച്ച ആയുധങ്ങളും സജീകരണങ്ങളുമാണ് ആളുകളേക്കാളേറെ വേണ്ടതെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങള്‍ വരുത്താന്‍ സേന തയ്യാറെടുക്കുന്നത്.

നിലവില്‍ 12 ലക്ഷത്തോളം സൈനികരാണ് കരസേനയിലുള്ളത്. അഞ്ചുവര്‍ഷം കൊണ്ട് ഇതില്‍ നിന്നും ഒന്നരലക്ഷം മുതല്‍ രണ്ടു ലക്ഷം പേരെ കുറയ്ക്കാനാണ് തീരുമാനം. ഇതുവഴി 5000 മുതല്‍ 7000 കോടി രൂപവരെ ലാഭിക്കാനാവുമെന്നും ഈ തുക അത്യാധുനിക ആയുധങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കാമെന്നുമാണ് സൈനികനേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.

ആധുനീകരണത്തിന് വേണ്ടി നിലവില്‍ ലഭിക്കുന്ന തുക പര്യാപ്തമല്ലെന്ന് സൈന്യം നേരത്തെ പരാതിപ്പെട്ടിരുന്നു. പ്രതിരോധ ബജറ്റായി നീക്കിവെച്ചിട്ടുള്ള 1.28 ലക്ഷം കോടി രൂപയില്‍ 83 ശതമാനവും ശമ്പളം നല്‍കാനും നിത്യ ചെലവിനുമായാണ് ഉപയോഗിക്കുന്നത്. സൈനികരുടെ പെന്‍ഷന്‍ തുക മാറ്റി നിര്‍ത്തിയാണ് ഈ കണക്ക്. ബജറ്റിന്റെ 17 ശതമാനം, അതായത് ഏകദേശം 26,826 കോടി രൂപയാണ് മൂലധനചെലവായി ലഭിക്കുന്നത്. ഇത് അപര്യാപ്തമാണെന്ന് അധികൃതര്‍ പറയുന്നു.

വര്‍ഷംതോറും ഏതാണ്ട് 60,000 പേര്‍ സൈന്യത്തില്‍ നിന്ന് വിരമിക്കുന്നുണ്ട്. പുതുതായി നിയമിക്കുന്നവരുടെ എണ്ണം കുറച്ചാണ് സൈന്യത്തിന്റെ വലുപ്പം കുറയ്ക്കുക. വിവിധ വിഭാഗങ്ങള്‍ സംയോജിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ഇത്തരം കാര്യങ്ങള്‍ പഠിക്കാന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് നിര്‍ദേശം നല്‍കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാര്‍ഗില്‍ യുദ്ധത്തിനു മുമ്പ് 1998-ലാണ് അവസാനമായി സൈനികബലം വെട്ടിക്കുറച്ചത്. അന്നത്തെ കരസേനാ മേധാവിയായിരുന്ന ജനറല്‍ വി.പി. മാലികിന്റേതായിരുന്നു തീരുമാനം. 50,000 സെനികരെയാണ് അന്ന് ഒഴിവാക്കിയത്. നവീകരണം കരസേനാ ആസ്ഥാനത്തു നിന്നുതന്നെ തുടങ്ങാനാണ് റാവത്തിന്റെ തീരുമാനം.

ഒരേ സ്വഭാവമുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ട്രെയിനിങ്ങിന്റെ ഏതാനും ചുമതലകള്‍ സിംല ട്രെയിനിങ് കമാന്‍ഡിനെയും ബാക്കിയുള്ളവ കോംബാറ്റ് എന്‍ജിനീയറിങ് ഡയറക്ടറേറ്റിനും കൈമാറിയേക്കും. ഇന്‍ഫര്‍മേഷന്‍ വാര്‍ഫെയര്‍ വിഭാഗവും പൊതുവിവരവിഭാഗവും സംയോജിപ്പിക്കാനും നീക്കമുണ്ട്.

വെപ്പണ്‍, എക്വിപ്‌മെന്റ്, പോളിസി പ്ലാനിങ് ഡയറക്ടറേറ്റുകള്‍ തമ്മില്‍ സംയോജിപ്പിക്കുന്നതും പരിഗണിച്ചേക്കും. എന്‍ജിനീയറിങ് സിഗ്‌നല്‍ റെജിമെന്റ്, ഓപ്പറേറ്റിങ് സിഗ്‌നല്‍ റെജിമെന്റ് എന്നിവ സംയോജിപ്പിച്ച് 8000-ത്തോളം തസ്തികകള്‍ കുറയ്ക്കാനും ആലോചനയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.